യൂറോപ്പില്‍ ഒഴികെ എല്ലായിടത്തും കോവിഡ് കേസുകള്‍ കുറയുന്നു: മൂന്നിൽ രണ്ട് രോഗികളും യൂറോപ്പില്‍
ലണ്ടന്‍: കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ യൂറോപ്പിൽ കൊറോണ വൈറസ് മരണങ്ങൾ 10 ശതമാനം വർദ്ധിച്ചുവെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ കോവിഡ് -19 കേസുകളും മരണങ്ങളും ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഏക മേഖല യൂറോപ്പാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തുടർച്ചയായ ആറാമത്തെ ആഴ്ചയാണ് യൂറോപ്പില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നത്. കോവിഡിനെക്കുറിച്ചുള്ള പ്രതിവാര റിപ്പോർട്ടിൽ, ആഗോളതലത്തിൽ ഏകദേശം 3.1 ദശലക്ഷം പുതിയ കേസുകൾ ഉണ്ടെന്നാണ് യുഎൻ ആരോഗ്യ ഏജൻസി വ്യക്തമാക്കുന്നത്. ആകെ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ആഴ്‌ചയേക്കാൾ 1 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
നിലവിലെ കൊറോണ വൈറസ് അണുബാധയുടെ മൂന്നിൽ രണ്ട് ഭാഗവും( -1.9 ദശലക്ഷം) യൂറോപ്പിലാണ്. കേസുകളുടെ എണ്ണത്തില്‍ 7 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം പുതിയ കേസുകളുള്ള രാജ്യങ്ങൾ അമേരിക്ക, റഷ്യ, ബ്രിട്ടൻ, തുർക്കി, ജർമ്മനി എന്നിവയാണ്. പ്രതിവാര കോവിഡ് മരണങ്ങളുടെ എണ്ണം ലോകമെമ്പാടും ഏകദേശം 4 ശതമാനം കുറയുകയും. എന്നാല്‍ യൂറോപ്പില്‍ മാത്രം മരണങ്ങളില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല.

റഷ്യ ഉൾപ്പെടുന്നതും മധ്യേഷ്യ വരെ വ്യാപിച്ചുകിടക്കുന്നതുമായ യൂറോപ്യൻ മേഖലയിലെ 61 രാജ്യങ്ങളിൽ 42 ശതമാനവും കഴിഞ്ഞ ആഴ്‌ചയിൽ കുറഞ്ഞത് 10 ശതമാനമെങ്കിലും കേസുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജര്‍മ്മനിയില്‍ മാത്രം വ്യാഴാഴ്ച 50,196 പുതിയ കൊറോണ വൈറസ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. തുടർച്ചയായ നാലാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ പുതിയ പ്രതിദിന ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്നത്. മരണപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. കോവിഡിന്റെ പുതിയ തരംഗമായിട്ടാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധര്‍ ഇതിനെ കാണുന്നത്. റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ കണക്കനുസരിച്ച് രാജ്യത്ത് സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ ആകെ എണ്ണം ഇപ്പോൾ 4.89 മില്യനാണ്.
കോവിഡ് മഹാമാരിയുടെ തുടക്കത്തിനുശേഷം ജർമ്മനിയില്‍ 50,000 കേസുകൾ കവിയുന്നത് ഇതാദ്യമായാണ്, ഒക്ടോബർ പകുതി മുതലാണ് അണുബാധകളും മരണങ്ങളും കുതിച്ചുയരാന്‍ തുടങ്ങിയത്. അതേസമയം, അമേരിക്കയിൽ, പുതിയ പ്രതിവാര കേസുകൾ 5 ശതമാനവും മരണങ്ങൾ 14 ശതമാനം കുറയുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് വാക്സിന്‍ വിതരണവും ശക്തമായ രീതിയില്‍ തന്നെ നടക്കുന്നുണ്ട്.












Click it and Unblock the Notifications