നിതാഖാത്തിനേക്കാള്‍ ഭീകരം; 25 ശതമാനം പ്രവാസികള്‍ തൊഴില്‍ നഷ്ടമായവര്‍, മടക്കവും അനിശ്ചിതത്വത്തില്‍
ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിവിധ വിദേശ രാജ്യങ്ങളില്‍ അകപ്പെട്ടുപോയ ഇന്ത്യക്കാരു മടക്കം നാളെ മുതല്‍ ആരംഭിക്കും. രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്നത്. എയർ ഇന്ത്യ എക്‍സ്പ്രസിനാണ് കേരളത്തിലേക്കുള്ള സർവ്വീസിന്‍റെ ചുമതല. കപ്പല്‍ മാര്‍ഗ്ഗവും ഗള്‍ഫില്‍ നിന്ന് പ്രവാസികളെ ഒഴിപ്പിക്കുന്നുണ്ട്.
1990 ലെ കുവൈത്ത് യുദ്ധകാലത്തിന് ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗദ്യത്തിനാവും വരും ദിവസങ്ങളില്‍ രാജ്യം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. നാട്ടിലേക്ക് തിരികെയെത്തിയാലും വലിയ പ്രതിസന്ധിയാണ് പ്രവാസികള്‍ അഭിമുഖീകരിക്കാന്‍ പോവുന്നത്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്ന നാലിലൊന്ന് മലയാളികളും തൊഴില്‍ നഷ്ടപ്പെട്ടവരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ഒരു ലക്ഷത്തോളം
നിതാഖാത്ത് മൂലം ജോലി നഷ്ടപ്പെട്ട മലയാളികള്‍ പൊതുമാപ്പിലൂടെ 2013 ല്‍ സൗദിയില്‍ നിന്നും മടങ്ങിയിരുന്നു. ഇതിന് സമാനമോ കൂടുതലോ ആയ സാഹചര്യമാണ് മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലും നിലവില്‍ ഉള്ളത്. നിതാഖാത്ത് മൂലം ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും മലയാളികളായിരുന്നു.

തൊഴില്‍ നഷ്ടം
സ്വദേശിവത്കരണത്തിന്‍റെ ഭാഗമായി അന്നുണ്ടായതിനേക്കാള്‍ രൂക്ഷമായ തൊഴില്‍ നഷ്ട സാഹചര്യമാണ് ഗള്‍ഫ് രാജ്യങ്ങള്‍ കൊറോണ വൈറസ് പ്രതിസന്ധി മൂലം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. എണ്ണവിലയിലെ ഇടിവ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. നിരവധി സ്ഥാപനങ്ങളാണ് ഇതിനോടകം അടച്ചു പൂട്ടിയത്. കമ്പനികള്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്.

തിരിച്ചുവരേണ്ട
ലോക്ക് ഡൗണിന് മുമ്പ് നാട്ടിലേക്ക് അവധിക്ക് വന്ന പലരോടും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തിരിച്ചുവരേണ്ടെന്ന് നിര്‍ദ്ദേശിച്ച കമ്പനികളുമുണ്ട്. യുഎഇ, സൗദി അറേബ്യ, ഒമാന്‍ രാജ്യങ്ങളിലാണ് ഏറ്റവുമധികം തൊഴില്‍ നഷ്ടമുണ്ടായത്. നാട്ടിലേക്ക് മടങ്ങള്‍ നോര്‍ക്ക വഴി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാലരലക്ഷം പ്രവാസി മലയാളികളാണ്. ഇതില്‍ 61,009 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരോ വിസാ കാലാവധി കഴിഞ്ഞവരോ ആണ്.

25 ശതമാനം
എന്നാല്‍ ജിസിസിയില്‍ നിന്നുള്ള പ്രവാസികളില്‍ 25 ശതമാനം പേരും തൊഴില്‍ നഷ്ടപ്പെട്ട് വരുന്നവരാണെന്നാണ് സന്നദ്ധ സംഘടനകളുടെ കണക്ക് വ്യക്തമാക്കുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും സമയം എടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളുടെ ജിഡിപി 0.6 ശതമാനത്തിലേക്ക് താഴുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ടൂറിസം മേഖലയിലും വലിയ തിരിച്ചടിയാണ് കൊറോണ വരുത്തിവെച്ചത്.

പ്രതിസന്ധികള്‍
ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിനായി ശരാശരി രണ്ടുകോടി ആളുകളാണ് വർഷം സൗദിയിലെത്തുന്നത്. ഉംറ തീര്‍ത്ഥാടനത്തിന് നേരത്തെ വിലക്ക് കല്‍പ്പിച്ചിരുന്നു. ഹജ്ജിന് ഏത് വിധത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ശരാശരി 17 ദശലക്ഷം പേരാണ് യുഎഇ യിലെത്തുന്ന സഞ്ചാരികൾ. കൊറോണയെ തുടര്‍ന്ന് ഇത് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്.

പ്രതീക്ഷ
നിയന്ത്രണങ്ങള്‍ മാറിയാല്‍ വീണ്ടും തൊഴില്‍ തേടി ഗള്‍ഫിലേക്ക് പറക്കാനാകുമെന്നാണ് പലരുടേയും പ്രതീക്ഷ. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത് എത്രത്തോളം പ്രവാര്‍ത്തികമാവുമെന്ന് കണ്ടറിയണം. താല്‍ക്കാലികമായെങ്കില്‍ ഇവരുടെ ഗള്‍ഫ് മോഹങ്ങള്‍ പൂവണിയാന്‍ സാധ്യതയില്ല. നാട്ടിലേക്ക് വരാതെ പരമാവധി ഗള്‍ഫില്‍ തന്നെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന പ്രവാസികളുമുണ്ട്.
Recommended Video

അനുമതി ലഭിച്ചില്ല
അതേസമയം, ഗള്‍ഫില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി അയച്ചിരിക്കുന്ന ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ ദുബായ് തീരത്ത് അടുപ്പിക്കുന്നതില്‍ ആശയ കുഴപ്പം തുടരുകയാണ്. വ്യാഴാഴ്ചയോടെ കപ്പലുകള്‍ ദുബായില്‍ എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന അറിയിപ്പ്. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കപ്പലുകള്‍ തുറമുഖത്ത് അടുപ്പിക്കുന്നതിന് യുഎഇ സര്‍ക്കാറിന്‍റെ അനുമതി ലഭിക്കാത്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.












Click it and Unblock the Notifications