സൗദി അറേബ്യ, കുവൈത്ത് ഉള്‍പ്പെടെ 4 രാജ്യങ്ങളില്‍ നിന്ന് എണ്ണ; ഇന്ത്യ ട്രാക്ക് മാറ്റി, ചെലവ് കൂടും
ദുബായ്: റഷ്യയുടെ രണ്ട് എണ്ണ കമ്പനികള്‍ക്കെതിരെ അമേരിക്ക ചുമത്തിയ ഉപരോധം വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരികയാണ്. റോസ്‌നെഫ്റ്റ്, ലുക്കോയില്‍ എന്നീ കമ്പനികള്‍ക്കെതിരെയാണ് നടപടി. ഇവരില്‍ നിന്നാണ് ഇന്ത്യന്‍ കമ്പനികള്‍ പ്രധാനമായും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നത്. ഇനി മുതല്‍ വാങ്ങാന്‍ പറ്റാത്ത സാഹചര്യമായി.
ഇന്ത്യയുടെ ഏഴില്‍ അഞ്ച് എണ്ണ കമ്പനികളും റഷ്യയുടെ ക്രൂഡ് വാങ്ങുന്നത് കുറച്ചിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇതില്‍പ്പെടും. അതേസമയം, ചില എണ്ണ കമ്പനികള്‍ മറ്റു റഷ്യന്‍ കമ്പനികളില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരും. 2022ല്‍ രണ്ട് ശതമാനമായിരുന്ന റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി ഇപ്പോള്‍ 40 ശതമാനത്തിന് അടുത്താണ്. ഇനി മുതല്‍ വലിയ തോതില്‍ കുറയും. ബദല്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ക്രൂഡ് ഓയിലിന് വേണ്ടി ഇന്ത്യന്‍ എണ്ണ കമ്പനികള്‍ നേരത്തെ ആശ്രയിച്ചിരുന്നത് പശ്ചിമേഷ്യയിലെ രാജ്യങ്ങളെ ആയിരുന്നു. പഴയ തട്ടകത്തിലേക്ക് തന്നെ ഇന്ത്യന്‍ കമ്പനികള്‍ എത്തുന്നു എന്നാണ് പുതിയ വാര്‍ത്ത. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ബുക്കിങ് വലിയ തോതില്‍ കൂടിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആഴ്ച മാത്രം 12 എണ്ണ ടാങ്കറുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ഇന്ത്യയിലേക്കും ചൈനയിലേക്കുമുള്ള ക്രൂഡ് ഓയില്‍ ആകുമിത് എന്നാണ് കരുതുന്നത്. വെരി ലാര്‍ജ് ക്രൂഡ് കരിയേഴ്‌സ് എന്ന സൂപ്പര്‍ ടാങ്കറുകളും ചെറിയ സൂയസ് മാക്‌സ് ടാങ്കറുകളും ഇതില്‍പ്പെടും.
നവംബര്‍ അവസാനത്തിലും ഡിസംബറിലുമായിരിക്കും ഈ എണ്ണ ടാങ്കറുകള്‍ ഇന്ത്യയിലും ചൈനയിലുമെത്തുക. ഇന്ത്യ ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്ന് എണ്ണ കമ്പനികള്‍ നിരീക്ഷിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. പ്രധാന വിപണി ആയതിനാല്‍ ഇന്ത്യയുടെ നിലപാട് എല്ലാ കമ്പനികളും ഉറ്റുനോക്കുകയാണ്.
ചരക്കുകടത്ത് കൂടി
ആവശ്യക്കാര്‍ കൂടിയതോടെ എണ്ണ ടാങ്കറുകള്‍ ചരക്കുകടത്ത് കൂലി കൂട്ടി. പശ്ചിമേഷ്യയില്‍ നിന്ന് വരുന്ന എണ്ണ ടാങ്കറുകളില്‍ അഞ്ച് വര്‍ഷത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ചരക്കുകൂലി. 2022 വരെ ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയിലിന് വേണ്ടി ആശ്രയിച്ചിരുന്നത് ഇറാഖിനെയും സൗദി അറേബ്യയെയുമായിരുന്നു. പിന്നീടാണ് റഷ്യ ഒന്നാം സ്ഥാനത്തെത്തിയത്.
പുതിയ സാഹചര്യത്തില്‍ റഷ്യ പദവിയില്‍ താഴോട്ട് പോകാനാണ് സാധ്യത. പകരം ഏതൊക്കെ രാജ്യങ്ങള്‍ കയറിവരുമെന്നതും നിര്‍ണായകമാണ്. അമേരിക്കയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങിയേക്കും. നിലവില്‍ വാതകം കൂടുതല്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. അമേരിക്കയുമായി പുതിയ വാതക കരാറും ഒപ്പുവച്ചു. കൂടാതെ ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലേയും രാജ്യങ്ങളെ ഇന്ത്യ ആശ്രയിച്ചേക്കും.












Click it and Unblock the Notifications