'പുടിനെ ശരിക്കറിയാം, പുടിൻ ഒരു ജീനിയസ് ആണ്', റഷ്യൻ പ്രസിഡണ്ടിനെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടണ്‍: യുക്രൈന് മേലുളള റഷ്യന്‍ കടന്നുകയറ്റത്തെ പ്രകീര്‍ത്തിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപ്.
റഷ്യൻ പ്രസിഡണ്ട് വ്ളാദമിർ പുടിന്‍ ഒരു ജീനിയസ് ആണെന്ന് ട്രംപ് പുകഴ്ത്തി. ദ ക്ലേ ട്രാവിസ് ആന്റ് ബക് സെക്സ്റ്റണ്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. താന്‍ ആയിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് എങ്കില്‍ ഈ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നു എന്നും ട്രംപ് പറഞ്ഞു.
ടെലിവിഷനിലൂടെയാണ് താന്‍ ഇക്കാര്യം അറിഞ്ഞത്. യുക്രൈന്റെ കിഴക്കന്‍ ഭാഗത്തുളള രണ്ട് മേഖലകളെ പുടിന്‍ സ്വതന്ത്രമായി പ്രഖ്യാപിച്ചു. അത് അതിശയിപ്പിക്കുന്ന നീക്കമായിരുന്നു എന്ന് ട്രംപ് പറഞ്ഞു. പുടിന്റെ തന്ത്രങ്ങള്‍ മികച്ചമാണ് എന്നും അമേരിക്കയ്ക്ക് മെക്‌സിക്കോ അതിര്‍ത്തിയില്‍ അവ പരീക്ഷിക്കാവുന്നതാണ് എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

കൃത്യമായി കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ യുക്രൈനില്‍ ഇപ്പോഴുളളത് പോലുളള ഒരു പ്രതിസന്ധി സൃഷ്ടിക്കപ്പെടില്ലായിരുന്നു. വ്‌ളാദമിര്‍ പുടിനെ തനിക്ക് വളരെ നന്നായി അറിയാം. ഇപ്പോള്‍ പുടിന്‍ ചെയ്യുന്നത് ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ഒരിക്കലും ചെയ്യില്ലായിരുന്നു. ഇപ്പോള്‍ പ്രശ്‌നം ആരംഭിച്ചിരിക്കുകയാണ്. എണ്ണ വില കൂടുതല്‍ ഉയരത്തിലേക്ക് പോകും. പുടിന് അദ്ദേഹത്തിന് എക്കാലത്തും വേണ്ടിയിരുന്നത് കിട്ടുകയാണ്. മാത്രമല്ല എണ്ണ വിലയും വാതക വിലയും ഉയരുന്നതോടെ രാജ്യം സാമ്പത്തിക നേട്ടവും ഉണ്ടാക്കാന്‍ പോവുകയാണ് എന്നും ട്രംപ് പറഞ്ഞു.
അതേസമയം ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തിന് എതിരെ മുന്‍ വൈറ്റ് ഹൈസ് റഷ്യ വക്താവ് ഫിയോന ഹില്‍ രംഗത്ത് എത്തി. ട്രംപിന്റെ വിദേശ നയം സ്വാര്‍ത്ഥ താല്‍പര്യങ്ങളോട് കൂടിയത് ആയിരുന്നുവെന്നും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ അല്ല പരിഗണിക്കപ്പെട്ടിരുന്നത് എന്നും ഫിയോന ഹില്‍ സിഎന്‍എന്നിനോട് പ്രതികരിച്ചു. ട്രംപിന് ഒരിക്കലും ടീം അമേരിക്ക എന്ന പരിഗണന ഉണ്ടായിരുന്നില്ല. അമേരിക്കയുടെ താല്‍പര്യത്തിന് ട്രംപ് പ്രാഥമിക പരിഗണന നല്‍കുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും ഫിയോന പ്രതികരിച്ചു. യുക്രൈന് മേലുളള റഷ്യൻ ആക്രമണത്തെ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അപലപിച്ചിട്ടുണ്ട്. ഇന്ന് രാത്രി പത്തരയ്ക്ക് ജോ ബൈഡൻ മാധ്യമങ്ങളെ കാണുന്നുണ്ട്.












Click it and Unblock the Notifications