ന്യൂ ഹാംഷെയിറിലും പ്രൈമറിയിൽ വിജയിച്ച് ഡൊണാൾഡ് ട്രംപ്; നിക്കി ഹേലിക്ക് തിരിച്ചടി
ന്യൂയോർക്ക്: റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ന്യൂ ഹാംഷെയറിലും വിജയിച്ച് ഡൊണാൾഡ് ട്രംപ്. എതിരാളി ഇന്ത്യന്‍ വംശജയും സൗത്ത് കരോലൈന മുന്‍ ഗവര്‍ണറുമായ നിക്കി ഹേലിയെ ആണ് ട്രംപ് പിന്നിലാക്കിയത്. ഇതോടെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ വലിയ മുന്നേറ്റമാണ് ട്രംപ് നേടിയിരിക്കുന്നത്.
ന്യൂ ഹാംഷെയർ ഹേലിക്കാണ് കൂടുതൽ അനുകൂലമെന്നായിരുന്നു തുടക്കത്തിൽ വിലയിരുത്തപ്പെട്ടത്. ശക്തമായ പ്രചരണമായിരുന്നു അവർ ട്രംപിനെതിരെ നടത്തിയത്. രാജ്യം താറുമാറായിരിക്കുന്ന ഈ അലസ്ഥയിൽ 80 വയസുള്ള രണ്ട് പേർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോയെന്നായിരുന്നു പ്രചരണത്തിലുടനീളം ഹേലി ചോദിച്ചത്. അതേസമയം പരാജയം രുചിച്ചതോടെ ഹേലിയുടെ സ്ഥിതി പരുങ്ങലിലായിരിക്കുകയാണ്. എന്നിരുന്നാലും താൻ മത്സരത്തിൽ നിന്നും പിൻമാറില്ലെന്ന് ഹേലി വ്യക്തമാക്കി. വരുന്ന മൂന്ന് പ്രൈമറികളിലും താൻ മത്സരിക്കുമെന്നും അവർ പറഞ്ഞു.

വിജയിച്ച ട്രംപിനെ അവർ അനുമോദിച്ചു. ബൈഡനെ നേരിടാൻ ട്രംപാണ് ശക്തൻ എന്ന് വോട്ടർമാർ കരുതുന്നുണ്ടാകുമെന്നായിരുന്നു അവരുടെ പ്രതികരണം. സ്വന്തം സംസ്ഥാനമായ സൗത്ത് കരോലിനയിലാണ് അവർ അടുത്ത മത്സരം നേരിടുന്നത്. ഇവിടെ രണ്ട് തവണ നിക്കി ഗവർണറായി വിജയിച്ചിരുന്നു. ഫെബ്രുവരി മൂന്നിനാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. നവാഡ സൗത്തിലാണ് ഇത് കഴിഞ്ഞാൽ തിരഞ്ഞെടുപ്പ്.
അതേസമയം ഹാംഷെയറിൽ ശക്തമായ പ്രചാരണം നടത്താതിരുന്നിട്ട് പോലും 53 ശതമാനം വേട്ടോടെയാണ് ഡൊണാൾഡ് ട്രംപ് വിജയം ഉറപ്പാക്കിയത്. അയോവയിലും കോക്കസിലും നടന്ന മുൻ പ്രൈമറിയിലും കൃത്യമായ പിന്തുണ ഉറപ്പാക്കാൻ ട്രംപിന് സാധിച്ചിട്ടുണ്ട്. ഇതോടെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ തന്റെ സ്ഥാനം സുരക്ഷിതമാക്കിയിരിക്കുകയാണ് ട്രംപ്.
പ്രസിഡന്റായിരിക്കേ രണ്ട് തവണ സഭാംഗങ്ങളുടെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് വിധേയനാകേണ്ടി വന്നയാളാണ് ട്രംപ്. നിലവിൽ നാല് ക്രിമിനൽ കേസുകളും ട്രംപ് നേരിടുന്നുണ്ട്. എന്നിട്ടും പ്രൈമറിയിൽ വിജയിക്കാൻ സാധിച്ചത് പാർട്ടിക്കുള്ളിലെ ട്രംപിന്റെ സ്വാധീനത്തിന്റെ തെളിവായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ ഹാംഷെയറിൽ ഡെമോക്രാറ്റിക് പാർട്ടി നേതാവും പ്രസിഡന്റുമായ ജോ ബൈഡൻ പ്രൈമറിയിൽ വിജയിച്ചു. ഫെബ്രുവരിയിലാണ് ഡെമോക്രാറ്റുകളുടെ അടുത്ത പ്രൈമറി.
പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിട്ടെത്തി വോട്ടുചെയ്യുന്ന രീതിയാണ് പ്രൈമറി. 44 സംസ്ഥാനങ്ങളിലും പ്രൈമറി നടക്കും. എന്നിരുന്നാലും ന്യൂ ഹാംഷെയര്‍, അയോവ, നവേദ, സൗത്ത് കരോളിന എന്നിവടങ്ങളിലെ ഫലങ്ങളാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമാകുക.












Click it and Unblock the Notifications