ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങൾക്ക് വീണ്ടും ട്രംപിന്റെ ഭീഷണി; ഡോളർ കൈവിട്ടാൽ 100 ശതമാനം തീരുവ
ന്യൂയോർക്ക്: ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങൾക്ക് വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ട്രംപ് ബ്രിക്‌സ് കൂട്ടായ്‌മയ്ക്ക് മുന്നറിയിപ്പുമായി രംഗത്ത് വരുന്നത്. അന്താരാഷ്ട്ര വ്യാപാരത്തിലെ പ്രബല കറൻസിയായ യുഎസ് ഡോളറിനെ മാറ്റിസ്ഥാപിക്കാൻ ശ്രമിച്ചാൽ കയറ്റുമതിക്ക് 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്.
ആഗോള വ്യാപാരത്തിൽ യുഎസ് ഡോളറിന്റെ പങ്ക് ബ്രിക്‌സ് രാജ്യങ്ങൾ നിലനിർത്തണമെന്നും അല്ലെങ്കിൽ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകിയ അദ്ദേഹം വിഷയത്തിൽ തന്റെ നിലപാട് ആവർത്തിക്കുകയാണ് ചെയ്‌തത്. തിരഞ്ഞെടുപ്പിൽ വിജയിച്ച് ആഴ്‌ചകൾക്ക് ശേഷം നവംബർ 30ന് അദ്ദേഹം പങ്കുവച്ച പോസ്‌റ്റിന് സമാനമാണ് ഇപ്പോഴത്തെ നിലപാടും എന്നതാണ് ശ്രദ്ധേയമായ കാര്യം.

നമ്മൾ നോക്കിനിൽക്കെ, ബ്രിക്‌സ് രാജ്യങ്ങൾ ഡോളറിൽ നിന്ന് മാറാൻ ശ്രമിക്കുന്നുവെന്ന ആശയം ഇവിടെ അവസാനിച്ചുവെന്നായിരുന്നു ട്രംപ് കുറിച്ചത്. ഈ രാജ്യങ്ങളിൽ നിന്ന് ഞങ്ങൾക്ക് ഒരു പ്രതിബദ്ധത ആവശ്യമാണ്, അവർ ഒരു പുതിയ ബ്രിക്‌സ് കറൻസി സൃഷ്‌ടിക്കില്ലെന്നും അല്ലെങ്കിൽ ശക്തമായ യുഎസ് ഡോളറിന് പകരമായി മറ്റേതെങ്കിലും കറൻസി തിരികെ നൽകരുതെന്നും; ട്രംപ് പറയുന്നു.
മറിച്ചാണെങ്കിൽ അവർ 100 ശതമാനം തീരുവകൾ നേരിടേണ്ടിവരും, അല്ലെങ്കിൽ യുഎസ് സമ്പദ്‌വ്യവസ്ഥയിലെ വിൽപനയോട് ഗുഡ് ബൈ പറയേണ്ടി വരും. അവർക്ക് മറ്റൊരു വിഡ്ഢി രാഷ്ട്രത്തെ തേടി പോകാം. അന്താരാഷ്‌ട്ര വ്യാപാരത്തിലോ മറ്റെവിടെയെങ്കിലുമോ യുഎസ് ഡോളറിനെ ബ്രിക്‌സ് മാറ്റിസ്ഥാപിക്കാനുള്ള സാധ്യതയില്ല, അങ്ങനെ ആരെങ്കിലും തീരുവകൾ സ്വീകരിക്കാൻ തയ്യാറെങ്കിൽ അവർ യുഎസിനോട് വിട പറയണം; ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ അടങ്ങിയ ബ്രിക്‌സ് കൂട്ടായ്‌മ വർഷങ്ങളായി യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നുണ്ട്. മാത്രമല്ല യുക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യക്കെതിരെ പാശ്ചാത്യ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ബ്രിക്‌സ് സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാകുകയാണ്.
കൂടാതെ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ കൂട്ടായ്‌മ കൂടുതൽ മേഖലകളിലേക്ക് വളരുകയുമാണ്. ഇതിന്റെ ഭാഗമായി ഈജിപ്റ്റ്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിൽ കൂട്ടായ്‌മയുടെ ഭാഗമാവുകയും ചെയ്‌തിട്ടുണ്ട്. കൂട്ടായ്‌മക്ക് ഒരു പൊതു കറൻസി ഇല്ലെങ്കിലും, അതിലെ അംഗങ്ങൾ അവരുടെ പ്രാദേശിക കറൻസികളിൽ വ്യാപാരം പ്രോത്സാഹിപ്പിച്ചു വരികയായിരുന്നു.
അതിനിടെ കഴിഞ്ഞ സമ്മേളനത്തിൽ റഷ്യൻ പ്രസിഡന്റ് പുടിൻ ഡോളർ ഒഴിവാക്കുന്നതും ബ്രിക്‌സിന് ഒരു പൊതു കറൻസി രൂപപ്പെടുത്തുന്നതും ചർച്ചയ്ക്ക് ഇട്ടിരുന്നു. ബ്രിക്‌സ് രാജ്യങ്ങളിൽ അവരുടെ ദേശീയ കറൻസികളിൽ വ്യാപാരം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡൊണാൾഡ് ട്രംപ് തന്റെ നീക്കങ്ങൾ ആരംഭിച്ചത്.
ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളിൽ ഒന്നാണ് യുഎസ് ഡോളർ. ആഗോള തലത്തിൽ വ്യാപാരത്തിന് ഡോളറാണ് കൂടുതൽ ഉപയോഗിക്കുന്നതും. ഈ ആധിപത്യം നിലനിർത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു ബ്രിക്‌സിൽ മറ്റ് ചർച്ചകൾ വന്നത്. ഇതോടെയാണ് ട്രംപ് ഭീഷണിയുമായി നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.












Click it and Unblock the Notifications