ചെങ്കടലിൽ ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം; ആർക്കും പരിക്കില്ല...
ന്യൂഡൽഹി: ചെങ്കടലിൽ യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ആക്രമണ ഡ്രോൺ ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറിൽ ഇടിച്ചതായി യുഎസ് സൈന്യം. ഗാബോണിന്റെ ഉടമസ്ഥതയിലുള്ള എംവി സായിബാബ എന്ന ടാങ്കറിന് ആക്രമണത്തിൽ നാശനഷ്‌ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ മേഖലയിലുള്ള ഒരു യുഎസ് യുദ്ധക്കപ്പലിലേക്ക് അടിയന്തര സന്ദേശം വന്നതായി യുഎസ് സെൻട്രൽ കമാൻഡ് എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചു. ഇന്ത്യൻ തീരത്ത് മറ്റൊരു ടാങ്കർ ആക്രമണത്തിന് ഇരയായതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസം നടന്നത്. ഇതിൽ അമേരിക്ക ഇറാനെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു.

Representational Image
പട്രോളിംഗ് നടത്തുകയായിരുന്ന യുഎസ് നേവി ഡിസ്ട്രോയർ നാല് ആക്രമണ ഡ്രോണുകൾ യുദ്ധക്കപ്പലിനെ ആക്രമിക്കുന്നതിന് മുമ്പ് തകർത്തതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. തെക്കൻ ചെങ്കടലിൽ രണ്ട് കപ്പലുകൾ ആക്രമണത്തിനിരയായതായി യുഎസ് നേവൽ ഫോഴ്‌സ് സെൻട്രൽ കമാൻഡിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. എംവി ബ്ലമെനൻ എന്ന നോർവീജിയൻ പതാകയുള്ള കെമിക്കൽ/ഓയിൽ ടാങ്കർ, ഹൂതി ആക്രമണ ഡ്രോണിൽ നിന്ന് കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്.
മധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിന്റെ ഉടമസ്ഥതയിലുള്ള, ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറാണ് ആക്രമണത്തിന് ഇരയായ രണ്ടാമത്തെ കപ്പൽ എംവി സായിബാബ. ഒക്‌ടോബർ 17 മുതൽ ഹൂതി തീവ്രവാദികൾ ചരക്ക് കപ്പലുകൾക്ക് നേരെ നടത്തുന്ന പതിനഞ്ചാമത്തെ ആക്രമണ സംഭവമാണ് ഇത്.
അതേസമയം, കഴിഞ്ഞ ദിവസം അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. 20 ഇന്ത്യക്കാരുമായി സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി വന്ന എംവി ചെം പ്ലൂട്ടോ എന്ന വ്യാപാരക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
സൗദി അറേബ്യയിലെ തുറമുഖത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന കപ്പൽ. ഇന്ത്യയുടെ എക്ലൂസീവ് ഇക്കണോമിക് സോണിൽ പട്രോളിങ് നടത്തുന്ന കോസ്‌റ്റ് ഗാർഡ് കപ്പൽ ഐസിജിഎസ് വിക്രമിനെ എംവി ചെം പ്ലൂട്ടോയ്ക്ക് സമീപത്തേക്ക് അയച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.












Click it and Unblock the Notifications