യൂറോപ്യന്‍ യുദ്ധ വിമാനങ്ങള്‍ യുക്രൈനിലേക്ക്; റഷ്യയെ നേരിടാന്‍ ആയുധ സഹായം
ബ്രസല്‍സ്: റഷ്യന്‍ സൈന്യത്തെ നേരിടാന്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ യുക്രൈന് നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ നയരൂപീകരണ മേധാവി ജോസഫ് ബോറല്‍ പറഞ്ഞു. യുദ്ധരംഗത്ത് ആവശ്യമായ അത്യാധുനിക സംവിധാനങ്ങള്‍ യൂക്രൈന് നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സഹായം അഭ്യര്‍ഥിച്ച് യുക്രൈന്‍ ഭരണകൂടം നേരത്തെ യൂറോപ്യന്‍ യൂണിയനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഇയു നിര്‍ണായകമായ തീരുമാനം കൈക്കൊണ്ടത്. കര-വ്യോമ ആക്രമണമാണ് റഷ്യ യുക്രൈനെതിരെ നടത്തുന്നത്. സമാനമായ തിരിച്ചടി നല്‍കാനുള്ള ആയുധങ്ങള്‍ വേണമെന്ന് യുക്രൈന്‍ ഇയുവിനോട് ആവശ്യപ്പെട്ടിരുന്നു.

കിഴക്കന്‍ യൂറോപ്പിലെ രാജ്യമാണ് യുക്രൈന്‍. യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്‌ക്കെതിരായ നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് യുക്രൈനെ സഹായിക്കാന്‍ തീരുമാനിച്ചത്. 27 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനില്‍ റഷ്യയുടെ വിമാനങ്ങള്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല, റഷ്യയുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്. എന്നാല്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നത് ആദ്യമായിട്ടാണ്.
ആയുധങ്ങള്‍ വാങ്ങി യുക്രൈന് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്ഞറ് ഉര്‍സുല ലേയന്‍ പറഞ്ഞു. 50 കോടി ഡോളര്‍ ആയുധങ്ങള്‍ വാങ്ങുന്നതിനായി യുക്രൈന് നല്‍കാന്‍ ഇയു തീരുമാനിച്ചു. അതിന് പുറമെ യുദ്ധ വിമാനങ്ങളും കൈമാറും. യൂറോപ്പിലെ പല രാജ്യങ്ങളും യുക്രൈനെ സഹായിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, നെതര്‍ലാന്റ്‌സ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ് പണവും ആയുധങ്ങളും നല്‍കുമെന്ന് അറിയിച്ചത്.
റഷ്യയുടെ കേന്ദ്ര ബാങ്കിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അമേരിക്കയും ബ്രിട്ടനും യൂറോപ്പും തീരുമാനിച്ചിട്ടുണ്ട്. സുപ്രധാന റഷ്യന്‍ ബാങ്കുകള്‍ക്കെതിരെയും നടപടിയുണ്ടാകും. ആഗോള ധനവിനിമയ രംഗത്ത് റഷ്യയെ അകറ്റി നിര്‍ത്താനാണ് ശ്രമം. റഷ്യയുടെ നാണയത്തിന് വലിയ തോതില്‍ മൂല്യത്തകര്‍ച്ച സംഭവിച്ചിരിക്കുകയാണ്. ഉപരോധം ശക്തമാക്കിയ പിന്നാലെയാണ് മൂല്യമിടിഞ്ഞത്. റഷ്യയുടെ ചരക്കുകപ്പല്‍ ഫ്രഞ്ച് നാവിക സേന പിടിച്ചെടുത്തു. റഷ്യയിലെ ബാള്‍ടിക് നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് കാറുകളുമായി പോയ കപ്പലാണ് ഫ്രഞ്ച് സേന പിടിച്ചത്. യുക്രൈന് അമേരിക്ക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 35 കോടി ഡോളറിന്റെ സൈനിക സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
റഷ്യക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ യുക്രൈന്‍ പരാതി നല്‍കിയിട്ടുണ്ട്. റഷ്യ സൈനിക അധിനിവേശം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഐസിജെയില്‍ പരാതി നല്‍കിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദ്മിര്‍ സെലന്‍സ്‌കിയാണ് അറിയിച്ചത്. യുക്രൈനില്‍ നിന്ന് ഇതുവരെ രണ്ടു ലക്ഷം പേര്‍ പലായനം ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്.












Click it and Unblock the Notifications