വ്യാജ പ്രചരണം നടത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കും: ഇസ്രായേലി സംഘത്തിന്റെ പ്രവർത്തനം ഇന്ത്യയിലും
വിവരം പുറത്ത് വന്നതിന് പിന്നാലെ ആശങ്കപ്രകടിപ്പിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നു.

ദില്ലി: ഇന്ത്യ ഉള്‍പ്പടേയുള്ള രാജ്യങ്ങളില്‍ സമൂഹ മാധ്യമങ്ങളെ മറയാക്കി തിരഞ്ഞെടുപ്പ് അട്ടിമറികളും വ്യാജപ്രചാരണവും നടത്തുന്ന ഇസ്രായേലി സംഘത്തിന്റെ വിവരങ്ങള്‍ പുറത്ത്. സംഘം ഇന്ത്യയിലും ശക്തമായി പ്രവർത്തിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മയായ ഫോർബിഡൻ സ്റ്റോറീസിന്റെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. ആറു മാസം നീണ്ട അന്വേഷണത്തിലൂടെ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ടീം ഹോഹെ എന്നാണ് സംഘം അറിയപ്പെടുന്നത്. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകളിലൂടെയുള്ള ഇടപെടലാണ് ഇവർ നടത്തിയതെന്നാണ് ഒളിക്യാമറ ഓപ്പറേഷനിലെ വെളിപ്പെടുത്തല്‍. ഇന്ത്യയടക്കം 30ലേറെ രാജ്യങ്ങളിലെ ഇസ്രായേല്‍ സംഘത്തിന്‍റെ ഇടപെടല്‍ സജീവമായുന്നു. അജണ്ട സെറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെ വ്യാജ പ്രചരണം നടത്തുകയായിരുന്നു.

"ജോർജ്" എന്ന ഓമനപ്പേരിൽ സ്വകാര്യമായി പ്രവർത്തിക്കുന്ന 50 കാരനായ മുൻ ഇസ്രായേലി സ്പെഷ്യൽ ഫോഴ്‌സ് ഓപ്പറേറ്ററായ ടാൽ ഹനാനാണ് സംഘത്തിലെ പ്രധാന. ഇത്തരം പ്രവർത്തികള്‍ക്ക് പുറമെ ഓൺലൈൻ ഹാക്കിംഗ്, അട്ടിമറി തുടങ്ങിയ ആരോപണങ്ങളും കമ്പനിക്ക് നേരായിട്ടുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് , "ഒരു തെറ്റും ചെയ്തിട്ടില്ല" എന്നും ആരോപണങ്ങള്‍ നിഷേധിക്കുന്നുവെന്നുമാണ് ഹനാൻ അന്വേഷണത്തോട് പ്രതികരിച്ചത്.
ട്വിറ്ററും ഫേസ് ബുക്കും യൂട്യൂബും ജി മെയിലും ലിങ്ക്ഡിനും വരെ വ്യാജ പ്രചാരണത്തിനായി വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇന്ത്യക്ക് പുറമെ യുകെ, യുഎസ്, കാനഡ, ജർമ്മനി, സ്വിറ്റ്സർലൻഡ്, മെക്സിക്കോ, സെനഗൽ, ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലും സംഘത്തിന്റെ പ്രവർത്തനം ശക്തമായിരുന്നു.
ടീം ജോർജിനെക്കുറിച്ച് അന്വേഷണം നടത്തിയ പത്രപ്രവർത്തകരുടെ കൂട്ടായ്മയിൽ ലെ മോണ്ടെ, ഡെർ സ്പീഗൽ, എൽ പൈസ് എന്നിവയുൾപ്പെടെ 30 ആഗോള മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടർമാർ ഉൾപ്പെടുന്നു. ആഫ്രിക്കയിലെ ഒരു രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാധ്യമസംഘം തല്‍ ഹനാനെ സമീപിച്ചത്. ഈ സമയത്താണ് വ്യാജ അക്കൌണ്ടുകളെ കുറിച്ചടക്കമുള്ള പ്രവർത്തനങ്ങള്‍ സംഘം വിശദീകരിക്കുന്നത്. വന്‍ തോതില്‍ വ്യാജ അക്കൌണ്ടുകള്‍ സൃഷ്ടിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.
ലോകത്തെ 33 തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്നും ഇതില്‍ 27 തവണ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചെന്നും സംഘം വെളിപ്പെടുത്തുന്നുണ്ട്. വ്യവസായ സ്ഥാപനത്തിലെ വാണിജ്യ തർക്കം പരിഹരിക്കാനായിരുന്നു ഇന്ത്യയിലെ ഇടപെടല്‍. ചിലർക്ക് വേണ്ടി എതിരാളികളെ പലരെയും വിവാദത്തില്‍പ്പെടുത്തിയെന്നും പലരെയും മോശമായി ചിത്രീകരിച്ചെന്നും സംഘം വെളിപ്പെടുത്തുന്നുണ്ട്.












Click it and Unblock the Notifications