ഭാര്യയെയും മക്കളെയും കൊന്ന് ബ്രിട്ടീഷ് മലയാളി ആത്മഹത്യ ചെയ്തു
ലണ്ടന്‍: ഭാര്യയെയും ഇരട്ടക്കുട്ടികളായ പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം മലയാളി യുവാവ് ആത്മഹത്യ ചെയ്തു. ബ്രിട്ടനിലെ എസക്‌സിലാണ് ദാരുണമായ ഈ സംഭവം നടന്നത്. 37 കാരിയായ ഷിഗി രതീഷ് കുമാര്‍, 13 കാരികളായ നിയ, നേഹ എന്നിവരെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്തുള്ള ഒരു കാട്ടിലാണ് 44 കാരനായ പുല്ലാര്‍കാട്ടില്‍ രതീഷ് കുമാര്‍ തൂങ്ങിമരിച്ചത്.
രതീഷ് കുമാറിന്റെ വീട്ടില്‍ നിന്നും അസ്വഭാവികമായ ശബ്ദങ്ങള്‍ കേട്ട അയല്‍ക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് പല തവണ രതീഷ് കുമാറിന്റെ വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് വീട്ടിലെത്തിയ പോലീസ് സംഘം വാതില്‍ തകര്‍ത്ത് വീട്ടിനകത്ത് കയറുകയായിരുന്നു. വീടിനകത്ത് നടത്തിയ തിരച്ചിലിലാണ് ഷിഗിയെയും മക്കളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ ശരീരത്തില്‍ എന്തെങ്കിലും മുറിവുകളോ മറ്റോ ഉള്ളതായി പോലീസ് റിപ്പോര്‍ട്ടില്‍ ഇല്ല. വിഷം അകത്ത് ചെന്നോ ശ്വാസം മുട്ടിയോ ആകാം മരണം എന്നാണ് പോലീസ് കരുതുന്നത്. പിറ്റേന്ന് രാവിലെ സമീപത്തുള്ള കാട്ടില്‍ രതീഷ് കുമാറിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികള്‍ രണ്ടുപേരും ഇവിടെത്തന്നെയുള്ള സ്‌കൂളിലാണ് പഠിച്ചിരുന്നത്.
കേരളത്തില്‍ നിന്നും എട്ടുവര്‍ഷം മുമ്പാണ് ഇവര്‍ എസക്‌സിലെത്തി സ്ഥിരതാമസമാക്കിയത് എന്ന് അയല്‍ക്കാര്‍ പറഞ്ഞു. രതീഷ് കുമാറും ഭാര്യയും പബ്ലിക് സെക്ടറില്‍ ജോലിക്കാരാണ്. എന്തിനാണ് രജീഷ് കുമാര്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് എന്നത് വ്യക്തമല്ല. ഇവരുടെ മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി കരുതുന്നില്ലെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications