മക്കയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ തീ പിടിച്ചു
മക്ക: മക്കയിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളില്‍ തീപിടിച്ചു. നാശ നഷ്ടങ്ങളോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൗദി സിവില്‍ ഡിഫെന്‍സിന്റെ അവസരോചിതമായ ഇടപെടല്‍ കാരണം തൊട്ടടുത്ത മുന്നൂറോളം സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായതായി ഡിഫെന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ അറിയിച്ചു.
അതേ സമയം മക്കയില്‍ സുരക്ഷ ശക്തമാക്കി. ഹജ്ജ് വേളയില്‍ ഇത്തവണയും നിയന്ത്രണമേര്‍പ്പെടുത്തും. വാഹനങ്ങളുടെ പോക്കു വരവുകള്‍ വ്യവസ്ഥാപിതമാക്കുന്നതിന് മക്കയിലും മദീനയിലും പുണ്യ സ്ഥലങ്ങളിലും ഹജ്ജ് സീസണില്‍ സാധാരണ സ്വീകരിക്കാറുള്ള നടപടികള്‍ തുടങ്ങാന്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയും ഹജ്ജ് ഉന്നതാധികാര കമ്മറ്റി അധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് നിര്‍ദേശം നല്‍കി.

തീര്‍ത്ഥാടകരെ കൊണ്ടു പോകുന്ന ബസ്സുകളില്‍ ഹാജിമാരെ ഡ്രൈവര്‍മാരാക്കുന്നത് തടയണം, അനുമതി പത്രമില്ലാതെ വാഹനങ്ങള്‍ പുണ്യ സ്ഥലങ്ങളിലേക്ക് കടത്തി വിടരുത്, 25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന സ്വകാര്യ വാഹനങ്ങള്‍ ഹജ്ജ് യാത്രയ്ക്ക് അനുമതി പത്രം നേടിയിരിക്കണം, പുണ്യ സ്ഥലങ്ങളിലേക്ക് ഇരു ചക്ര വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയണം, കാല്‍ നടയാത്രക്കാര്‍ക്ക് നിശ്ചയിച്ച സ്ഥത്തേക്ക് ഒരു കാരണ വശാലും വാഹനങ്ങളെ കയറ്റി വിടരുത് തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.












Click it and Unblock the Notifications