ഒരു കിലോ ഭക്ഷണത്തിന് 1000 റിയാല്‍ പിഴ: സൗദിയില്‍ ഭക്ഷണം പാഴാക്കുന്നതിനെതിരേ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഫുഡ് ബാങ്ക്
Recommended Video

ജിദ്ദ: ലോകത്ത് ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാഷ്ട്രമായ സൗദി അറേബ്യയില്‍ ഇതിനെതിരേ ശക്തമായ നിര്‍ദ്ദേശവുമായി സൗദി ഫുഡ്ബാങ്കായ ഇത്ആം രംഗത്തെത്തി. പ്രതിവര്‍ഷം 427 ടണ്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ സൗദിയില്‍ പാഴാക്കപ്പെടുന്നതായി യു.എന്നിന്റെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണിത്.
പാഴാക്കുന്ന ഒരു കിലോ ഭക്ഷണത്തിന് 1000 റിയാല്‍ പിഴ ഈടാക്കണമെന്നത് അടക്കമുള്ള നിര്‍ദ്ദേശമാണ് മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയത്തിന് ഫുഡ്ബാങ്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍, വിവാഹ ഹാളുകള്‍, കാറ്ററിംഗ് സര്‍വീസുകള്‍ തുടങ്ങിയവയുമായി മന്ത്രാലയം വ്യക്തമായ കരാര്‍ ഉണ്ടാക്കണം. ഭക്ഷണം പാഴാക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇക്കാര്യം ലൈസന്‍സ് നിബന്ധനയായി മാറ്റണമെന്നും ഇത്ആം ആവശ്യപ്പെട്ടു.

ഭക്ഷണം പാഴാക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടികള്‍ ഉണ്ടായാല്‍ മാത്രമേ ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടാക്കാനാവൂ എന്ന് ഫുഡ്ബാങ്കിന്റെ സെക്രട്ടറി ജനറല്‍ ഫൈസല്‍ ശോഷാന്‍ പറഞ്ഞു. ആഗോള തലത്തില്‍ ഭക്ഷണം പാഴാക്കുന്നതില്‍ ഏറ്റവും മുന്നിലുള്ള രാജ്യമായ സൗദിയില്‍ പാചകം ചെയ്യപ്പെടുന്ന ഭക്ഷണത്തിന്റെ 30 ശതമാനവും പാഴാക്കപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ഭക്ഷണം പാഴാക്കുന്നതില്‍ 115 കിലോ എന്നതാണ് ആഗോള ശരാശരി. എന്നാല്‍ സൗദിയില്‍ വര്‍ഷത്തില്‍ 250 കിലോ ഭക്ഷണമാണ് ഒരോരുത്തരും പാഴാക്കുന്നത്. ഇതുവഴി പ്രതിവര്‍ഷം 49 ബില്യണ്‍ റിയാലിന്റെ ഭക്ഷണമാണ് നഷ്ടപ്പെടുന്നത്. സവിശേഷ ഡിന്നര്‍ പാര്‍ട്ടികള്‍, വിവാഹ സല്‍ക്കാരം, റെസ്റ്റോറന്റുകള്‍, ഹോട്ടല്‍ ബൊഫെകള്‍ എന്നിവിടങ്ങളിലാണ് ഭക്ഷണം ഏറെയും പാഴാക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇത് തടയാന്‍ സൗദിയില്‍ നിയമങ്ങളില്ല.
ഈവര്‍ഷത്തെ ആദ്യ ആറുമാസത്തില്‍ തന്നെ രാജ്യത്ത് പാഴാകുമായിരുന്ന 1.8 ദശലക്ഷം ഭക്ഷണപ്പൊതികളും അഞ്ച് ലക്ഷം പഴം-പച്ചക്കറി കൊട്ടകളും ശേഖരിച്ച് കിഴക്കന്‍ പ്രവിശ്യകളില്‍ വിതരണം ചെയ്യാന്‍ ഫുഡ്ബാങ്കിന് സാധിച്ചതായും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications