ജോ ബൈഡന് വേഗത്തില്‍ പടരുന്ന വിഭാഗത്തിലുള്ള പ്രോസ്റ്റേറ്റ് കാന്‍സര്‍; ജോ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ട്രംപ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന് കാന്‍സര്‍ സ്ഥിരീകരിച്ചു. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തിലുള്ള പ്രോസ്റ്റെറ്റ് കാന്‍സറാണ് സ്ഥിരീകരിച്ചത്. ജോ ബൈഡന്റെ ഓഫീസാണ് കഴിഞ്ഞ ദിവസം രോഗ വിവരം സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. 82 വയസുകാരനായ ബൈഡന്‍ ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്നാണ് കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത്.
കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങളായിട്ടായിരുന്നു കാന്‍സറിന്റെ തുടക്കം. തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡന്‍ ഡോക്ടറെ കണ്ടത്. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്ന ഗ്ലീസണ്‍ സ്‌കോറില്‍ 10-ല്‍ ഒന്‍പതാണ് ബൈഡന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതായത്, കാന്‍സര്‍ വളരെ ഗുരുതരമായ നിലയിലാണെന്നാണ് ഈ സ്‌കോര്‍ വ്യക്തമാക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

രോഗബാധ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് നല്‍കുന്നത്. 2024-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ പിന്മാറാന്‍ നിര്‍ബന്ധിതനായി ഒരു വര്‍ഷം കഴിയുമ്പോഴാണ് ബൈഡന്റെ കാന്‍സര്‍ രോഗബാധ പുറംലോകം അറിയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് പദം വഹിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയും ജോ ബൈഡനാണ്.
പുരുഷന്മാരില്‍ എറ്റവും സാധാരണമായി കാണുന്ന കാന്‍സര്‍ ബാധയില്‍ രണ്ടാം സ്ഥാനമാണ് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ളത്. ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലും ഓര്‍മക്കുറവിന്റെ പേരിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്ന തരത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലും വിമര്‍ശനങ്ങള്‍ കടുത്തതോടെയാണ് അദ്ദേഹം യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയത്.
രോഗ വിവരം അറിഞ്ഞതോടെ നിരവധി പേരാണ് ബൈഡന് ആശംസകള്‍ നേരുന്നത്. ബൈഡന്റെ രാഷ്ട്രീയ എതിരാളിയായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബൈഡന് ആശംസകള്‍ നേര്‍ന്നു. 'ജോ ബൈഡന്റെ രോഗവിവരം അറിഞ്ഞതില്‍ ഞാനും മെലാനിയയും ദുഃഖിതരാണ്. ബൈഡനും കുടുംബത്തിനും ഞങ്ങളുടെ ആശംസകള്‍ നേരുന്നു, ജോ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു' - ട്രൂത്ത് സോഷ്യല്‍ മീഡിയയില്‍ ട്രംപ് കുറിച്ചു
മുന്‍ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും എക്സില്‍ പങ്കിട്ട ഒരു പോസ്റ്റിലൂടെ ബൈഡന് പിന്തുണയും പ്രാര്‍ത്ഥനയും അറിയിച്ചു. ജോ ഒരു പോരാളിയാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തെ പരുവപ്പെടുത്തിയ അതേ ശുഭാപ്തി വിശ്വാസത്തോടെ ഈ വെല്ലുവിളിയെ നേരിടുമെന്ന് എനിക്കറിയാമെന്നും കമല ഹാരിസ് എക്സില്‍ കുറിച്ചു.












Click it and Unblock the Notifications