ഗാസ മുതല്‍ ഉക്രൈന്‍ വരെ: ലോകത്തോട് അരുതേയെന്ന് പറയാന്‍ ഇനിയാര്: ഫ്രാൻസിസ് പോപ്പിന് വിട
അക്രമങ്ങളെയും ഹിംസയെയും എന്നും എതിർത്തു കൊണ്ടേയിരുന്നു... അഭയാർത്ഥികളോടും കുടിയേറ്റക്കാരോടും ഇത്തിരി മനുഷ്യപ്പെറ്റ് കാട്ടിക്കൂടേ എന്ന് ചോദിച്ചു കൊണ്ടേയിരുന്നു... ലൈംഗിക ന്യൂനപക്ഷങ്ങളെ അവഗണിച്ച് മാറ്റി നിർത്തരുതെന്ന് കാട്ടിത്തന്നു ... ഈ ഭൂമി എല്ലാവരുടെതുമാണെന്നും അത് ആർത്തി മൂത്ത് നശിപ്പിക്കരുതെന്നും ഓർമിപ്പിച്ച് കൊണ്ടേയിരുന്നു.... സഭയിലെ പീഡകർക്ക് എതിരെ നടപടികൾക്കും സഭാഭരണത്തിൽ വനിതാപ്രാതിനിധ്യത്തിനും മുൻകൈ എടുത്തു.... എല്ലാവരും ദൈവത്തിന് മുന്നിൽ ഒന്നാണെന്നും മനുഷ്യസ്നേഹമാണ് ഏറ്റവും വലുതെന്നും പറഞ്ഞു കൊണ്ടേയിരുന്നു .....
ഈ ഈസ്റ്ററിനും പറഞ്ഞു, ഗാസയിൽ വെടിനിർത്തൂ.......
ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ പിറ്റേന്ന് വിശ്വസിക്കുന്ന ദൈവസന്നിധിയിലേക്ക് നടന്നു മറഞ്ഞപ്പോൾ കത്തോലിക്ക വിശ്വാസികൾ മാത്രമല്ല വിതുമ്പിയത്. കാരണം ഫ്രാൻസിസ് മാർപാപ്പ ആഗോള കത്തോലിക്കാ സഭയുടെ 266-ാമത്തെ മാർപാപ്പ മാത്രമായിരുന്നില്ല എന്നതു തന്നെ. യുദ്ധക്കൊതിയും മത്സരവീര്യവും ഈ ലോകത്തിന്റെ സ്നേഹത്തിനെയും കരുതലിനെയും കടന്നാക്രമിക്കുമ്പോഴെല്ലാം അരുതേ ഇത് അരുതേ , ഇത് പാടില്ല എന്നൊക്കെ മൃദു സ്വരത്തിൽ അതേ സമയം കരുത്തോടെ പറയാൻ ഇതു പോലൊരു സാന്നിധ്യം ഇനി എവിടെ തെരയും?

ഇക്കഴിഞ്ഞ ഈസ്റ്റർ ദിനത്തിലും ഗാസയിൽ വെടിനിർത്തലിന് മാർപാപ്പ ആഹ്വാനം ചെയ്തു. കുർബാനക്ക് നേതൃത്വം നൽകാൻ ആരോഗ്യസ്ഥിതി അനുവദിച്ചില്ലെങ്കിലും ആശീർവാദവും സന്ദേശവും നൽകാൻ അദ്ദേഹമെത്തി. ഗാസയിലെ സ്ഥിതി ദയനീയമാണെന്ന് ഓർമപ്പെടുത്തി. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കണമെന്ന് ഹമാസിനോട് ആവശ്യപ്പെട്ടു. പല തവണയാണ് ഗാസക്ക് വേണ്ടിയും പശ്ചിമേഷ്യൻ സംഘർഷത്തിൽ ജീവനും ജീവിതവും നഷ്ടമാകുന്നവർക്ക് വേണ്ടിയും മാർപാപ്പ സംസാരിക്കുന്നത്. ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണോയെന്ന് അന്താരാഷ്ട്ര സമൂഹം പരിശോധിക്കുകയും അന്വേഷിക്കുകയും വേണമെന്ന കർശന നിലപാട് തന്നെ മാർപാപ്പ എടുത്തിരുന്നു. ഇത്രയുമൊക്കെ പറഞ്ഞിട്ടും ആരും എന്താണ് കേൾക്കാത്തത്, ആരും ഒന്നും ചെയ്യാത്തത് എന്താണ് എന്ന് മാർപാപ്പ ചോദിച്ചു. ഗാസക്ക് പുറമെ കീവിലും കുഞ്ഞുങ്ങൾ മരിച്ച് വീണത് ആ മനുഷ്യസ്നേഹിയെ നൊമ്പരപ്പെടുത്തി.
മ്യാൻമറിൽ തടവിൽ കഴിയുന്ന ജനാധിപത്യ പ്രക്ഷോഭ നായിക ഓങ് സാൻ സൂചിയെ മോചിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ അവിടത്തെ ഭരണകൂടത്തോട് പല കുറി ആവശ്യപ്പെട്ടു. വേണമെങ്കിൽ സൂചിക്ക് വത്തിക്കാനിൽ അഭയം നൽകാമെന്ന് വരെ പറഞ്ഞു. ജനാധിപത്യത്തിലൂന്നി അടിസ്ഥാന പൗരാവകാശം ഉറപ്പു നൽകുന്ന സമാധാന പ്രക്രിയ സ്വീകരിച്ചാലേ മ്യാൻമാറിന് ഭാവിയുണ്ടാകൂ എന്നും മാർപാപ്പ പറഞ്ഞു. ക്യൂബയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധം അയഞ്ഞതിൽ ഫ്രാൻസിസ് മാർപാപ്പക്ക് വലിയ പങ്കുണ്ട്.
അഭയാർത്ഥികൾ മനുഷ്യരാണ്...വേലിക്കെട്ടുകൾ മാറ്റൂ....
അതിർത്തികൾ കടന്ന് പലായം ചെയ്തു വരുന്ന അഭയാർത്ഥികളോട് മുഖം തിരിക്കുന്ന ഭരണാധികാരികളെ രൂക്ഷമായിട്ടാണ് മാർപാപ്പ വിമർശിച്ചിട്ടുള്ളത്. മനുഷ്യസ്നേഹം എന്നൊന്നുണ്ട് എന്ന് അദ്ദേഹം അവരോട് പറഞ്ഞു. രാജ്യങ്ങൾക്കിടയിൽ വെറുപ്പിന്റെ വേലിക്കെട്ടുകളല്ല, സമൂഹങ്ങൾ തമ്മിലുള്ള പാലങ്ങളാണ് നിർമിക്കേണ്ടതെന്ന് മാർപാപ്പ 2017ൽ തന്നെ അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിനോട് പറഞ്ഞു. പിന്നെ വർഷങ്ങൾക്കിപ്പുറം വീണ്ടും അധികാരത്തിലെത്തി ട്രംപ് കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും നാടു കടത്താൻ തുടങ്ങിയപ്പോൾ മാർപാപ്പ പിന്നെയും പറഞ്ഞു...... ഇത് തെറ്റാണ്, ഇങ്ങനെയല്ല കാര്യങ്ങൾ പരിഹരിക്കേണ്ടത്. ഈ നയം ഒരു പാട് തെറ്റുകളിലാണ് അവസാനിക്കുക.

എല്ലാ മതവിഭാഗങ്ങളെയും അദ്ദേഹം ചേർത്തു പിടിച്ചു. ഉൾക്കൊള്ളുക, മനസ്സിലാക്കുക, കൂടെ നിർത്തുക. അദ്ദേഹത്തിന്റെ സിദ്ധാന്തം അതായിരുന്നു. ഇതര മതവിശ്വാസങ്ങളെ അദ്ദേഹം ബഹുമാനിച്ചു. എല്ലാവരുടേതുമായ ദൈവത്തിലേക്ക് എത്താനുളള ഭിന്ന വഴികളാണ് വ്യത്യസ്ത മതങ്ങൾ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. മതസഹിഷ്ണുതയാണ് ഈ ലോകത്തെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനുള്ള വഴിയെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു, അതിന് വേണ്ടി പ്രവർത്തിച്ചു. നിരീശ്വരവാദികളെയും അദ്ദേഹം ചേർത്ത് പിടിച്ചു. അവരും ദൈവത്തിന്റെ മക്കളാണെന്ന് പറഞ്ഞു. അവർക്കും സ്വർഗത്ത് പോകാൻ കഴിയുമെന്ന് പറഞ്ഞു. ലോകത്ത് നല്ല കാര്യങ്ങൾ ചെയ്തവരിൽ നിരീശ്വരവാദികളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി.
ലൈംഗികതയുടെ പേരിൽ ആളുകളെ അവഗണിക്കരുതെന്നും അവരെയും സമൂഹത്തിൽ ഉൾപ്പെടുത്തണമെന്നും മാർപാപ്പ പറഞ്ഞപ്പോൾ പാരമ്പര്യവാദികൾ ഞെട്ടി. അരികുവത്കരിക്കപ്പെട്ടവരുടെ ലോകത്ത് പ്രതീക്ഷയുടെ കിരണങ്ങൾ വിരിഞ്ഞു. അവരും ദൈവത്തിന്റെ മക്കളാണെന്ന് മാർപാപ്പ പറഞ്ഞു. തന്റെ എല്ലാ മക്കളെയും അവർ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ദൈവം സ്നേഹിക്കുന്നതെന്നും ഓർമപ്പെടുത്തി. സ്വവർഗാനുരാഗിയായി എന്നത് ഒരു കുറ്റമോ തെറ്റോ അല്ലെന്നും ദൈവം അവരെ ആ വിധം സൃഷ്ടിച്ചതാണെന്നും വിശദീകരിച്ചു.
അവരും ദൈവത്തിന്റെ മക്കളാണ്.......
ട്രാൻസ് ജെൻഡർ ദമ്പതികളെ ദൈവത്തിന്റെ മക്കളെന്ന നിലയിൽ അനുഗ്രഹിക്കാമെന്ന് പാപ്പ പറഞ്ഞു. സ്വവർഗ വിവാഹം നടത്തി കൊടുക്കുന്നതിനുള്ള അനുമതിയല്ല ഇതെന്നും ദൈവം ഒപ്പമുണ്ടെന്നതിന്റെ അടയാളമാണ് ഈ അനുഗ്രഹാനുമതിയെന്നും വിശദീകരിച്ച അദ്ദേഹം മറിച്ചുള്ള വിമർശനം കാപട്യമാണെന്നും ഉറച്ച നിലപാടെടുത്തു. ചൂഷണമടക്കം പാപങ്ങളെ വിമർശിക്കാത്തവർ സ്വവർഗാനുരാഗികളെ വിമർശിക്കുന്നതിന്റെ സാംഗത്യമാണ് അദ്ദേഹം ചോദ്യം ചെയ്തത്. സഭ എൽജിബിടി വിഭാഗക്കാർ അടക്കം എല്ലാവർക്കുമുള്ളതാണ്. സഭയുടെ നിയമവും ചട്ടവും എതിർക്കാതെ തന്നെ അവരെ ഒപ്പം നിർത്തണമെന്നും മാർപാപ്പ ആവർത്തിച്ചു.
കാൽ കഴുകൽ ശുശ്രൂഷാ ചടങ്ങിൽ സ്ത്രീകളുടെയും കുറ്റവാളികളുടെയും കാൽ കഴുകി മാർപാപ്പ വ്യത്യസ്തനായി. ഇതര മതസ്ഥരെയും കാൽ കഴുകൽ ചടങ്ങിന്റെ ഭാഗമാക്കി. സഭാ ഭരണത്തിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നതിന് മുൻകൈ എടുത്തു. ആ നടപടികളുടെ തുടർച്ചയായാണ് വത്തിക്കാൻ നഗരഭരണത്തിന്റെ ചുമതല ഇതാദ്യമായി ഒരു വനിതക്ക് കിട്ടിയത്. സിസ്ററർ റഫേല പെട്രീനയാണ് വത്തിക്കാൻ സിറ്റിയുടെ ഗവർണർ പദവിയിലെത്തിയ ആദ്യവനിത.
പറ്റിയത് വലിയ തെറ്റ് , കുറ്റക്കാരെ സംരക്ഷിക്കില്ല
സ്വന്തം സഭയിൽ തിരുത്തൽ നടപടികൾക്ക് ഫ്രാൻസിസ് പാപ്പക്ക് ലവലേശം മടിയുണ്ടായിരുന്നില്ല. ബാലപീഡനത്തിലും ലൈംഗിക കുറ്റകൃത്യങ്ങളിലും ഉൾപെട്ട വൈദികർക്കും മെത്രാൻമാർക്കും എതിരെ അദ്ദേഹം അച്ചടക്കനടപടിയെടുത്തു. പറ്റിയ പിഴവുകൾ സഭക്ക് അപമാനവും നാണക്കേടുമാണെന്ന് തുറന്നു പറഞ്ഞു. പീഡകർക്ക് രക്ഷാകവചമൊരുക്കാൻ തുണയായ രഹസ്യാത്മക ചട്ടങ്ങൾ എടുത്ത് കളഞ്ഞു. കുറ്റക്കാർക്ക് എതിരെ കർശന നടപടികൾ ചുമത്തുന്ന വകുപ്പുകളും ചട്ടങ്ങളും ഉൾപെടുത്തി കാനോൻ നിയമം പരിഷ്കരിച്ചു.
വിശ്വാസികൾക്ക് ധർമോപദേശം നൽകുന്ന വൈദികർ സ്വന്തം ജീവിതത്തിൽ അതൊക്കെ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മാർപാപ്പ പറഞ്ഞു. വിശ്വാസികളോട് ഒന്ന് പറഞ്ഞ് സ്വന്തം ജീവിതത്തിൽ മറ്റൊന്ന് ചെയ്യുന്നത് ആത്മീയ കാപട്യമാണെന്ന് തുറന്നടിച്ചു. കാരുണ്യം ഉള്ളിൽ നിന്ന് വരണമെന്നും കാട്ടിക്കൂട്ടൽ ആകരുതെന്നും ഓർമിപ്പിച്ചു. ആർച്ച് ബിഷപ്പായിരുന്ന സമയത്ത് ഔദ്യോഗിക വസതിക്ക് പകരം ബ്യൂനസ് ഐറിസ് നഗരത്തിന് പുറത്തൊരു അപാർട്ട്മെന്റിൽ താമസിക്കുകയും പൊതു ഗതാഗതമാർഗങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്ത ഫ്രാൻസിസ് മാർപാപ്പയേക്കാൾ യോഗ്യനാരുണ്ട് അങ്ങനെ ഒരു ഉപദേശം നൽകാൻ?
ജീവനെ മാനിക്കണം, മറിച്ചുള്ള നടപടി ദൈവനിന്ദ
ഗർഭഛിദ്രത്തിനും ദയാവധത്തിനും വധശിക്ഷക്കും എതിരായിരുന്നു മാർപാപ്പ. ജീവനെ ആദരിക്കണമെന്നതായിരുന്നു നിലപാട്. കടുത്ത വേദന സഹിക്കുന്ന മാറാരോഗികളെ മരിക്കാൻ അനുവദിച്ചു കൂടെ എന്നചോദ്യം ദൈവനിന്ദയായിട്ടാണ് കണക്കാക്കിയത് . വാടക ഗർഭധാരണം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് വിലയിരുത്തിയ മാർപാപ്പ ആഗോളനിരോധനമാണ് ആവശ്യപ്പെട്ടിരുന്നത്. ധാർമികതയെ തെല്ലും വില വെക്കാത്ത നിർമിത ബുദ്ധിയുടെ വ്യാപക ഉപയോഗത്തിനെയും ആഗോള സഹകരണം അത്യാവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
നല്ല വിദ്യാർത്ഥിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. രസതന്ത്രവും മാനവിക വിഷയങ്ങളും തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിച്ചു. അധ്യാപനത്തിന് പുറമെ ബൗൺസറായും ലാബ് ടെക്നീഷ്യനായുമൊക്കെ ജോലി ചെയ്ത പരിചയം സമൂഹത്തിലെ പല തരം മനുഷ്യരെയും അവരുടെ പല തരം പ്രശ്നങ്ങളെയും മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള ആദ്യപാഠമായി. പുതിയ കാര്യങ്ങൾ അറിയാനും പഠിക്കാനും ഉളളിലെ ശാസ്ത്രവിദ്യാർത്ഥിയും സമചിത്തതയോടെയും മനഃസാന്നിധ്യത്തോടെയും കാര്യങ്ങളറിയാനും ചെയ്യാനും ഉള്ളിലെ മനുഷ്യസ്നേഹിയും കൈ കോർത്തു.എളിമയുടെയും മിതത്വത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ജീവിതപാതയിലൂടെ ലോകത്തെയും മനുഷ്യരെയും തൊട്ടറിഞ്ഞ് അവർക്കൊപ്പം 88 വർഷം.
ഈശോസഭയിൽ നിന്നും ആദ്യമായി , ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നും ആദ്യമായി മാർപാപ്പയായ ഫ്രാൻസിസ് പാപ്പ സഭക്കകത്തും പുറത്തും നവീകരണത്തിന്റെയും സഹകരണത്തിന്റെയും ഉറച്ച വക്താവായിരുന്നു. ആയുധങ്ങള്‍ നിശബ്ദമായിരിക്കുന്ന സമാധാനം പുലർന്ന, എല്ലാ തരം മനുഷ്യരും ഒന്നു ചേർന്നിരിക്കുന്ന ഒരു ലോകം സ്വപ്നം കണ്ട് ആ മനുഷ്യസ്നേഹി നിത്യതയുടെ സമാധാനത്തിലേക്ക് നടന്നു കയറി. ആ വിശുദ്ധജീവിതം ബാക്കി വെച്ച മനുഷ്യസ്നേഹത്തിന്റെയും കരുതലിന്റെയും പാഠങ്ങൾ വരാനിരിക്കുന്ന ഇടയൻമാർക്കും അവർ നയിക്കുന്ന കുഞ്ഞാടുകൾക്കും മാത്രമല്ല ഈ ലോകത്തിന് തന്നെ വെളിച്ചമാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications