ഭീകരവാദത്തിനുള്ള ഫണ്ടിംഗ് കുറഞ്ഞു; ഗ്രേ ലിസ്റ്റിൽ നിന്നും പാക്കിസ്ഥാനെ ഒഴിവാക്കി എഫ്എടിഎഫ്, ഇനി..
ദില്ലി: പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽനിന്ന് ഒഴിവാക്കി ഫിനാൻഷ്യൽ ആക‌്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്). നാല് വർഷത്തിന് ശേഷമാണ് നടപടി. പാരീസിൽ നടന്ന എഫ്എടിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ 2017 ലായിരുന്നു പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.

ഭീകരവാദ പ്രവർത്തനത്തിനുള്ള സാമ്പത്തിക ഒഴുക്കിനെ നീരീക്ഷിക്കുന്ന ആഗോള സംഘടനയാണ് എഫ് എ ടി എഫ്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന രാജ്യങ്ങളെ 'ഗ്രേ' ലിസ്റ്റിൽ ഉൾപ്പെടുത്തിയാണ് സംഘടന നിയന്ത്രണങ്ങൾ നടപ്പാക്കുക. ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് ഐ എം എഫ്, ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, യൂറോപ്യൻ യൂണിയൻ എന്നിവയിൽ നിന്നും വായ്പ ലഭിക്കില്ല.

അതേസമയം സംഘടനയുടെ പുതിയ തീരുമാനം സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാകിസ്ഥാനെ സംബന്ധിച്ച് വലിയ ആശ്വാസമാകും. ഇനി മുതൽ കൂടുതൽ വായ്പകളും സഹായങ്ങളും നേടിയെടുക്കാൻ രാജ്യത്തിന് സാധിക്കും. പാക്കിസ്ഥാനെ കൂടാതെ നിക്വാരഗ്വയേയും പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 23 രാജ്യങ്ങളാണ് പട്ടികയിൽ ഉള്ളത്. ഫിലിപ്പീൻസ്, സിറിയ, യെമൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉഗാണ്ട, മൊറോക്കോ, ജമൈക്ക, കംബോഡിയ, ബുർക്കിന ഫാസോ, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ ഉള്ളത്.

ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ
ഗ്രേലിസ്റ്റിൽ ഉൾപ്പുത്തുന്നതോടെ രാജ്യത്തെ പ്രവർത്തനങ്ങൾ സംഘടന കൂടുതൽ നിരീക്ഷണങ്ങൾക്ക് വിധേയമാക്കും. മാത്രമല്ല സംഘടന നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകളും പാലിക്കാൻ രാജ്യങ്ങൾ തയ്യാറാവണം. പരാജയപ്പെട്ടാൽ ഈ രാജ്യങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഭീകരവാദം, കള്ളപ്പണ ഇടപാട് എന്നിവ നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ എഫ് എ ടി എഫ് നൽകുന്നത്.

ഭീകരവാദത്തെ ഇല്ലാതാക്കാനായി പ്രത്യേകം കർമ്മ പദ്ധതി നടപ്പാക്കാൻ എഫ് എ ടി എഫ് നേരത്തേ പാക്കിസ്ഥാനോട് നിർദ്ദേശിച്ചിരുന്നു. പരാജയപ്പെട്ടാൽ അംഗരാജ്യങ്ങൾ പാക്കിസ്ഥാനുമായുള്ള വ്യാപാര ബന്ധങ്ങളിലും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന തരത്തിലേക്ക് ഉൾപ്പെടെയുള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം പാക്കിസ്ഥാൻ കാര്യക്ഷമമായി ഇടപെടൽ നടത്തിയതിനാലാണ് ഇപ്പോൾ ഗ്രേലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി.

അതേസമയം എ ഫ് എ ടി എഫിന്റെ ശക്തമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഭീകരവാദികൾക്കെതിരായ നടപടി കടുപ്പിക്കാൻ പാക്കിസ്ഥാൻ നിർബന്ധിതരായെന്ന് വിഷയത്തിൽ ഇന്ത്യ പ്രതികരിച്ചു. തീവ്രവാദിത്തിനെതിരെ ഇനിയും ശക്തവും സുസ്ഥിരവുമായ നടപടികളുമായി സംഘടന മുന്നോട്ട് പോകണമെന്നതാണ് ലോക രാജ്യങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.ആന്റി മണി ലോണ്ടറിംഗ് & കൗണ്ടർ ടെററിസ്റ്റ് ഫിനാൻസിങ് സംവിധാനം (AML/CFT) കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടി എപിജിയുമായി (ഏഷ്യ/പസഫിക് ഗ്രൂപ്പ് ഓൺ മണി ലോണ്ടറിംഗ്) യോജിച്ചുള്ള പ്രവർത്തനം പാക്കിസ്ഥാൻ ഇനിയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.












Click it and Unblock the Notifications