ജോര്‍ജ് ഫ്ളോയിഡിന്റെ സഹോദരിയുടെ പേരക്കുട്ടിയ്ക്ക് വെടിയേറ്റു; ആസൂത്രിത അക്രമമെന്ന് കുടുംബം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പൊലീസിന്റെ വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ ബന്ധുവിന് വെടിയേറ്റു. വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെയാണ് ജോര്‍ജ് ഫ്ളോയിഡിന്റെ സഹോദരിയുടെ പേരക്കുട്ടിയ്ക്ക് വെടിയേറ്റത്.
വെടിയേറ്റ അരിയാന ഡെലാനെയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പുതുവത്സരദിനത്തിലായിരുന്നു ആക്രമണം. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവമെന്ന് വീട്ടുകാര്‍ പറയുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു നാല് വയസുകാരിയായ അരിയാന. നാല് മുതിര്‍ന്നവരും അരിയാന അടക്കം രണ്ട് കുട്ടികളുമാണ് മുറിയില്‍ ഉണ്ടായിരുന്നത്.
അരിയാനയുടെ ശ്വാസകോശത്തിനും കരളിലും പരിക്കേറ്റിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

അതേസമയം തന്റെ മകള്‍ക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നാണ് പിതാവ് ഡെറിക് ഡെലന്‍ എ ബി സി 13 ഹൂസ്റ്റനനോട് പറഞ്ഞത്. 'ഉറങ്ങിക്കൊണ്ടിരുന്ന എന്റെ മകള്‍ ചാടിയെണീറ്റ് എന്നോട് പറഞ്ഞു, ഡാഡീ എനിക്ക് വെടിയേറ്റു, ഞാന്‍ നോക്കുമ്പോള്‍ അവളുടെ ശരീരത്തില്‍ നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു,' ഡെറിക് ഡെലന്‍ പറഞ്ഞു. നല്ല ഉറക്കത്തിലായതിനാല്‍ എന്താണ് സംഭവിച്ചതെന്ന് അവള്‍ക്കറിയില്ലായിരുന്നെന്നും ഡെറിക് ഡെലന്‍ പറഞ്ഞു.
മുറിയിലാകെ രക്തമുണ്ടായിരുന്നെന്നും അതോടെയാണ് മകള്‍ ആക്രമിക്കപ്പെട്ടെന്ന് മനസിലായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം നടന്നയുടന്‍ പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയെന്നും അദ്ദേഹം ആരോപിച്ചു. മൂന്ന് മണിയ്ക്ക് ആക്രമണമുണ്ടായിട്ടും രാവിലെ ഏഴ് മണി വരെ പൊലീസെത്തിയില്ലെന്നാണ് ഡെറിക് ആരോപിക്കുന്നത്.
തന്റെ മകള്‍ക്ക് നര്‍ത്തകിയോ ചിയര്‍ ലീഡറോ ആകണമെന്നായിരുന്നു ആഗ്രഹമെന്ന് ഡെറിക്ക് പറയുന്നു. സുഖം പ്രാപിച്ചതിന് ശേഷം അവളുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ അവള്‍ക്ക് കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഹൂസ്റ്റണ്‍ പൊലീസ് അറിയിക്കുന്നത്. ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം പുറത്തുകൊണ്ടുവരുമെന്നും പൊലീസ് പറഞ്ഞു. ആസൂത്രിതമായ ആക്രമണമാണോ അതോ കുടുംബത്തിലെ മറ്റുള്ളവരെയായിരുന്നോ ലക്ഷ്യം വെച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തനമാകുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം സംഭവസ്ഥലത്ത് പൊലീസ് എത്താന്‍ വൈകിയെന്ന കുടുംബത്തിന്റെ ആരോപണം അന്വേഷിക്കുമെന്ന് ഹൂസ്റ്റണ്‍ പൊലീസ് ചീഫ് ട്രോയ് ഫിന്നര്‍ പറഞ്ഞു.
2020 ലായിരുന്നു ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ചൗ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പൊലീസുകാരന്‍ ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടിനിടയില്‍ ഞെരിച്ചമര്‍ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തില്‍ ലോകം മുഴുവന്‍ വലിയ പ്രതിഷേധമാണുയര്‍ന്നത്. പ്രതിയായ ഡെറിക് ചൗ 20 വര്‍ഷത്തിലേറെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.
ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന പേരില്‍ അറിയപ്പെട്ട പ്രതിഷേധത്തില്‍ അരിയാനയും തന്റെ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുത്തിരുന്നു. ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ സഹോദരിയാണ് അരിയാനയുടെ മുത്തശ്ശി ലതോണിയ.












Click it and Unblock the Notifications