അലറിക്കരയുന്ന യാത്രക്കാരും പൈലറ്റും, ജര്‍മ്മന്‍വിങ്സ് വിമാനത്തില്‍ അവസാനം നടന്ന കാര്യങ്ങള്‍
ബെര്‍ലിന്‍: 150 യാത്രക്കാരുമായി ആല്‍പ്‌സ് പര്‍വ്വത നിരകളിലേയ്ക്ക് ഇടിച്ചറങ്ങിയ ജര്‍മ്മന്‍വിങ്‌സ് വിമാനത്തിന്റെ അവസാന നിമിഷങ്ങളില്‍ സംഭവിച്ച കാര്യങ്ങളുടെ ശബ്ദരേഖ പുറത്ത്. പൈലറ്റായ പാട്രിക്ക് സൊന്ദേയ്മര്‍ ടോയ്‌ലറ്റില്‍ പോയ സമയത്താണ് വിമാനത്തിന്റെ നിയന്ത്രണം സഹപൈലറ്റും ദുരന്തത്തിന് കാരണക്കാരനുമായ ലുബിട്‌സ് ഏറ്റെടുക്കുന്നത്.
കോക്ക്പിറ്റ് അകത്തു നിന്ന് പൂട്ടി പൈലറ്റിന് അകത്തേയ്ക്ക് കടക്കാന്‍ വയ്യാത്ത തരത്തിലാക്കുകയായിരുന്നു ലുബിട്‌സ്. ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളെ ലക്ഷ്യമാക്കി ഇയാള്‍ വിമാനം താഴ്ത്തി പറപ്പിച്ചു. വിമാനം താഴേയ്ക്ക് പോകുന്നതില്‍ അപകടം മണത്ത യാത്രക്കാര്‍ പ്രാണ ഭയത്തോടെ അലറിക്കരയാന്‍ തുടങ്ങി.

വിമാനത്തിന്റെ കോക്ക്പിറ്റ് റിക്കോര്‍ഡറില്‍ നിന്നുള്ള ശബ്ദരേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്. പലതവണ ലുബ്ടിസിനോട് വാതില്‍ തുറക്കാന്‍ പൈലറ്റ് ആവശ്യപ്പെടുന്നു. ഒടുവില്‍ യാചിയ്ക്കുകയും ചെയ്യുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കടക്കാനുള്ള ശ്രമവും പൈലറ്റ് നടത്തി. വോയിസ് റിക്കോര്‍ഡറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജര്‍മ്മന്‍ പത്രമായ ബ്ലിഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാത്രമല്ല ലുബിട്‌സിന് കാഴ്ചക്കുറവുണ്ടായിരുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബാര്‍സലോണയില്‍ നിന്ന് വിമാനം പുറപ്പെടുമ്പോള്‍ ടോയ്‌ലറ്റില്‍ പോകാനുള്ള സമയം പൈലറ്റിന് ലഭിച്ചിരുന്നില്ല. വിമാനം പറത്തിയശേഷം താന്‍ ഏത് നിമിഷവും ടോയ്‌ലറ്റിലേയ്ക്ക് പോകുമെന്നും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്നും സഹപൈലറ്റിന് നിര്‍ദ്ദേശം നല്‍കി. ഈ അവസരം മുതലെടുത്താണ് സഹപൈലറ്റ് വിമാനം പര്‍വ്വതത്തിലേയ്ക്ക് ഇടിച്ചിറക്കിയത്.












Click it and Unblock the Notifications