സ്വര്‍ണം ആദ്യം, എണ്ണ പിന്നെ; പാകിസ്താന് 500 കോടിയുടെ വാഗ്ദാനപ്പെരുമഴ, 'കോട്ട' മറികടക്കണം
ഇസ്ലാമാബാദ്: പാകിസ്താനില്‍ ക്രൂഡ് ഓയില്‍ ഖനനത്തിന് വലിയ ഒരുക്കങ്ങളുമായി അമേരിക്ക വരികയാണ്. നേരത്തെ പല എണ്ണ കമ്പനികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് പുറമെയാണ് അമേരിക്കയുടെ വരവ്. ഭാവിയില്‍ ഇന്ത്യയ്ക്ക് പാകിസ്താനില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങേണ്ട അവസ്ഥ വരും എന്നാണ് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.
എന്നാല്‍ ക്രൂഡ് ഓയില്‍ ഖനനത്തിന് വേണ്ടി പാകിസ്താനില്‍ എത്തിയ പല കമ്പനികളും സമീപകാലത്ത് പിന്‍വാങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രൂഡ് ഓയില്‍ ഖനനം ചെയ്യുന്നതിനേക്കാള്‍ പലരും ശ്രദ്ധ പതിപ്പിക്കുന്നത് പാകിസ്താനിലെ സ്വര്‍ണവും ചെമ്പുമാണ്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന പുതിയ വിവരങ്ങള്‍ പാകിസ്താന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഖനനത്തിന് ഞങ്ങള്‍ റെഡി എന്ന് പറഞ്ഞ് നിരവധി ഏജന്‍സികള്‍ രംഗത്തുവന്നുകഴിഞ്ഞു.

പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലാണ് റെക്കോ ദിഖ് എന്ന ഖനി. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണവും ചെമ്പും ഉള്ളത് ഇവിടെയാണ് എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ സമ്പൂര്‍ണ ഖനനം ഇതുവരെ സാധ്യമായിട്ടില്ല. കൂടാതെ, ഈ പ്രവിശ്യ സായുധ സംഘങ്ങളുടെ കേന്ദ്രവുമാണ്. സുരക്ഷാ വെല്ലുവിളി നേരിടുന്നുമുണ്ട്.
പാകിസ്താന്‍ സൈന്യത്തിന് പോലും ബലൂചിസ്താനിലെ ചില മേഖലകളിലേക്ക് ഭയംകൂടാതെ എത്താന്‍ പറ്റില്ല എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇടയ്ക്കിടെ സൈനികര്‍ക്ക് നേരെ ഇവിടെ ബലൂച് സായുധ സംഘങ്ങള്‍ ആക്രമണം നടത്താറുമുണ്ട്. അടുത്തിടെ നിരവധി സൈനികര്‍ കൊല്ലപ്പെട്ട സ്‌ഫോടനം ഇവിടെ നടന്നിരുന്നു. ട്രെയിന്‍ റാഞ്ചി നിരവധി പേരെ കൊലപ്പെടുത്തിയ സംഭവവമുണ്ടായി.
സൗദി അറേബ്യ ചര്‍ച്ച നടത്തുന്നു
സൗദി അറേബ്യ റെക്കോ ദിഖ് ഖനിയില്‍ നോട്ടമിട്ടിട്ടുണ്ട് എന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. പാകിസ്താന്‍ ഭരണകൂടത്തിനും ബലൂചിസ്താന്‍ പ്രവിശ്യാ സര്‍ക്കാരിനും കാനഡ കേന്ദ്രമായുള്ള ബാരിക് ഗോള്‍ഡ് ഖനന കമ്പനിക്കുമാണ് സ്വര്‍ണ, ചെമ്പ് ഖനികളുടെ ഉടമസ്ഥാവകാശം. പാകിസ്താന്‍ സര്‍ക്കാരിന്റെ ഓഹരി സൗദി അറേബ്യയ്ക്ക് വില്‍ക്കാനായിരുന്നു നീക്കം. എന്നാല്‍ അത് സുരക്ഷാ കാരണങ്ങളാല്‍ വിജയിച്ചില്ല. ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നുണ്ട്.
അതിനിടെയാണ് മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നത്. ഖനന പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് 300 കോടി ഡോളറാണ്. മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് ഉള്‍പ്പെടെയാണ് ഈ ചെലവ്. എന്നാല്‍ 500 കോടി ഡോളറിന്റെ വാഗ്ദാനം പാകിസ്താന് ലഭിച്ചിട്ടുണ്ടത്രെ. വിവിധ ധനകാര്യ സ്ഥാപനങ്ങളും ഏജന്‍സികളുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി), ഇസ്ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് (ഐഡിബി), അന്താരാഷ്ട്ര ഫിനാന്‍സ് കോര്‍പറേഷന്‍ (ഐഎഫ്‌സി), യുഎസ് എക്‌സിം ബാങ്ക് എന്നിവയ്ക്ക് പുറമെ ജര്‍മനിയിലെയും ഡെന്മാര്‍ക്കിലെയും കമ്പനികളും പണം വാഗ്ദാനം ചെയ്തു എന്ന് റിപ്പോര്‍ട്ടിലുണ്ട്. പാകിസ്താനെ സാമ്പത്തികമായി പല ഘട്ടങ്ങളിലും സഹായിച്ച ഏജന്‍സികളും ഇക്കൂട്ടത്തിലുണ്ട്.
ഖനന മേഖലയിലേക്ക് അമേരിക്കന്‍ കമ്പനികളെ ആകര്‍ഷിക്കാന്‍ യുഎസ് എംബസിയുടെ സഹകരണത്തോടെ പാകിസ്താന്‍ വെബിനാര്‍ സംഘടിപ്പിച്ചിരുന്നു. 6 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ ഖനന മേഖല. ചെമ്പ്, സ്വര്‍ണം കൂടാതെ മറ്റു പ്രകൃതി വിഭവങ്ങളും ഇവിടെയുണ്ട്.












Click it and Unblock the Notifications