ഇസ്രായേല്‍ കരുതിയ പോലെ സിംപിളല്ല ഹമാസ്; ഞെട്ടിപ്പിക്കുന്ന ആക്രമണം, ഞൊടിയിടയില്‍ ചിത്രം മാറി
ഗാസ സിറ്റി: ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ കയറി ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതാണ് പലസ്തീന്‍-ഇസ്രായേല്‍ യുദ്ധത്തിന്റെ പെട്ടെന്നുള്ള കാരണം. ശൈഖ് ജര്‍റാഹിലെ കുടിയിറക്കലും തീവ്ര ദേശീയ വാദികളായ ജൂത സംഘങ്ങളുടെ ആക്രമവും പ്രകോപനവുമെല്ലാം നിലനില്‍ക്കവെയായിരുന്നു ഇസ്രായേല്‍ ആക്രമണം. ഇതിന് മറുപടിയായി അന്ത്യശാസനം പ്രഖ്യാപിച്ചുകൊണ്ടാണ് ഹമാസ് വിഷയത്തില്‍ ഇടപെട്ടത്.
Recommended Video
കനത്ത മഴയില്‍ വെള്ളക്കെട്ടായ തിരുവനന്തപുരം നഗരം, ചിത്രങ്ങള്‍ കാണാം
ചൊവ്വാഴ്ച വൈകീട്ട് ആറ് മണി വരെയാണ് ഹമാസ് ഇസ്രായേല്‍ സൈന്യത്തിന് സമയം നല്‍കിയത്. എന്നിട്ടും അല്‍ അഖ്‌സ പള്ളിയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ശക്തമായ ആക്രമണം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഇത് അവഗണിച്ച ഇസ്രായേലിന് തെറ്റിപ്പോയി എന്ന് പിന്നീട് നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്...

വിജയം പ്രതീക്ഷിച്ചെത്തിയ ഇസ്രായേല്‍
ഇതിന് മുമ്പ് ഹമാസും ഇസ്രായേലും തമ്മില്‍ കൊമ്പുകോര്‍ത്തത് 2014ലാണ്. ഗാസയില്‍ ശക്തമായ ആള്‍നഷ്ടവും മറ്റും സംഭവിച്ചു അന്ന്. ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ചവച്ചു തുപ്പിയ പോലെ ഗാസ മുനമ്പിന്റെ കോലം മാറി. സമാനമായ വിജയം തന്നെയാണ് ഇപ്പോഴും ഇസ്രായേല്‍ പ്രതീക്ഷിച്ചത്. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്.

7 വര്‍ഷത്തെ മൗനം
ഗാസയില്‍ നിയന്ത്രണമുള്ള സായുധ സംഘമാണ് ഹമാസ്. ഇവരുടെ സൈനിക വിഭാഗമാണ് അല്‍ ഖസ്സാം ബ്രിഗേഡ്. ഇവരെ കൂടാതെ ഗാസയില്‍ ഒട്ടേറെ സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ഇടയ്ക്കിടെ ഇസ്രായേലുമായി സംഘര്‍ഷമുണ്ടാകാറുണ്ടെങ്കിലും ഹമാസ് മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായുള്ള ചിത്രം ഇതാണ്.

രണ്ട് വെല്ലുവളി
ഹമാസ് നേരിട്ടിരുന്നത് രണ്ട് വെല്ലുവിളികളാണ്. ഒന്ന് രാഷ്ട്രീയമായി അന്തര്‍ദേശീയ തലത്തില്‍ ഇടപെടാന്‍ ഹമാസിന് സാധിച്ചിരുന്നില്ല എന്നതാണ്. മറ്റൊന്ന്, ഇസ്രായേലുമായി നേരിടാതെ മൗനം പാലിക്കുന്നതില്‍ ഗാസയിലെ സായുധ സംഘങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദവും ഹമാസ് നേരിട്ടിരുന്നു. ഇതിനെല്ലാം മറുപടിയാകുയാണ് പുതിയ സംഭവങ്ങള്‍.

ഉപരോധത്തില്‍ മുങ്ങിയ ഗാസ
ഫതഹും അവരുടെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ അതോറിറ്റിയും ആഗോള സമൂഹവുമായി ബന്ധം സ്ഥാപിച്ചിരുന്നു. സഹായവും അവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ 2007ലെ തിരഞ്ഞെടുപ്പില്‍ ഹമാസിന്റെ നിയന്ത്രണത്തിലായ ഗാസ ഈ വേളയില്‍ ഞെരിഞ്ഞ് അമരുകയാണുണ്ടായത്. 2007 മുതല്‍ തുടരുന്ന ഇസ്രായേല്‍ ഉപരോധമാണ് ഈ ചെറു ഭൂപ്രദേശത്തെ പ്രതിസന്ധിയിലാക്കിയത്.

അബ്ബാസിന്റെ അട്ടിമറി
ഈ മാസം 22ന് ഗാസയും വെസ്റ്റ് ബാങ്കും ജറുസലേമും ഉള്‍പ്പെടുന്ന പലസ്തീന്‍ പ്രദേശങ്ങളില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എന്നാല്‍ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടുത്തിടെ നിലപാട് മാറ്റി. തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അബ്ബാസ് അട്ടിമറി നടത്തുന്നു എന്നാണ് ഹമാസ് ഇതിനോട് പ്രതികരിച്ചത്.

യുദ്ധമായി കണക്കാക്കാന്‍ പറ്റില്ല
ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധം നടക്കുന്നു എന്ന് പറയുന്നത് ശരിയാകില്ല എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കാരണം വെസ്റ്റ് ഏഷ്യയിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയാണ് ഇസ്രായേല്‍. ആണവായുധം വരെ കൈവശമുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. എന്നാല്‍ ഹമാസ് ആകട്ടെ, കേവലം 365 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശത്ത് സ്വാധീനമുള്ള ഒരു സംഘടനയും. ഇവിടെ ഹമാസിനെ എതിര്‍ക്കുന്ന സംഘങ്ങളുമുണ്ട് എന്നത് വേറെ കാര്യം.

ഹമാസ് ശരിക്കും ഞെട്ടിച്ചു
വേഗത്തില്‍ ജയിക്കാമെന്ന് കരുതിയ ഇസ്രായേല്‍ സൈന്യത്തെ ഞെട്ടിക്കുന്ന ഹമസിനെയാണ് ഇത്തവണ കാണുന്നത്. 2014ലെ യുദ്ധത്തില്‍ 50 ദിവസത്തിനിടെ 4000 റോക്കറ്റുകള്‍ മാത്രമാണ് ഹമാസ് ഇസ്രായേലിലേക്ക് തൊടുത്തുവിട്ടത്. മിക്കതും ഇസ്രായേലിലേക്ക് എത്തിയതുമില്ല. ഇത്തവണ ആദ്യ രണ്ടു ദിവസം തന്നെ ഹമാസ് അയച്ച റോക്കറ്റുകളുടെ എണ്ണം 1500 കടന്നു. മിനുട്ടുകളുടെ വ്യത്യാസത്തിലാണ് നൂറു കണക്കിന് മിസൈലുകള്‍ ഇസ്രായേലില്‍ പ്രകമ്പനം സൃഷ്ടിച്ചത്.

ചാരക്കണ്ണുകള്‍ വെട്ടിച്ച് ആക്രമണം
ഗാസ അതിര്‍ത്തിയില്‍ വിന്യസിച്ചിടുള്ള മിസൈല്‍ പ്രതിരോധ കവചത്തിന്റെ കണ്ണുവെട്ടിച്ചാണ് ഹമാസിന്റെ റോക്കറ്റുകള്‍ ഇസ്രായേല്‍ ജനവാസ മേഖലിയില്‍ നാശം വിതച്ചത്. 2014ല്‍ ഏഴ് ഇസ്രായേല്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. ഇത്തവണ ആദ്യ ദിവസം തന്നെ അഞ്ച് ഇസ്രായേല്‍ പൗരന്‍മാരെയും ഒരു ഇസ്രായേല്‍ സൈനികനെയും ഹമാസ് വധിച്ചു. മൗനം പാലിച്ച 7 വര്‍ഷം ഹമാസ് ശക്തി സംഭരിക്കുകയായിരുന്നു എന്നാണ് വിലയിരുത്തുന്നത്.
ഗ്ലാമര്‍ ലുക്കില്‍ നിക്കി തംമ്പോളി, പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications