വന്‍ തിരിച്ചടി വരുന്നു!! ഹമാസ്-ഹൂത്തി അപൂര്‍വ കൂടിക്കാഴ്ച; ഖത്തര്‍ ചര്‍ച്ചയ്ക്ക് ഇസ്രായേല്‍
ബെയ്‌റൂത്ത്: ഗാസയിലെ റഫാ ഓപറേഷന് ഇസ്രായേല്‍ സൈന്യം ഒരുങ്ങവെ, അപൂര്‍വ കൂടിക്കാഴ്ച നടത്തി ഹമാസും യമനിലെ ഹൂത്തി വിമതരും. പലസ്തീന് പുറത്ത് ഇസ്രായേലിനെതിരെ സൈനികമായി നീങ്ങുന്ന സംഘമാണ് ഹൂത്തികള്‍. ചെങ്കടലില്‍ ഇവര്‍ നടത്തുന്ന ആക്രമണം ഇസ്രായേലിന് സാമ്പത്തികമായി വലിയ ഞെരുക്കമാണ് സൃഷ്ടിക്കുന്നത്.
പലസ്തീനിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ഹൂത്തികളുമായി ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ചര്‍ച്ച നടത്തി എന്നാണ് പുതിയ വിവരം. ഇസ്രായേലിനെതിരെ ശക്തമായ സംഘടിത ആക്രമണമാണ് ഇവര്‍ ചര്‍ച്ച ചെയ്തതത്രെ. ഹമാസിന് പുറമെ, ഇസ്ലാമിക് ജിഹാദ്, മാര്‍ക്‌സിസ്റ്റ് വിഭാഗമായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് പലസ്തീന്‍ എന്നീ സംഘടനകളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ ഭാഗമായി.

ഇസ്രായേലിനെതിരെ പോരാടുന്ന സംഘങ്ങളാണ് എല്ലാം. പക്ഷേ, ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് നീങ്ങുന്നത്. ഇനി മുതല്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചര്‍ച്ച നടന്നത് എന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ നീക്കം ഫലം കണ്ടാല്‍ വലിയ തിരിച്ചടിയാകും ഇസ്രായേലിന് ലഭിക്കുക. ഹൂത്തികളെ പിന്തിരിപ്പിക്കാന്‍ അമേരിക്ക രഹസ്യമായി ഇറാന്‍ പ്രതിനിധികളുമായി ഒമാനില്‍ വച്ച് ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹമാസിന്റെ ഭരണത്തിലുള്ള പലസ്തീന്‍ പ്രദേശമായ ഗാസ പൂര്‍ണമായും ഇസ്രായേല്‍ തകര്‍ത്തിട്ടുണ്ട്. ഈജിപ്ത് അതിര്‍ത്തിയോട് ചേര്‍ന്ന റഫയില്‍ മാത്രമാണ് ഇസ്രായേല്‍ ആക്രമണം കാര്യമായി നടക്കാത്തത്. വീട് നഷ്ടപ്പെട്ട 15 ലക്ഷത്തോളം പലസ്തീന്‍കാര്‍ റഫയില്‍ തമ്പടിച്ചിരിക്കുകയാണ്. ഈ മേഖലയില്‍ ആക്രമണം ശക്തമാക്കി പലസ്തീന്‍കാരെ ഈജിപ്തിലെ സിനായ് മരുഭൂമിയിലേക്ക് തുരത്താനാണ് ഇസ്രായേല്‍ പദ്ധതി.
ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തിന് ശേഷം ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണം പതിന്മടങ്ങ് വര്‍ധിപ്പിച്ചിരുന്നു. ഹമാസിനെ പിന്തുണച്ച് ഇസ്രായേലിനെ സൈനികമായി നേരിടുന്നത് ലബ്‌നാനിലെ ഹിസ്ബുല്ലയും യമനിലെ ഹൂത്തികളും മാത്രമാണ്. ഹൂത്തികള്‍ക്ക് ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ സാധ്യമല്ല. ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഹൂത്തികളുടെ ആക്രമണം കാരണം ചെങ്കടല്‍ വഴി ഇസ്രായേലിലേക്ക് ചരക്കെത്തുന്നത് കുറഞ്ഞിരിക്കുകയാണ്. ഇസ്രായേലിലേക്ക് വരുന്ന കപ്പലുകള്‍ ചെങ്കടല്‍ ഒഴിവാക്കി ആഫ്രിക്ക വഴിയാണ് ഇപ്പോള്‍ എത്തുന്നത്. ഇത് ഇസ്രായേലിന് ഇരട്ടി ചെലവ് സൃഷ്ടിച്ചിട്ടുണ്ട്. ഇസ്രായേല്‍, അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ ഹൂത്തികള്‍ ചെങ്കടലില്‍ ആക്രമിച്ചിരുന്നു. ആക്രമണം ശക്തമാക്കാനാണ് ഇവരുടെ പുതിയ തീരുമാനം.
അതേസമയം, ഹമാസ് പിടികൂടിയ ഇസ്രായേല്‍ സൈനികരായ ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് നെതന്യാഹു ഭരണകൂടം. ഖത്തറില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് പ്രതിനിധികളെ അയക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു തീരുമാനിച്ചു. ഖത്തര്‍, അമേരിക്ക, ഫ്രാന്‍സ്, ഇസ്രായേല്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഭാഗമാകും. ഹമാസ് നേതാക്കള്‍ നേരത്തെ ഖത്തറിലുണ്ട്.












Click it and Unblock the Notifications