ഹാർവിയല്ല, ഇർമയല്ല, ഇത് മരിയ.. ചില്ലറക്കാരിയല്ല, ആഞ്ഞടിക്കുന്നു...
സാന്‍ ഹുവാന്‍: കരീബിയന്‍ തീരങ്ങളിലും അമേരിക്കയിലും ഉഗ്രശേഷിയോടെ ആഞ്ഞടിച്ച് നാശം വിതച്ച ഹാര്‍വി, ഇര്‍മ ചുഴലിക്കൊടുങ്കാറ്റുകള്‍ക്കു ശേഷം കരീബിയക്ക് പേടിസ്വപ്‌നമായി മരിയ എത്തി. ശനിയാഴ്ച അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപം കൊണ്ട മരിയ കരീബിയന്‍ ദ്വീപസമൂഹമായ ഡൊമിനിക്കയില്‍ ആഞ്ഞടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 72,000 ല്‍ അധികം ആളുകള്‍ താമസിക്കുന്ന സ്ഥലമാണിത്.
കാറ്റഗറി 5 ല്‍ എത്തിയ മരിയ ചുഴലിക്കൊടുങ്കാറ്റ് ഡൊമിനിക്കയില്‍ ഭൂചനലനത്തിനും ഇടയാക്കിയിരുന്നു. കൊടുങ്കാറ്റില്‍ പെട്ട് തന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു പൊയെന്നും തന്റെ വീട് പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണെന്നും ഡൊമിനിക്കന്‍ പ്രധാനമന്ത്രി റൂസ്‌വെല്‍റ്റ് സ്‌കെറിറ്റ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. താന്‍ സ്ഥലത്തു നിന്നും പിന്നീട് രക്ഷപെട്ടെന്നും റൂസ്‌വെല്‍റ്റ് പിന്നീട് അറിയിച്ചു.

മണിക്കൂറില്‍ 260 കിലോമീറ്ററിലധികം വേഗതയിലാണ് മരിയ ആഞ്ഞടിക്കുന്നത്. ഇര്‍മ്മക്കു പിന്നാലെ ഹോസെ ചുഴലിക്കാറ്റും കരീബിയന്‍ തീരങ്ങളില്‍ എത്തിയിരുന്നു. അതിനു പിന്നാലെയാണ് മരിയയുടെ വരവ്. മണിക്കൂറില്‍ 209 മുതല്‍ 251 കിലോമീറ്റര്‍ വരെ ആഞ്ഞടിക്കാന്‍ ശേഷിയുള്ളതാണ് കാറ്റഗറി 4 ല്‍ പെട്ട കൊടുങ്കാറ്റുകള്‍. കാറ്റഗറി 5ല്‍ പെട്ട കാറ്റുകള്‍ മണിക്കൂറില്‍ 252 കിലോമീറ്റര്‍ വേഗതക്കു മുകളില്‍ ആഞ്ഞടിക്കും.












Click it and Unblock the Notifications