പനാമ രേഖകളില്‍ കുടുങ്ങി പ്രധാനമന്ത്രി; സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു, തെറിക്കും!!

  • Written By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാനമ രേഖകളില്‍ കുടുങ്ങിയ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിനെതിരേ അന്വേഷണം നടത്താന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. നവാസ് ശെരീഫും കുടുംബാംഗങ്ങളും കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയാണ് പ്രത്യേക സംഘം അന്വേഷിക്കുക. പ്രധാനമന്ത്രിയെ അയോഗ്യനാക്കണമെന്ന് ഡിവിഷന്‍ ബെഞ്ചിലെ രണ്ട് ജഡ്ജിമാര്‍ ആവശ്യപ്പെട്ടു.

അയോഗ്യനാക്കുകയാണെങ്കില്‍ നവാസ് ശെരീഫിന് പുറത്തുപോകേണ്ടി വന്നേനെ. എന്നാല്‍ അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ അന്വേഷണം നടത്തണമെന്ന അഭിപ്രായം പ്രകടിപ്പിക്കുകയായിരുന്നു. പ്രതിപക്ഷമായ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇംറാന്‍ ഖാന്‍ നല്‍കിയ പരാതിയിലാണ് സുപ്രിംകോടതി നടപടി.

60 ദിവസത്തിനകം റിപ്പോര്‍ട്ട്

വിശദമായ അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അന്വേഷണ സംഘത്തിന് മുമ്പില്‍ നവാസ് ശെരീഫും മക്കളും നേരിട്ട് ഹാജരാവണമെന്നും കോടതി ആവശ്യപ്പെട്ടു.

വന്‍ അന്വേഷണ സംഘം

ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, നാഷനല്‍ എകൗണ്ടബിലിറ്റി ബ്യൂറോ, സെക്യൂരിറ്റി ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍, മിലിറ്ററി ഇന്റലിജന്‍സ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് അന്വേഷിക്കുക. ഫെഡറല്‍ അന്വേഷണ ഏജന്‍സിയുടെ അഡീഷനല്‍ ഡയറക്ടറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക.

മൊസ്സാക് ഫൊന്‍സേക രേഖ

പനാമയിലെ നിയമ കമ്പനിയായ മൊസ്സാക് ഫൊന്‍സേകയുടെ രഹസ്യ രേഖകള്‍ ചോര്‍ന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ് കള്ളപ്പണം വെളുപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുന്നുണ്ട്.

വ്യാജ കമ്പനിയുണ്ടാക്കി കള്ളപ്പണം വെളുപ്പിച്ചു

പാനമയില്‍ വ്യാജ കമ്പനിയുണ്ടാക്കി കള്ളപ്പണം വെളുപ്പിച്ച ശേഷം ഈ പണം ഉപയോഗിച്ച് ബ്രിട്ടനില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നാണ് ആരോപണം. ശെരീഫിന്റെ മൂന്ന് ആണ്‍മക്കളുംം ഒരു മകളും വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. ഇവരും അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാവണം.

മൂന്നാം തവണയും പുറത്താകുമോ

വന്‍ വ്യവസായിയായ നവാസ് ശെരീഫ് മൂന്നാം തവണയാണ് പാകിസ്താന്റെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്നത്. ആദ്യത്തെ രണ്ടുതവണയും സൈനിക ഇടപെടലിനെ തുടര്‍ന്ന് പുറത്തായി. ഇപ്പോഴും പുറത്താകുന്ന സാഹചര്യമാണുള്ളത്. കോടതി അയോഗ്യനാക്കിയാല്‍ പുറത്താകുമായിരുന്നു.

അയോഗ്യനാക്കപ്പെടും

60 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാവണമെന്നാണ് കോടതിയുടെ നിര്‍ദേശം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അയോഗ്യനാക്കപ്പെടും. പിന്നെ ആരെ പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് ശെരീഫ് വിഭാഗം പ്രധാനമന്ത്രിയാക്കുമെന്നതാണ് ചോദ്യം. സൈന്യം ഭരണത്തില്‍ ഇടപെടാനും സാധ്യതയുണ്ട്.

സൈന്യം ഇടപെട്ടാല്‍ ഇന്ത്യക്ക് തിരിച്ചടി

സൈന്യം പാകിസ്താനില്‍ അധികാരത്തിലെത്തുന്നത് ഇന്ത്യയുള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്. നവാസ് ശെരീഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗഹൃദം നിലനിര്‍ത്തുന്നവരാണ്. സൈന്യം അധികാരത്തിലേക്ക് വരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കും.

English summary
Pakistan Prime Minister Nawaz Sharif today dodged disqualification after a split decision by the Supreme Court which ordered a joint investigation in allegations against him in the "Panama Papers" leaks.
Please Wait while comments are loading...