'ജനവരി 20 ന് മുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും';ഭീഷണിയുമായി ട്രംപ്
ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ഭരണത്തിലേറുന്ന ജനുവരി 20 ന് മുൻപ് ഗസയിലെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പശ്ചിമേഷ്യ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് ട്രംപ് ഭീഷണിമുഴക്കി. 'ഉത്തരവാദികൾക്കെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകും. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ പ്രഹരമായിരിക്കും അത്. അതിനാൽ ഇപ്പോൾ തന്നെ ബന്ദികളെ മോചിപ്പിക്കണം', ട്രംപ് എക്സിൽ കുറിച്ചു.
ട്രംപിന്റെ വാക്കുകളോട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പ്രസിഡന്റ് ഇസാഖ് ഹെർസോഗ് ട്രംപിന്റെ വാക്കുകളെ സ്വാഗതം ചെയ്തു. ട്രംപിന് നന്ദിയുണ്ടെന്നും ഞങ്ങളുടെ സഹോദരി സഹോദരൻമാർ സുരക്ഷിതമായി മടങ്ങുന്നതിനായി പ്രാർത്ഥിക്കുകയാണെന്നും ഇസാഖ് പറഞ്ഞു.

തെക്കൻ ഇസ്രായേലിൽ കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തോടെയാണ് ഗസയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്. 1200 ഓളം പേരാണ് അന്ന് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 250 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിൽ 100 ഓളം പേർ ഇപ്പോഴും ഗസയിൽ തടങ്കലിലാണ്. ഇതിൽ എത്രപേർ ജീവനോടെ ഉണ്ടെന്ന് വ്യക്തമല്ല.
അതേസമയം കഴിഞ്ഞ ദിവസം ഹമാസന്റെ പിടിയിലുണ്ടായിരുന്ന യുഎസ്-ഇസ്രായേലി പൗരനായ ഒമേർ ന്യൂട്ര കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇയാളുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഇസ്രായേൽ വാർത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് ഹമാസനെതിരെ ട്രംപ് ഭീഷണി മുഴക്കിയത്.
അതിനിടെ കഴിഞ്ഞ ദിവസം എഡാൻ അലക്സാണ്ടർ എന്നയാളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. ഇസ്രായേൽ സൈന്യത്തിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണ് അലക്സാണ്ടർ. തന്റേയും ഇസ്രായേൽ ബന്ദിയാക്കിയവരേയും മോചിപ്പിക്കാൻ യുഎസ് ഇടപെടണമെന്നാണ് വീഡിയോയിൽ അലക്സാണ്ടർ അപേക്ഷിക്കുന്നത്. ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാനുള്ള അവസാന ശ്രമത്തിലാണ് അമേരിക്കയിലെ ജോ ബൈജൻ ഭരണകുടം. ഇസ്രായേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തലിനായി നേരത്തേ യുഎസ് ഇടപെട്ടിരുന്നു.
അതേസമയം വെടിനിർത്തലിനായി ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് യുഎസ് ഭരണകുടം പറയുന്നത്. ഗസയിലെ സാധരണ ജനങ്ങളുടെ ജീവനെ കുറിച്ച് അവർക്ക് യാതൊരു ആശങ്കയുമില്ലെന്നും യുഎസ് വിമർശിച്ചു. ഗസയിലെ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 44,429 പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഗസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.












Click it and Unblock the Notifications