സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടി; ഇന്ത്യയുടെ കടുംവെട്ടില്‍ മൂന്നാം സ്ഥാനത്തേക്ക്, എണ്ണയില്‍ റഷ്യ
ന്യൂഡല്‍ഹി/റിയാദ്: തന്ത്രപരമായ നയതന്ത്ര നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. സൗദി അറേബ്യയുമായി ബന്ധം ശക്തമാക്കാന്‍ ഒരു ഭാഗത്ത് ശ്രമം തുടരവെ, മറുഭാഗത്ത് വ്യാപാരത്തില്‍ ചില കാതലായ മാറ്റങ്ങള്‍ വരുത്തി. ഇതുവരെ പശ്ചിമേഷ്യയില്‍ നിന്നായിരുന്നു ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ മാറ്റി നിര്‍ത്തി ഇന്ത്യ മറ്റുചില മാര്‍ഗങ്ങള്‍ നോക്കിയിരിക്കുന്നു.
ഒക്ടോബറിലെ എണ്ണ വാങ്ങല്‍ കണക്കുകള്‍ പുറത്തുവന്നപ്പോള്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇന്ത്യ വെട്ടിക്കുറച്ചുവെന്ന് വ്യക്തമായി. പകരം റഷ്യയുടെ എണ്ണ വന്‍തോതില്‍ വാങ്ങുകയും ചെയ്യുന്നു. ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ഇറാഖില്‍ നിന്നാണ്. ശേഷം സൗദിയില്‍ നിന്ന്. എന്നാല്‍ അടുത്ത കാലത്തായി ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സൗദി അറേബ്യയേക്കാള്‍ ഇന്ത്യ എണ്ണയ്ക്ക് വേണ്ടി റഷ്യയെ ആശ്രയിക്കുകയാണ്. ഇതോടെ സൗദിയെ പിന്തള്ള റഷ്യ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ ഒക്ടോബറിലെ കണക്കുകളില്‍ ഇറാഖിനെയും പിന്തള്ളി റഷ്യയാണ് ഒന്നാം സ്ഥാനത്ത്.

പരമ്പരാഗതമായി ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങിയിരുന്നത് സൗദിയില്‍ നിന്നാണ്. ആഭ്യന്തര യുദ്ധം കഴിഞ്ഞതോടെയാണ് ഇറാഖില്‍ നിന്ന് കൂടുതലായി എണ്ണ ഇറക്കുമതി തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും അടവ് മാറ്റിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കാന്‍ തുടങ്ങിയതോടെ റഷ്യയില്‍ നിന്നാണിപ്പോള്‍ കൂടുതല്‍ എണ്ണ ഇറക്കുന്നത്. സാമ്പത്തികമായി നേട്ടമാണ് കേന്ദ്രത്തിന്റെ നീക്കം.

ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം ഓരോ ദിവസവും ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കിയത് 946000 ബാരല്‍ എണ്ണയാണ്. ഇതുവരെ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നതിന്റെ ഏറ്റവും ഉയര്‍ന്ന അളവാണിത്. ഇന്ത്യയ്ക്ക് ആവശ്യമുള്ള എണ്ണയുടെ 22 ശതമാനം വരുമിത്. ഇറാഖില്‍ നിന്ന് ഇന്ത്യ ഇറക്കിയത് 20.5 ശതമാനം എണ്ണയാണ്. സൗദിയില്‍ നിന്ന് 16 ശതമാനവും.

ഒക്ടോബറില്‍ ഇന്ത്യ എണ്ണ ഇറക്കുമതിയില്‍ 5 ശതമാനം വര്‍ധനവ് വരുത്തിയിട്ടുണ്ട്. റഷ്യയില്‍ നിന്ന് ഇറക്കുന്നതില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയതെന്ന് എനര്‍ജി ഇന്റലിജന്‍സ് കമ്പനിയായ വോര്‍ട്ടെക്‌സ് കണക്കുകള്‍ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഇന്ത്യ കുറയ്ക്കുന്നു എന്നാണ് ഇതില്‍ എടുത്തുപറയേണ്ടത്.

റഷ്യ ഒന്നാം സ്ഥാനത്തേക്കും സൗദി മൂന്നാം സ്ഥാനത്തേക്കും മാറി എന്നതാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ വന്നിരിക്കുന്ന മാറ്റം. സൗദിയും ഇന്ത്യയും തമ്മില്‍ ഒരു ഭാഗത്ത് ബന്ധം ശക്തമാക്കാനുള്ള ശ്രമം നടക്കുമ്പോഴാണ് ഈ മാറ്റം എന്നതും എടുത്തുപറയണം. സൗദിയുടെ പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കവെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

അമേരിക്ക ഉപരോധം ചുമത്തിയ പശ്ചാത്തലത്തില്‍ റഷ്യ വില കുറച്ച് എണ്ണ വില്‍ക്കുകയാണ്. ഈ അവസരമാണ് ഇന്ത്യയും ചൈനയും മുതലെടുക്കുന്നത്. എന്നാല്‍ റഷ്യന്‍ എണ്ണ വിലയില്‍ ആഗോള വിപണിയില്‍ പരിധി നിശ്ചിയിക്കാന്‍ അമേരിക്കയും യൂറോപ്പും നീക്കം നടത്തുന്നുണ്ട്. അങ്ങനെ വന്നാല്‍ വില കുറച്ച് വാങ്ങുന്നതിന് ഇന്ത്യയ്ക്ക് തടസം നേരിടും.

സെപ്തംബറില്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് ഓരോ ദിവസവും 807000 ബാരല്‍ എണ്ണ എത്തിയിരുന്നു. ഒക്ടോബറില്‍ ഇത് 706000 ആയി കുറച്ചിരിക്കുകയാണ്. ഇറാഖില്‍ നിന്ന് വാങ്ങുന്ന എണ്ണയില്‍ ഇന്ത്യ കുറവ് വരുത്തിയിട്ടില്ല. റഷ്യയില്‍ നിന്ന് കൂടുതല്‍ വാങ്ങുകയും സൗദിയില്‍ നിന്ന് കുറയ്ക്കുകയുമാണ് ചെയ്തിരിക്കുന്നത്.

ഫലത്തില്‍ ലോകത്തെ പ്രധാന വിപണിയായ ഇന്ത്യ സൗദി അറേബ്യയ്ക്ക് നഷ്ടമാകുന്നത് ആ രാജ്യത്തിന് തിരിച്ചടിയാണ്. എന്നാല്‍ റഷ്യന്‍ എണ്ണയുടെ വരവ് കുറഞ്ഞാല്‍ വീണ്ടും സൗദിയെ ആശ്രയിക്കേണ്ടി വരും. മാത്രമല്ല, വില ഉയരുകയും ചെയ്യും. റഷ്യയെ കൂടുതല്‍ കാലം ആശ്രയിക്കാന്‍ സാധിക്കില്ല എന്ന് ഇന്ത്യയ്ക്ക് അറിയാം. അമേരിക്ക നിലപാട് കടുപ്പിച്ചാല്‍ ഇറാനെ കൈവിട്ട പോലെ റഷ്യയുടെ കാര്യത്തിലും ഇന്ത്യയ്ക്ക് പിന്‍വാങ്ങേണ്ടി വന്നേക്കാം.












Click it and Unblock the Notifications