ഇന്ത്യ-റഷ്യ ബന്ധം ശക്തമാകുന്നു; സ്വയം പരിതപിച്ച് അമേരിക്ക
വാഷിംഗ്ടൺ; ഇന്ത്യയും റഷ്യയും തമ്മിലുള്ള അടുത്ത ബന്ധത്തിൽ പ്രതികരണം അറിയിച്ച് യുഎസ്. നേരത്തെ ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ യുഎസിന് സാധിക്കാതെ ഇരുന്നതിനാലാണ് ഇന്ത്യ റഷ്യയുമായി കൂടുതൽ അടുത്തത് എന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. എന്നാൽ ഇന്ന് ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ ഒത്തുചേരൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. ബുധനാഴ്ച നിയമനിർമ്മാതാക്കളോട് സംസാരിക്കവെയാണ് ബ്ലിങ്കെൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
"ഇന്ത്യയുടെയും റഷ്യയുടെയും ബന്ധം ദശാബ്ദങ്ങൾ പഴക്കമുള്ളതാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഞങ്ങൾക്ക് ഇന്ത്യയുടെ ഒരു പങ്കാളിയാകാൻ പറ്റാത്ത അവസ്ഥയിൽ റഷ്യ പോലുള്ള ഒരു രാജ്യത്തിന്റെ സൗഹൃദം ഇന്ത്യക്ക് അനിവാര്യമായിരുന്നു.," അദ്ദേഹം പറഞ്ഞു."എന്നാൽ ഇപ്പോൾ ഞങ്ങൾ ഈ ശ്രമത്തിന് ധാരാളം നിക്ഷേപം നടത്തുന്നുണ്ട്. അമേരിക്കയും ഇന്ത്യയും തമ്മിൽ തന്ത്രപരമായ ഒത്തുചേരൽ വളർന്നുവരുന്നു എന്നാണ് ഞാൻ കരുതുന്നത്." ബ്ലിങ്കെൻ കൂട്ടിച്ചേർത്തു. ഇന്ത്യ-യുഎസ് ബന്ധത്തെക്കുറിച്ച് ബ്ലിങ്കന്റെ കാഴ്ചപ്പാടുകൾ സെനറ്റർ വില്യം ഹാഗെർട്ടി തേടിയിരുന്നു. ഇതിന്റെ മറുപടിയിലാണ് ബ്ലിങ്കൻ കാര്യങ്ങൾ വിശദമാക്കിയത്.

ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുമായി നമുക്കുള്ള തന്ത്രപരമായ പങ്കാളിത്തം 21-ാം നൂറ്റാണ്ടിൽ കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാനുള്ള അവസരം നൽകുമെന്നാണ് താൻ കരുതുന്നതെന്ന് ഹാഗെർട്ടി പറഞ്ഞു. ഹാഗെർട്ടി പങ്കിട്ട കാഴ്ചപ്പാട് താൻ വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ബ്ലിങ്കെൻ പ്രതികരിച്ചു. അടുത്ത ദശകങ്ങളിൽ ഞങ്ങൾ മുന്നോട്ട് പോകുന്ന ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ പങ്കാളിത്തമുണ്ടാക്കാൻ ഇരു രാജ്യങ്ങൾക്കും കഴിയുമെന്ന് കരുതുന്നു എന്നും ബ്ലിങ്കെൻ കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി മോദിയുമായും ഇന്ത്യയുടെ നേതൃത്വവുമായും നേരിട്ട് ഇടപഴകാൻ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ടെന്ന് ബ്ലിങ്കെൻ പറഞ്ഞു.
"ഇന്ത്യയും ഓസ്‌ട്രേലിയയും ജപ്പാനും ഞങ്ങളുമായി ഒരുമിച്ച് കൊണ്ടുവരുന്ന ക്വാഡിന് ഞങ്ങൾ ഊർജം പകരും. ഇന്ത്യയുമായുള്ള വൈവിധ്യമാർന്ന ഞങ്ങളുടെ സഹകരണം ശക്തിപ്പെടുത്തും. ഇത് തന്ത്രപരമായ മാറ്റത്തിന്റെ ഒരു നിമിഷമാണ്. നിരവധി രാജ്യങ്ങൾ ഇപ്പോൾ അവരുടെ ചില ബന്ധങ്ങളിൽ പുനഃപരിശോധന നടത്തി വരുകയാണ്. പ്രത്യേകിച്ചും റഷ്യയുമായുള്ള അവരുടെ ബന്ധത്തിന്റെ കാര്യത്തിൽ" ബ്ലിങ്കെൻ പറഞ്ഞു. നേരത്തെ റഷ്യ യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ മൃദു നിലപാട് സ്വീകരിക്കുന്നു എന്നതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്നെ ഇന്ത്യക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. റഷ്യയെ കുറ്റപ്പെടുത്തിയുള്ള വോട്ടിം ഗിൽ നിന്നെല്ലാം തന്നെ ഇന്ത്യ പിന്മാറിയിരുന്നു. യുദ്ധത്തിൽ ഒരു രാജ്യത്തെയും സഹായിക്കാനോ കുറ്റപ്പെടുത്താനോ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. ചർച്ചകൾ മാത്രമാണ് യുദ്ധം ഒഴിവാക്കാനുള്ള മാർ ഗം എന്നാണ് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications