ഇറാനിൽ നിന്ന് വേണ്ട ,ഇന്ത്യ വെനസ്വലേയിൽ നിന്ന് എണ്ണ വാങ്ങിയാൽ മതി; കരാർ ഉണ്ടാക്കിയെന്ന് ട്രംപ്
ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പകരം വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ അറക്കുമതി ചെയ്യുമെന്ന് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇത് സംബന്ധിച്ച് തങ്ങൾ കരാർ ഉണ്ടാക്കിയെന്നും ട്രംപ് പറഞ്ഞു. എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.
നേരത്തേ വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങിയ ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾക്ക് 25% ഇറക്കുമതി തീരുവ ട്രംപ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ജനുവരിയിൽ പിടികൂടിയ ശേഷം എണ്ണ സമ്പന്നമായ വെനസ്വേലയുടെ നിയന്ത്രണം ഇപ്പോൾ അമേരിക്കയുടെ കൈകളിലാണ്. ഇതിന് പിന്നാലെയാണ് ട്രംപിൻ്റെ പരാമർശം. നേരത്തേ റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്കെതിരെ യു എസ് തീരുവ ചുമത്തിയിരുന്നു. റഷ്യയുടെ എണ്ണ വാങ്ങുന്നത് വഴി യുക്രൈനെതിരായ യുദ്ധത്തിന് ഇന്ത്യ ഇന്ധനം പകരുകയാണെന്നായിരുന്നു യു.എസ് വിമർശനം. അതേസമയം ട്രംപിൻ്റെ പുതിയ പരാമർശത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇറാനെതിരായ അമേരിക്കയുടെ ദീർഘകാല ഉപരോധങ്ങൾ കാരണം ഇന്ത്യ നിലവിൽ വളരെ കുറഞ്ഞ അസംസ്കൃത എണ്ണയാണ് അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഈ ഉപരോധങ്ങൾക്ക് മുമ്പ് ഇറാൻ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായിരുന്നുവെങ്കിലും, സമീപ വർഷങ്ങളിൽ ആ വ്യാപാരം ഏതാണ്ട് പൂർണ്ണമായി നിലച്ചു. ഇറാനെതിരായ അമേരിക്കയുടെ ദീർഘകാല ഉപരോധങ്ങൾ കാരണം ഇന്ത്യ നിലവിൽ വളരെ കുറഞ്ഞ അസംസ്കൃത എണ്ണയാണ് അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഈ ഉപരോധങ്ങൾക്ക് മുമ്പ് ഇറാൻ ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരായിരുന്നുവെങ്കിലും, സമീപ വർഷങ്ങളിൽ ആ വ്യാപാരം ഏതാണ്ട് പൂർണ്ണമായി നിലച്ചു.
നിലവിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിൽ ഇന്ത്യക്കും മറ്റു രാജ്യങ്ങൾക്കും വെനസ്വേലൻ ക്രൂഡ് എണ്ണ പ്രോത്സാഹിപ്പിക്കുന്നതുവഴി റഷ്യയുടെ എണ്ണ വരുമാനം കുറയ്ക്കുക എന്നതാണ് യുഎസ് ലക്ഷ്യം. ഇറാനെതിരായ യുഎസ് നീക്കത്തിൽ ഇറാനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന തരത്തിലുള്ള റഷ്യൻ പ്രതികരണവും യുഎസ് നീക്കത്തിന് പിന്നിലുണ്ട്., ഇറാൻ്റെ എണ്ണ കയറ്റുമതി തടസ്സപ്പെടുത്തി ടെഹ്‌റാന് മേലുള്ള ഉപരോധം കൂടുതൽ ശക്തമാക്കാനും യുഎസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെനസ്വേലയുടെ താൽക്കാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസും വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചു. ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കാൻ ഇരുവരും ധാരണയായി. ജനുവരി മൂന്നിന് മഡുറോയെയും ഭാര്യയെയും അമേരിക്ക പിടികൂടിയതിന് ശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ സംഭാഷണമായിരുന്നു ഇത്.
' വെനസ്വേലയുടെ താൽക്കാലിക പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി സംസാരിച്ചു. ഇന്ത്യ-വെനസ്വേല ബന്ധം വരും വർഷങ്ങളിൽ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുക എന്ന പൊതുവായ കാഴ്ചപ്പാടോടെ എല്ലാ മേഖലകളിലും നമ്മുടെ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വികസിപ്പിക്കാനും ഞങ്ങൾ സമ്മതിച്ചു,' പ്രധാനമന്ത്രി മോദി എക്സിലെ തന്റെ പോസ്റ്റിൽ കുറിച്ചു.
വ്യാപാരം, നിക്ഷേപം, ഊർജ്ജം, ഡിജിറ്റൽ സാങ്കേതിക വിദ്യ, ആരോഗ്യം, കൃഷി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യ - വെനസ്വേല പങ്കാളിത്തം വികസിപ്പിക്കാനും ആഴത്തിലാക്കാനും ഇരുനേതാക്കളും ധാരണയിലെത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്യുകയും, ഗ്ലോബൽ സൗത്ത് സഹകരണത്തിന് ഊന്നൽ നൽകുകയും ചെയ്തു. കൃഷി, ശാസ്ത്ര സാങ്കേതിക വിദ്യ, ഖനനം, ടൂറിസം, ഫാർമസ്യൂട്ടിക്കൽ, ഓട്ടോമോട്ടീവ് വ്യവസായ മേഖലകളിലെ പങ്കാളിത്തവും ചർച്ചയായിയെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.












Click it and Unblock the Notifications