യുക്രൈൻ റഷ്യ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് ദൃഢമല്ല; വിമർശനവുമായി ജോ ബൈഡൻ
വാഷിം ഗ്ടൺ; റഷ്യ യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെതിരെ വിമർശനവുമായി അമേരിക്ക. യുദ്ധ സാഹചര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ചാഞ്ചാടുന്നു എന്നാണ് വിമർശനം. വാഷിംഗ്ടണിന്റെ സഖ്യകക്ഷികളിൽ ഇന്ത്യ ഒരു അപവാദമാണെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച പറഞ്ഞു. വാഷിംഗ്ടണിൽ യുഎസ് ബിസിനസ്സ് നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബൈഡൻ. യുദ്ധത്തിന്റെ വിഷയത്തിൽ റഷ്യയെയും യുക്രൈനെയും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ നിക്ഷപക്ഷ നിലപാടാണ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ എടുത്തത്.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതും യുഎസ് ഐക്യരാഷ്ട്രസഭയിൽ മോസ്കോക്കെതിരെ അവതരിപ്പിച്ച പ്രമേയത്തെ പിൻതുണക്കാത്ത തരത്തിൽ നിലപാട് സ്വീകരിച്ചതും ആണ് അമേരിക്കയെ ചൊടിപ്പിക്കാൻ കാരണമായത്. അതേ സമയം പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ നിലപാട് സ്വീകരിച്ചതിന് നാറ്റോ, യൂറോപ്യൻ യൂണിയൻ, പ്രധാന ഏഷ്യൻ പങ്കാളികൾ എന്നിവയുൾപ്പെടെ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തെ ബൈഡൻ അഭിനന്ദിച്ചു. ഇപ്പോൾ ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ റഷ്യയുടെ കറൻസി, അന്താരാഷ്‌ട്ര വ്യാപാരം, ഹൈടെക് സാധനങ്ങളിലേക്കുള്ള കയറ്റുമതി ഇറക്കുമതി നിരോധനം എന്നിവ തടയാനുള്ള ഉപരോധങ്ങളും ഉൾപ്പെടുന്നുണ്ട്.

റഷ്യയുടെ കാര്യത്തിൽ നാറ്റോയിലും പസഫിക്കിലും ഒരു ഐക്യമുന്നണി ഉണ്ടായിരുന്നുവെന്ന് ബൈഡൻ യോഗത്തിൽ സൂചിപ്പിച്ചു. റഷ്യയുടെ ആക്രമണത്തിനെതിരായ നിലപാടിൽ സഖ്യ കക്ഷികളിൽ ഇന്ത്യയുടെ നിലപാട് ചിലയിടത്ത് ദൃഢമല്ല. എന്നാൽ ജപ്പാൻറെയും ഓസ്ട്രേലിയയുടെ നിലപാട് ദൃഢമാണ് - ബൈഡൻ പറഞ്ഞു. പുടിൻ എപ്പോഴും നാറ്റോയെ പിളർക്കാനാണ് ശ്രമിച്ചത്.എന്നാൽ നാറ്റോ ശക്തമാകുകയാണ് ചെയ്തത്. ചരിത്രത്തിൽ തന്നെ ഏറ്റവും ശക്തമായ നിലയിലാണ് ഇന്ന് നാറ്റോ പ്രവർത്തുന്നതെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യക്കെതിരെ ബൈഡൻറെ വിമർശനം ഉയരുമ്പോഴും റഷ്യയിൽ നിന്നും ഇന്ത്യ ആദായ വിലയിൽ ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഉപയോഗത്തിൻറെ 85 ശതമാനം ക്രൂഡ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വളരെ കുറച്ച് മാത്രമാണ് എന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ യുദ്ധം ഉണ്ടാക്കിയ പ്രതിസന്ധി നേരിടുന്ന അവസ്ഥയിൽ രാജ്യം മറ്റ് ഊർജ്ജ സ്രോതസ്സുകൾ തേടുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേർസ് റിപ്പോർട്ട് ചെയ്തു. അതേ സമയം യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇടപെടണം എന്ന് നേരത്തെ യുക്രൈൻ പ്രസിഡന്റ് പറഞ്ഞിരുന്നു.












Click it and Unblock the Notifications