താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തി; നേരിട്ടുള്ള കൂടിക്കാഴ്ച ആദ്യം, വിഷയം ഇതാണ്
ദോഹ/ന്യൂഡല്‍ഹി: ഇന്ത്യയുടെയും താലിബാന്റെയും ഉദ്യോഗസ്ഥര്‍ ആദ്യമായി നേരിട്ടുള്ള ചര്‍ച്ച നടത്തി. ഖത്തര്‍ തലസ്ഥാനമായ ദോഹയിലായിരുന്നു ചര്‍ച്ച. ഖത്തര്‍ അംബാസഡര്‍ ദീപക് മിത്തലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. താലിബാന്റെ രാഷ്ട്രീയ കാര്യ നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റനക്‌സായിയുമായിട്ടായിരുന്നു ചര്‍ച്ച. അഫ്ഗാനിലെ ഇന്ത്യയ്ക്കാരുടെ സുരക്ഷയും സുഗമമായ മടങ്ങി വരവും സംബന്ധിച്ച കാര്യങ്ങളായിരുന്നു വിഷയം എന്ന് സര്‍ക്കാര്‍ അറിയിച്ചു.

ദോഹയിലെ ഇന്ത്യന്‍ എംബസിയിലായിരുന്നു കൂടിക്കാഴ്ച. താലിബാന്റെ ആവശ്യപ്രകാരമാണ് ചര്‍ച്ച സംഘടിപ്പിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയിലേക്ക് വരാന്‍ താല്‍പ്പര്യപ്പെടുന്ന അഫ്ഗാനിലെ ന്യൂനപക്ഷങ്ങളുടെ യാത്ര സംബന്ധിച്ചും സംസാരിച്ചു. അഫ്ഗാന്റെ മണ്ണ് ഇന്ത്യയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് അംബാസഡര്‍ ആവശ്യപ്പെട്ടു. ഒരു തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കരുതെന്നും ഇന്ത്യ വ്യക്തമാക്കി. എല്ലാ വിഷയങ്ങളിലും താലിബാന്‍ പ്രതിനിധി ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കി.
താലിബാനുമായി നയതന്ത്ര തലത്തില്‍ ചര്‍ച്ച നടത്തിയ കാര്യം ഇന്ത്യ ആദ്യമായിട്ടാണ് സമ്മതിക്കുന്നത്. താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിക്കുകയും അമേരിക്കന്‍ സൈന്യം പൂര്‍ണമായും കാബൂള്‍ വിടുകയും ചെയ്തിരിക്കെയാണ് കൂടിക്കാഴ്ച എന്നതും എടുത്തുപറയേണ്ടതാണ്. താലിബാന് ഖത്തറില്‍ രാഷ്ട്രീയകാര്യ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ മേധാവിയാണ് സ്റ്റനക്‌സായി. നേരത്തെ ഇന്ത്യയില്‍ സൈനിക പരിശീലനം നേടിയ വ്യക്തിയാണ് ഇദ്ദേഹം. പിന്നീട് അഫ്ഗാനിലേക്ക് മടങ്ങിയ ശേഷമാണ് സ്റ്റനക്‌സായി വിദേശ സൈനികര്‍ക്കെതിരെ യുദ്ധത്തിലേര്‍പ്പെട്ടത്.
1979 മുതല്‍ 1982 വരെയുള്ള മൂന്ന് വര്‍ഷ കാലമാണ് സ്റ്റനക്‌സായി ഇന്ത്യയിയില്‍ സൈനിക പരിശീലനം നേടിയത്. ഡെറാഡൂണിലെ പരിശീലനകാലത്ത് ഇന്ത്യയിലെ പ്രമുഖരുമായി അദ്ദേഹം അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നുവത്രെ. വിദേശ രാജ്യങ്ങളുമായി താലിബാനെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നതും സ്റ്റനക്‌സായി ആയിരുന്നു. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിവുള്ള താലിബാന്‍ നേതാവാണ് ഇദ്ദേഹം. ചൈന, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുമായും സ്റ്റനക്‌സായി ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യയിലെ പരിശീലനം കഴിഞ്ഞ് മടങ്ങിയ സ്റ്റനക്‌സായി സോവിയറ്റ് സൈന്യത്തിനെതിരെ ആയുധമെടുക്കുകയായിരുന്നു. സോവിയറ്റ് സൈന്യം മടങ്ങുകയും അമേരിക്കന്‍ സൈനികര്‍ അധിനിവേശം തുടങ്ങുകയും ചെയ്ത വേളയിലും താലിബാന്റെ അന്തര്‍ദേശീയ മുഖമായിരുന്നു അദ്ദേഹം. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം താലിബാന്‍ നേതാവ് സബീഹുല്ലാ മുജാഹിദ് പ്രതികരിച്ചത്. എന്നാല്‍ ഇന്ത്യ അഫ്ഗാനിലെ കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.












Click it and Unblock the Notifications