ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യയുടെ മറുപടി; യുഎസിന് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാം: കുറ്റം ഇന്ത്യയ്ക്ക്
വാഷിങ്ടണ്‍/ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു മേല്‍ പുതിയ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ തീരുവ വീണ്ടും വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുക്രൈന്‍ യുദ്ധം പരാമര്‍ശിച്ചാണ് ട്രംപിന്റെ ഭീഷണി. യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യയുമായി ഇന്ത്യ അടുത്ത നയതന്ത്ര ബന്ധവും വ്യാപാര ബന്ധവും തുടരുന്നതാണ് ട്രംപിനെ അസ്വസ്ഥനാക്കുന്നത്.
തന്റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് അകമാണ് വീണ്ടും താരിഫ് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തീരുവ എത്ര വര്‍ധിപ്പിക്കും എന്നത് അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കാന്‍ തയാറായിട്ടില്ല.

ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചത് ഇങ്ങനെ: 'റഷ്യന്‍ എണ്ണ ഇന്ത്യ വന്‍തോതില്‍ വാങ്ങിക്കുന്നു എന്നതു മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും അമിത ലാഭത്തിന് വിപിണിയില്‍ വില്‍ക്കുകയാണ്. ഇക്കാരണത്താല്‍, ഇന്ത്യ അമേരിക്കയ്ക്ക് നല്‍കുന്ന താരിഫ് ഞാന്‍ ഗണ്യമായി വര്‍ധിപ്പിക്കും. എത്രപേരെ റഷ്യ യുക്രൈനില്‍ കൊന്നൊടുക്കുന്നു എന്നത് ഇന്ത്യക്ക് വിഷയമല്ല'.
അതേസമയം, ട്രംപിന്റെ ഭീഷണിക്ക് കൃത്യമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. റഷ്യയുമായുള്ള അമേരിക്കയുടെ വ്യാപാര ബന്ധത്തിന്റെ കണക്കുകള്‍ നിരത്തിയാണ് ഇന്ത്യ ട്രംപിന്റെ ആരോപണങ്ങളെ പ്രതിരോധിച്ചത്. വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് ഈ വിഷയത്തില്‍ മറുപടി നല്‍കിയത്.
ആണവ വ്യവസായത്തിനായുള്ള യുറേനിയം ഹെക്സാഫ്‌ലൂറൈഡ്, വൈദ്യുത വ്യവസായത്തിനുള്ള പല്ലേഡിയം, വളങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ അമേരിക്ക റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
യുക്രൈന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ യുഎസും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ലക്ഷ്യം വയ്ക്കുകയാണ്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന്റെ പേരിലാണിത്. ഇത് ന്യായീകരിക്കാനാവില്ല. ഏതൊരു സമ്പദ്വ്യവസ്ഥയെയും പോലെ, ഇന്ത്യയും അതിന്റെ ദേശീയ താല്‍പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
യുഎസും യൂറോപ്യന്‍ യൂണിയനും റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ വിശദാംശങ്ങള്‍ ജയ്സ്വാള്‍ പരസ്യപ്പെടുത്തി. 2024 ല്‍ റഷ്യയുമായുള്ള യൂറോപ്യന്‍ യൂണിയന്റെ ഉഭയകക്ഷി വ്യാപാരം 67.5 ബില്യണ്‍ യൂറോയാണ്. റഷ്യയുമായുള്ള ഇന്ത്യയുടെ മൊത്തം വ്യാപാരത്തേക്കാള്‍ ഇത് വളരെ കൂടുതലാണ്. ഈ വിഷയത്തില്‍ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഇരട്ടത്താപ്പ് അംഗീകരിക്കാന്‍ കഴിയില്ല - രണ്‍ധീര്‍ ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.
ഊര്‍ജം, വളങ്ങള്‍, ഖനന ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക്, യന്ത്രങ്ങള്‍, ഗതാഗത ഉപകരണങ്ങള്‍ എന്നിവയാണ് യൂറോപ്യന്‍ യൂണിയന്‍ റഷ്യയില്‍ നിന്ന് വാങ്ങുന്നത്.
അതേസമയം ഉയര്‍ന്ന താരിഫിനെ പ്രതിരോധിക്കാന്‍, സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ്, ഇന്ത്യയുടേത് നിര്‍ജീവ സമ്പദ്വ്യവസ്ഥയാണെന്ന ട്രംപിന്റെ വിവാദ പ്രസ്താവനയോട് മോദി പ്രതികരിച്ചത്.
'ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള പാതയിലാണ്. രാജ്യത്തിന്റെ സാമ്പത്തിക താത്പര്യം പ്രധാനമാണ്. ഈ യാത്രയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം സ്വദേശി ഉത്പന്നങ്ങളുടെ വിപ്ലവത്തിനായി ഒന്നിച്ചുനീങ്ങണം. സ്വന്തം ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട സമയമാണിത്. ഓരോ പാര്‍ട്ടിയും നേതാക്കളും പൗരന്മാരും തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് മോദി ആവശ്യപ്പെട്ടു.












Click it and Unblock the Notifications