സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കന്യകാത്വ പരിശോധനവേണമെന്ന് മുന്‍സിപ്പാലിറ്റി
ജക്കാര്‍ത്ത: ഹൈസ്‌കൂള്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പെണ്‍കുട്ടികള്‍ കന്യകാത്വ പരിശോധന വേണമെന്ന വിചിത്ര ആവശ്യവുമായി ഇന്തോനേഷ്യയിലെ ജംബര്‍ മുന്‍സിപ്പാലിറ്റി രംഗത്തെത്തി. കുട്ടികളുടെ കന്യകാത്വം കാത്തു സൂക്ഷിക്കുന്നതിനും അവിഹിത ബന്ധങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായകരമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലീം ഭൂരിപക്ഷമുള്ള ഇന്തോനേഷ്യയിലെ മുന്‍സിപ്പാലിറ്റി രംഗത്തെത്തിയത്.
കൗമാര ലൈംഗികതയ്ക്ക് തടയിടുക, പെണ്‍കുട്ടികള്‍ പല പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക തുടങ്ങിയവയൊക്കെ കന്യകാത്വ പരിശോധന നിര്‍ബന്ധമാക്കുന്നതിലൂടെ ഒഴിവാക്കാമെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ സര്‍ക്കാരിന് മുന്നില്‍വെച്ച നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥികളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ കന്യകാത്വ പരിശോധനയ്ക്ക് അനുമതി നല്‍കിയില്ല.

ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ സംഘടകള്‍ പറഞ്ഞു. പെണ്‍കുട്ടികളെ അപമാനിക്കുന്നതിന് തുല്യമാണിതെന്നും ഇത്തരമൊരു പരിശോധന നടത്തരുതെന്നും അവര്‍ ആവശ്യപ്പെട്ടു. യാഥാസ്ഥിക ചിന്താഗതിക്കാരാണെങ്കിലും ചില മുസ്ലീം പുരോഹിതരും മനുഷ്യാവകാശ സംഘടകളുടെ തീരുമാനത്തോട് യോജിച്ചു.
വിവാദം കടുത്തതോടെ നഗരസഭയുടെ തീരുമാനം സര്‍ക്കാര്‍ തള്ളുകയായിരുന്നു. രാജ്യ മുഴവന്‍ ഇത്തരം ഒരു നിയമം കൊണ്ടുവരണമെന്ന ആവശ്യം പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് പോലീസിലും പട്ടാളത്തിലും ചേരാനായി കന്യകാത്വ പരിശോധന കൊണ്ടുവന്നത് വിവാദത്തിനിടയാക്കിയിരുന്നു.












Click it and Unblock the Notifications