ഇറാന് കണ്ണീർ ദിനം: ഹെലികോപ്ടർ അപകടത്തില്‍ പ്രസിഡന്റ് റെയിസിയും വിദേശ കാര്യമന്ത്രിയും കൊല്ലപ്പെട്ടു
ടെഹ്റാന്‍: ഹെലികോപ്ടർ അപകടത്തില്‍പ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസി കൊലപ്പെട്ടു. ഇബ്രാഹിം റെയിസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയനും ഉള്‍പ്പെടെ ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഹെലികോപ്ടറില്‍ ആരും ജീവനോടെ അവശേഷിച്ചിരുന്നില്ല.
ഹെലികോപ്ടറില്‍ നിന്നും കണ്ടെത്തിയ ചില മൃതദേഹങ്ങള്‍ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തകര്‍ന്ന ഹെലികോപ്ടറിന്‍റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കത്തിക്കരിഞ്ഞ ഹെലികോപ്റ്റർ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെങ്കിലും ആദ്യഘട്ട പരിശോധനയില്‍ സമീപത്തായി ആരെയും കണ്ടെത്താനായിരുന്നില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെ മരണം സ്ഥിരീകരിച്ചുകൊണ്ട് ഇറാൻ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു. അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് ഇറാൻ റെഡ് ക്രെസന്‍റ് ചെയര്‍മാൻ കോലിവാന്‍ഡും അറിയിച്ചു.

പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുള്ള മുഹമമ്മദ് അലി അലൈഹഷെം എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നു മറ്റ് പ്രമുഖർ. അസൈർബൈജാന്‍ അതിർത്തിയില്‍ പുതുതായി പണികഴിപ്പിച്ച ക്വിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്തതിന് ശേഷം ഇറാൻ നഗരമായ തബ്രിസിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു റെയിസി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തില്‍പ്പെട്ടത്.
മൂടല്‍ മഞ്ഞും മഴയും മൂലം മോശം കാലാവസ്ഥയില്‍ ഹെലികോപ്ടർ ഇറാനിലെ ഈസ്റ്റ് അസർബൈജാന്‍ പ്രവിശ്യയില്‍ ജോള്‍ഫക്ക് അടുത്തുള്ള വനമേഖലയില്‍ ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് വിവരം.ടെഹ്റാനില്‍ നിന്നും 600 ലേറെ കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. മോശംകാലാവസ്ഥയിലും ഇന്നലെ തന്നെ വലി രീതിയിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവർത്തനത്തില്‍ പങ്ക് ചേർന്നു. പ്രത്യേക പരിശീലനം ലഭിച്ച 47 പേരടങ്ങുന്ന സംഘത്തേയും ഒരു ഹെലികോപ്റ്ററുമായിരുന്നു ഇറാന്‍ തിരച്ചിലിനായി അയച്ചത്. ഇന്ന് രാവിലെയോടെ ഹെലികോപ്ടർ കണ്ടെത്തിയെങ്കിലും കാര്യങ്ങള്‍ അത്ര നല്ല നിലയില്‍ അല്ലെന്നായിരുന്നു ഇറാന്‍ റെഡ് ക്രസൻ്റ് മേധാവിയെ ഉദ്ധരിച്ച് വാർത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തിരുന്നത്.
ആയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രന്‍ എന്ന് അറിയപ്പെടുന്ന റെയ്സി അദ്ദേഹത്തിന്ന്റെ പിന്‍ഗാമിയാകുമെന്നും കരുതപ്പെട്ടിരുന്നു നേതാവായിരുന്നു. രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലായി പ്രവർത്തിക്കുന്നതിനിടെ 2021 ലാണ് ഇറാന്റെ പ്രസിഡന്റ് പദവിയില്‍ എത്തുന്നത്.












Click it and Unblock the Notifications