സൗദി മാത്രമല്ല, യുഎഇയും കൈവിട്ടു? പുടിനെ കണ്ട് ശൈഖ് മുഹമ്മദ്, അമേരിക്കക്ക് അമ്പരപ്പ്
മോസ്‌കോ: ഗള്‍ഫ് രാജ്യങ്ങളുടെ വിദേശനയത്തില്‍ കാതലായ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന വ്യക്തമായ സൂചന നല്‍കി യുഎഇ പ്രസിഡന്റ് റഷ്യയില്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍ ചര്‍ച്ച നടത്തി. അമേരിക്കയില്‍ നിന്ന് സൗദി അറേബ്യ അകലുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് യുഎഇ പ്രസിഡന്റിന്റെ നടപടി.
സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയില്‍ എത്തിയതായിരുന്നു യുഎഇ പ്രസിഡന്റ്. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമായി എന്ന് പുടിന്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ സൂചിപ്പിച്ചു. യുഎഇ തങ്ങളുടെ വളരെ നല്ല പങ്കാളിയാണ് എന്ന് പുടിന്‍ പറഞ്ഞു. സൗദി അറേബ്യയുടെ വഴിയില്‍ യുഎഇയും സഞ്ചരിക്കുന്നത് അമേരിക്കയെ ആശങ്കയിലാക്കുന്ന നടപടിയാണ്.

റഷ്യയും യുക്രൈനും തമ്മില്‍ ശക്തമായ യുദ്ധം തുടരുകയാണ്. അടുത്തിടെ ഇരുരാജ്യങ്ങളും പരസ്പരം തടവുകാരെ കൈമാറ്റം ചെയ്തിരുന്നു. യുഎഇ നടത്തിയ മധ്യസ്ഥ ശ്രമമാണ് ഇത് സാധ്യമാക്കിയത്. അമേരിക്കയുമായുള്ള തടവുകാരുടെ കൈമാറ്റവും നടന്നു. എല്ലാത്തിനും യുഎഇ നല്‍കിയ പിന്തുണയ്ക്ക് പുടിന്‍ നന്ദി അറിയിച്ചു. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
യുഎഇയും റഷ്യയും തമ്മില്‍ വാണിജ്യ ബന്ധം ശക്തമാക്കുന്ന കാര്യങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തുവെന്ന് യുഎഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഐക്യത്തോടെയാണ് റഷ്യയും യുഎഇയും മുന്നോട്ട് പോകുന്നത്. യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷവും മോസ്‌കോയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുന്ന ഏതാനും ചില രാജ്യങ്ങളിലൊന്നാണ് യുഎഇ. ദുബായില്‍ നിന്ന് ഇപ്പോഴും മോസ്‌കോയിലേക്ക് നേരിട്ട് വിമാന സര്‍വീസുണ്ട്.
അടുത്ത കാലം വരെ ഗള്‍ഫ് മേഖലയില്‍ ശക്തമായ സ്വാധീനമുള്ള രാജ്യമായിരുന്നു അമേരിക്ക. ഡൊണാള്‍ഡ് ട്രംപിന് ശേഷം ജോ ബൈഡന്‍ പ്രസിഡന്റായതോടെ ഈ ബന്ധത്തില്‍ ഉലച്ചില്‍ തട്ടി. റഷ്യയെ ഒറ്റപ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യം സൗദി അറേബ്യയും യുഎഇയും അംഗീകരിച്ചില്ല. ഇരുരാജ്യങ്ങളും റഷ്യയുമായി ബന്ധം തുടരുന്നതിനൊപ്പം യുക്രൈന് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു.
അതേസമയം, ഗള്‍ഫ് മേഖലയില്‍ ചൈനയുടെ സ്വാധീനം ശക്തമായി വരികയാണ്. ഏറെകാലമായി അകന്ന് കഴിഞ്ഞിരുന്ന സൗദിയും ഇറാനും തമ്മില്‍ കരാറൊപ്പിടാന്‍ കാരണം ചൈനയാണ്. ഇതോടെ പശ്ചിമേഷ്യയിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി. യമന്‍, ഇറാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള അകല്‍ച്ച സൗദി അറേബ്യ കുറച്ചു. മാത്രമല്ല, മേഖലയില്‍ ചൈനയ്ക്ക് കൂടുതല്‍ നിക്ഷേപത്തിനുള്ള വാതില്‍ തുറക്കുകയും ചെയ്തു.
ചൈനയുമായി വ്യാപാര-പ്രതിരോധ സഹകരണം ശക്തമാക്കാന്‍ സൗദിയും യുഎഇയും തീരുമാനിച്ചിട്ടുണ്ട്. കോടികളുടെ കരാറാണ് കഴിഞ്ഞ ദിവസം സൗദി-ചൈന നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഒപ്പുവച്ചത്. അമേരിക്കക്കും ഇസ്രായേലിനും അമര്‍ഷമുണ്ടാക്കുന്ന നീക്കങ്ങളാണ് സൗദിയും യുഎഇയും നടത്തുന്നത്. ഗള്‍ഫുമായി ബന്ധം ശക്തമാക്കാന്‍ അമേരിക്കയും ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ അടുത്തിടെ സൗദിയിലെത്തിയത്.












Click it and Unblock the Notifications