പോളിയോ വാക്‌സിനേഷന്‍: ഗാസയില്‍ ആക്രമണത്തിന് പരിമിത ഇടവേള പ്രഖ്യാപിച്ച് ഇസ്രായേലും ഹമാസും
ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് പോരാട്ടം തുടരുന്ന ഗാസയില്‍ മൂന്ന് ദിവസത്തെ പരിമിതമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കും. ഇസ്രായേല്‍ സൈന്യവും ഹമാസും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുകയായിരുന്നു. ഗാസയില്‍ ആദ്യ ഘട്ട പോളിയോ വാക്‌സിനേഷന്‍ നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് മൂന്ന് ദിവസം നിബന്ധനകളോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്.
6,40000 കുട്ടികളാണ് പോളിയോ വാക്‌സിന്‍ എടുക്കുന്നതെന്ന് മുതിര്‍ന്ന ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഞായറാഴ്ച്ചയാണ് വാക്‌സിനേഷന്‍ പ്രചാരണം ആരംഭിക്കുന്നത്. പുലര്‍ച്ചെ ആറ് മണിക്കും ഉച്ചയ്ക്ക് മൂന്ന് മണിക്കും ഇടയിലാണ് യുദ്ധത്തിന് ഇടവേള നല്‍കുകയെന്ന് ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റിക് പീപ്പര്‍കോണ്‍ പറഞ്ഞു.

സെന്‍ട്രല്‍ ഗാസയിലാണ് വാക്‌സിനേഷന്‍ ആരംഭിക്കുക. മൂന്ന് ദിവസം ഇവിടെ യുദ്ധത്തിന് ഇടവേളയുണ്ടാവും. അതിന് ശേഷം ദക്ഷിണ ഗാസയിലാണ് വാക്‌സിനേഷന്‍. അവിടെയും മൂന്ന് ദിവസം പോരാട്ടത്തിന് അവധിയുണ്ടായിരിക്കും. തുടര്‍ന്ന് വടക്കന്‍ ഗാസയില്‍ ആരംഭിക്കും. അതേസമയം ഓരോ മേഖലയിലും ആവശ്യം വന്നാല്‍ നാലാം ദിവസവും വാക്‌സിനേഷന്‍ ഉണ്ടായിരിക്കും. ഈ സമയം യുദ്ധമുണ്ടായിരിക്കില്ലെന്ന് ഇസ്രായേല്‍ സൈന്യവും ഹമാസും അറിയിച്ചിട്ടുണ്ടെന്ന് പീപ്പര്‍കോണ്‍ പറഞ്ഞു.
വാക്‌സിനേഷന്‍ എല്ലായിടത്തും എത്തിക്കാന്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം അധികമായി വരുമെന്ന് ഡബ്ല്യുഎച്ച്ഒ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്ക് റയാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ അറിയിച്ചു. രണ്ടാം ഘട്ട വാക്‌സിനേഷനും ആവശ്യമാണ്. ആദ്യ ഘട്ടം കഴിഞ്ഞ നാലാഴ്ച്ച പിന്നിട്ടാല്‍ രണ്ടാം ഘട്ടം നടക്കുമെന്ന് പീപ്പര്‍കോണ്‍ പറഞ്ഞു.
നേരത്തെ ഗാസയില്‍ ഒരു വയസ്സുള്ള കുഞ്ഞിന് പോളിയോ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര വാക്‌സിനേഷന് ലോകാരോഗ്യ സംഘടന മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് പോളിയോ കേസുകള്‍ ഗാസയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ റൗണ്ടിലും 90 ശതമാനം വാക്‌സിനേഷന്‍ കവറേജാണ് വേണ്ടത്. ഇതിലൂടെ മാത്രമേ പോളിയോ വ്യാപകമാകുന്നത് തടയാനാവൂ. അന്താരാഷ്ട്ര വ്യാപനവും അതിലൂടെ പ്രതിരോധിക്കുമെന്ന് മൈക്ക് റയാന്‍ പറഞ്ഞു.
അന്താരാഷ്ട്ര സംഘടനകളുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പലസ്തീന്‍ കുട്ടികളെ സംരക്ഷിക്കാന്‍ ഈ വാക്‌സിനേഷന്‍ ആവശ്യമാണെന്നും ഹമാസ് നേതാവ് ബാസിം നയീം പറഞ്ഞു. ഇസ്രായേല്‍ സൈന്യത്തിന്റെ ഹ്യൂമനിറ്റേറിയന്‍ വിഭാഗം സൈന്യവുമായി ചേര്‍ന്ന് ഈ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചു.
ഗാസയ്ക്ക് സഹായം എത്തിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. പോളിയോ വാക്‌സിനേഷനെ ഏകോപിപ്പിക്കാന്‍ ലോകാരോഗ്യ സംഘടനയുമായും യുനിസെഫുമായും കൈകോര്‍ക്കുമെന്നും ഇസ്രായേല്‍ വിദേശ കാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.












Click it and Unblock the Notifications