ഇസ്രായേൽ-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കടന്നു, മലയാളി നഴ്സിനും പരിക്ക്
ടെല്‍ അവീവ്: ഇസ്രായേല്‍ - ഹമാസ് യുദ്ധം അതിശക്തമായി തുടരുന്നു. സംഘർഷത്തില്‍ ഇരുരാജ്യങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കടന്നു. അതിർത്തി കടന്ന് ഹമാസ് നടത്തിയ ശക്തമായ ആക്രമണത്തില്‍ ഇസ്രായേല്‍ അക്ഷരാർത്ഥത്തില്‍ വിറങ്ങലിച്ചു. ഇത്തരത്തില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു. സംഗീത പരിപാടി നടന്ന സ്ഥലത്തേക്ക് നടത്തിയ ആക്രമണമാണ് കൂടുതല്‍ രക്തരൂക്ഷിതമായത്. ഇവിടെ നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു.
ഇസ്രയേലില്‍ ഹമാസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു മലയാളി യുവതിക്കും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് (41) പരിക്കേറ്റത്. വടക്കന്‍ ഇസ്രയേലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടയിലായിരുന്നു സമീപത്ത് ഹമാസിന്റെ റോക്കറ്റ് പതിച്ചത്.

വലിയ ശബ്ദത്തോടെ നടന്ന പൊട്ടിത്തെറിക്ക് പിന്നാലെ ഫോണ്‍ സംഭാഷണവും നിലച്ചു. പിന്നീട് ഷീജയെ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നത് വീട്ടുകാരിലും ആശങ്കയുയർത്തി. എന്നാല്‍ പരിക്കുകളോടെ ഷീജ രക്ഷപ്പെട്ടു. ഇവര്‍ ജോലി ചെയ്യുന്ന വീട്ടുകാര്‍ക്കും പരിക്കുണ്ട്. കാലിനാണ് ഷീജയ്ക്ക് പരിക്കേറ്റത്. ഷീജയെ ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി.
അതേസമയം, ഹമാസ് നീക്കത്തില്‍ തുടക്കത്തില്‍ ഞെട്ടിയെങ്കിലും ഗസയില്‍ അതിശക്തമായ ആക്രമണമാണ് ഇസ്രായേലും ഇപ്പോള്‍ നടത്തുന്നത്. ഇസ്രായേല്‍ ആക്രമണത്തില്‍ 450 ഓളം പേർ ഇതുവരെ കൊല്ലപ്പെട്ടു. ഗാസാ അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബത്തിലെ 20 പേരും ഇന്നലെത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ അമേരിക്കക്കാരും ബന്ദികളാക്കിയിരിക്കാമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും അഭിപ്രായപ്പെട്ടു.
"ആക്രമണത്തിൽ 1000-ത്തോളം ഹമാസ് പ്രവർത്തകർ പങ്കെടുത്തതായി റിപ്പോർട്ടുണ്ട്. ഗാസയ്ക്ക് ചുറ്റും ശക്തമായ പോരാട്ടം തുടരുകയാണ്. ഞങ്ങൾ അത് തുടർന്നുകൊണ്ടേയിരിക്കുന്നു. രാജ്യത്തിന്റെ ബാക്കി ഭാഗങ്ങൾ ഇപ്പോൾ ശാന്തമാണെന്ന് തോന്നുന്നു. എന്നാൽ പോരാട്ടത്തിന്റെ തീവ്രത ശക്തമാണ്. ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയത് ഏകദേശം 1000 ലേറെ ഹമാസ് തീവ്രവാദികളാണ്. അവരിൽ ഭൂരിഭാഗവും കൊല്ലപ്പെടുകയോ അല്ലെങ്കിൽ ഗാസയിലേക്ക് മടങ്ങുകയോ ചെയ്തു." ബ്ലിങ്കന്‍ പറഞ്ഞു.
അതേസമയം 44 സൈനികർ ഉൾപ്പെടെ 600 പേരെങ്കിലും ഇസ്രായേലിൽ കൊല്ലപ്പെട്ടതായിട്ടാമ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് നിരവധി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 20 കുട്ടികളടക്കം 313 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയവു അറിയിച്ചു. ഇരുവശത്തുമായി രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ സേന 400 തീവ്രവാദികളെ വധിച്ചതായും ഡസൻ പേരെ പിടികൂടിയതായും ഒരു ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിനിടെ, ലെബനൻ തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയുമായി വടക്കൻ ഇസ്രായേലിൽ നടന്ന വെടിവയ്പ്പ് സംഘർഷം വ്യാപിക്കുമെന്ന ഭയം ഉയർത്തിയിട്ടുണ്ട്. അതിർത്തിയിലെ തർക്ക പ്രദേശത്തെ മൂന്ന് ഇസ്രായേലി കേന്ദ്രങ്ങളില്‍ ഞായറാഴ്ച ഹിസ്ബുള്ള ഡസൻ കണക്കിന് റോക്കറ്റുകളും ഷെല്ലുകളും പ്രയോഗിച്ചുയ. ഇതിനെതിരെ ഇസ്രായേൽ സൈന്യം സായുധ ഡ്രോണുകൾ ഉപയോഗിച്ച് തിരിച്ചടിച്ചു.
ഗാസയിലേക്ക് ഇസ്രായേൽ കര ആക്രമണം നടത്തുമോ എന്നതാണ് പ്രധാന ചോദ്യം. ഇസ്രായേലിന്റെ സുരക്ഷാ കാബിനറ്റ് പ്രഖ്യാപിച്ച യുദ്ധപ്രഖ്യാപനം ഏറെക്കുറെ പ്രതീകാത്മകമായിരുന്നുവെന്ന് ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് മേധാവി യോഹന്നാൻ പ്ലെസ്‌നർ പറഞ്ഞു. എന്നാൽ അത് "നമ്മൾ കൂടുതൽ ദൈർഘ്യമേറിയതും തീവ്രവും പ്രധാനപ്പെട്ടതുമായ യുദ്ധത്തിലേക്ക് പ്രവേശിക്കുകയാണെന്ന് സർക്കാർ കരുതുന്നു എന്ന് തെളിയിക്കുന്നു.", അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications