ആശുപത്രി സ്‌ഫോടനത്തില്‍ ഇസ്രായേലിന് ക്ലീന്‍ ചിറ്റ് നല്‍കി ബൈഡന്‍, ഗാസയ്ക്ക് സഹായം നല്‍കാന്‍ അനുമതി
ജറുസലേം: ഇസ്രായേല്‍-ഹമാസ് യുദ്ധം മുറുകുന്നതിനിടെ യുഎസ് പ്രസിഡന്റ് ഇന്ന് ടെല്‍ അവീവിലെത്തി. ഗസയിലെ ആശുപത്രി ആക്രമണത്തില്‍ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് അദ്ദേഹം ഇസ്രായേലില്‍ എത്തിയത്. പ്രധാമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. യുഎസ്സിന്റെ പിന്തുണ തുടര്‍ന്നും ഇസ്രായേലിനുണ്ടാവുമെന്ന് ബൈഡന്‍ ഉറപ്പ് നല്‍കി.
അതേസമയം ഗാസയിലെ ആശുപത്രി സ്‌ഫോടനത്തില്‍ ഇസ്രായേലിന് ക്ലീന്‍ ചിറ്റും ബൈഡന്‍ നല്‍കി. അഹ്ലി അറബ് ആശുപത്രിയിലെ സ്‌ഫോടനത്തില്‍ ഇസ്രായേലിന് പങ്കില്ലെന്നും, എതിരാളികളാണ് ഇത് ചെയ്തതെന്നും ബൈഡന്‍ പറഞ്ഞു. നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.

നെതന്യാഹുവും ബൈഡനും സംയുക്തമായിട്ടാണ് മാധ്യമങ്ങളെ കണ്ടത്. യുഎസ് ഐക്യദാര്‍ഢ്യം ഇസ്രായേലിനെ അറിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ സന്ദര്‍ശനം. അതേസമയം സമാധാന ശ്രമങ്ങള്‍ക്കായിട്ടുള്ള ബൈഡന്റെ ശ്രമങ്ങള്‍ നേരത്തെ അഹ്ലി ആശുപത്രിയിലെ സ്‌ഫോടനത്തില്‍ മുന്നൂറ് പേരോളം കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചടി നേരിട്ടിരുന്നു.
തനിക്ക് കിട്ടിയ വിവരങ്ങള്‍ പ്രകാരം ഇത് വേറൊരു ടീമാണ് ചെയ്തതെന്നും ബൈഡന്‍ നെതന്യാഹുവിനോട് പറഞ്ഞു. ഹമാസ് ഒരിക്കലും പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കില്ല. കൂടുതല്‍ പ്രശ്‌നങ്ങള്‍ അവര്‍ക്കുണ്ടാക്കി കൊടുക്കുക മാത്രമാണ് ഹമാസ് ചെയ്തിട്ടുള്ളതെന്നും ബൈഡന്‍ ആരോപിച്ചു.
ഇസ്രായേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്. അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും ബൈഡന്‍ വ്യക്തമാക്കി. യുഎസ് പ്രതിരോധ വിഭാഗം തനിക്ക് ലഭ്യമാക്കിയ ഡാറ്റ പ്രകാരം ഇസ്രായേല്‍ അല്ല ഗാസയിലെ ആശുപത്രി സ്‌ഫോടനത്തിന് പിന്നിലെന്ന് ബൈഡന്‍ വിശദീകരിച്ചു. ഹമാസ് 1300 പേരെയാണ് കൂട്ടക്കുരുതിക്ക് ഇരയാക്കിയതെന്നും അതില്‍ 31 അമേരിക്കക്കാരുണ്ടെന്നും ബൈഡന്‍ പറഞ്ഞു.
നൂറുകണക്കിന് ആളുകളെയാണ് അവര്‍ ബന്ദികളാക്കിയത്. കുട്ടികള്‍ അടക്കം അതില്‍ വരും. ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകള്‍ ഇത് വെച്ച് നോക്കുമ്പോള്‍ വളരെ ചെറുതായി തോന്നുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം യുഎസ് പ്രസിഡന്റിന്റെ പിന്തുണയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു. പരിഷ്‌കൃത സമൂഹം നാസികളെയും, ഐസിസിനെയും പരാജയപ്പെടുത്താന്‍ ഒന്നിച്ചത് പോലെ, ഹമാസിനെ പരാജയപ്പെടുത്താനും ഒന്നിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു.
ഈ മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ അത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ സമയത്ത് ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റാണ് ബൈഡന്‍ എന്ന് നെത്യാഹു പറഞ്ഞു. ഇസ്രായേലിനോടുള്ള സമര്‍പ്പണമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈജിപ്തില്‍ നിന്ന് ഗാസയിലേക്കുള്ള സഹായങ്ങള്‍ ഇസ്രായേല്‍ അനുവദിച്ചിട്ടുണ്ട്. ബൈഡന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നെതന്യാഹു അനുമതി നല്‍കിയത്.












Click it and Unblock the Notifications