ഖത്തറിന്റെ ഇടപെടല്‍; ബന്ദികളാക്കിയ രണ്ട് അമേരിക്കന്‍ പൗരന്‍മാരെ വിട്ടയച്ച് ഹമാസ്
ഗാസ: ഇസ്രായേലില്‍ നടത്തിയ ആക്രമണങ്ങള്‍ക്കിടെ തട്ടിക്കൊണ്ടുപോയ 200 ഓളം ബന്ദികളില്‍പ്പെട്ട രണ്ട് അമേരിക്കക്കാരെ ഹമാസ് മോചിപ്പിച്ചു. ജൂഡിത്ത് തായ് റാണനും മകള്‍ നതാലി ശോഷണ റാണനും വെള്ളിയാഴ്ച തിരിച്ചെത്തിയതായി ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചു. ഇവരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല. അതേസമയം അമേരിക്കന്‍ പൗരന്‍മാരെ വിട്ടയച്ച വാര്‍ത്തയില്‍ താന്‍ അതീവ സന്തോഷവാനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
മോചിതരായ ശേഷം ഇരുവരുമായും ബൈഡന്‍ ഫോണില്‍ സംസാരിച്ചു. ബൈഡന്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് മോചനം എന്നതും ശ്രദ്ധേയമാണ്. കൂടുതല്‍ പേരെ ഹമാസ് വിട്ടയച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഖത്തറുമായും ഈജിപ്തുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ഹമാസ് പറഞ്ഞു.

ഗാസ അതിര്‍ത്തിയില്‍ വെച്ച് ഇസ്രായേല്‍ ദൂതനാണ് ഹമാസ് മോചിപ്പിച്ച ബന്ദികളെ സ്വീകരിച്ചത്. ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍-ഗാസ അതിര്‍ത്തിക്കടുത്തുള്ള നഹാല്‍ ഓസ് കിബ്ബൂട്ട്‌സില്‍ നിന്നാണ് ജൂഡിത്തിനേയും നതാലിയേയും ഹമാസ് പിടികൂടിയത്. ഇസ്രായേലില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇരുവരും. റാണാന്‍ കുടുംബം ഗാസയില്‍ നിന്ന് ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ അന്താരാഷ്ട്ര പ്രചാരണം ആരംഭിച്ചിരുന്നു.
ഉചിതമായ സുരക്ഷാ സാഹചര്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ ബന്ദികളെ വിട്ടയയ്ക്കും എന്നാണ് ഹമാസ് പറയുന്നത്. എല്ലാ മധ്യസ്ഥരുമായും തങ്ങള്‍ സംസാരിക്കുന്നുണ്ട് എന്നാണ് ഹമാസ് വൃത്തങ്ങള്‍ അറിയിച്ചത്. ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയവരില്‍ ഭൂരിഭാഗവും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഇതില്‍ 20 ലധികം ബന്ദികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
60 വയസിന് മുകളിലുള്ള 20 ഓളം പേരുണ്ടെന്നും സൈന്യം പറഞ്ഞു. ഇസ്രായേലിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമാണ് ഹമാസ് ഇക്കഴിഞ്ഞ ഒക്ടോബര്‍ ആദ്യവാരം നടത്തിയത്. 203 പേരെ ആക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയിരുന്നു. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതിനും വീട്ടിലെത്തിക്കുന്നതിനും ഏത് മാര്‍ഗവും സര്‍ക്കാര്‍ ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.
മോചിതരായ അമേരിക്കക്കാരെ ഇസ്രായേലിലേക്ക് കൊണ്ടുപോകാന്‍ സഹായിച്ചതായി റെഡ് ക്രോസിന്റെ ഇന്റര്‍നാഷണല്‍ കമ്മിറ്റി പറഞ്ഞു. അവരുടെ മോചനം മറ്റ് ബന്ദികളുടെ കുടുംബങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിയെന്നും മാനുഷിക പരിഗണന കാണിക്കണമെന്നാണ് ഇരുപക്ഷത്തോടും തങ്ങള്‍ക്ക് പറയാനുള്ളത് എന്നും പ്രസിഡന്റ് മിര്‍ജാന സ്പോള്‍ജാറിക് പറഞ്ഞു.
പ്രശ്‌നപരിഹാരത്തിന് ഖത്തര്‍ മധ്യസ്ഥത വഹിക്കുന്നുണ്ട് എന്നാണ് വിവരം. ഗാസയിലേക്ക് സഹായം നല്‍കുന്നത് ഖത്തറാണ്. മാത്രമല്ല ഹമാസിന്റെ രണ്ട് പ്രധാന നേതാക്കള്‍ ഖത്തറിലുണ്ട്. ഹമാസിനും ഇസ്രായേലിനുമിടയില്‍ തങ്ങള്‍ മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നും നിരവധി ദിവസത്തെ തുടര്‍ച്ചയായ ആശയവിനിമയത്തെ തുടര്‍ന്നാണ് മോചനമെന്നും ഖത്തര്‍ വിദേശകാര്യ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു.












Click it and Unblock the Notifications