പറന്നിറങ്ങി ഹമാസ്; കരയിലൂടെയും ഇരച്ചെത്തി... ഇസ്രായേലുകാരെ ബന്ദികളാക്കി, അല്‍ അഖ്‌സ ഫ്‌ളഡ്
ഗസ/ടെല്‍ അവീവ്: ശക്തമായ ആക്രമണമാണ് ഗസയില്‍ നിന്ന് ഹമാസ് ഇസ്രായേലിന് നേരെ നടത്തുന്നത്. ആദ്യ മണിക്കൂറുകളില്‍ തന്നെ ആയിരത്തിലധികം റോക്കറ്റുകളാണ് ഇസ്രായേലിലേക്ക് എത്തിയത്. ആകാശത്ത് ഭീതി പരത്തി ഹമാസ് റോക്കറ്റാക്രണം നടത്തുന്ന വേളയില്‍ തന്നെ കരയിലൂടെ ഒട്ടേറെ പേര്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറി. യുദ്ധം തുടങ്ങിയതോടെ ഇസ്രായേലിലെ വിമാനത്താവളങ്ങള്‍ അടച്ചു.
തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഇസ്രായേലിന് നേരെ ഇന്ന് രാവിലെ മുതല്‍ ഹമാസ് ആക്രമണം തുടങ്ങിയത്. ഗസയില്‍ നിന്നുള്ള ആക്രമണത്തിന് പിന്നില്‍ ആരാണ് എന്ന് ആദ്യം വ്യക്തമായിരുന്നില്ല. പിന്നീട് ഹമാസ് നേതാക്കള്‍ ആക്രമണം സ്ഥിരീകരിച്ചു രംഗത്തുവന്നു. ഇസ്രായേലിനെതിരെ അല്‍ അഖ്‌സ ഫ്‌ളഡ് ഓപറേഷന്‍ ആരംഭിച്ചുവെന്നാണ് ഹമാസ് അറിയിച്ചത്.

മൂന്ന് മണിക്കൂറില്‍ 5000 റോക്കറ്റുകളാണ് ഹമാസ് തൊടുത്തുവിട്ടതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിലെ കെട്ടിടങ്ങളിലും ചില റോക്കറ്റുകള്‍ പതിച്ചു. നിരവധി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അഞ്ച് മരണം സംഭവിച്ചതായാണ് അനൗദ്യോഗിക വിവരം. വൈകാതെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇസ്രായേലില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു എന്നാണ് ആദ്യ വിവരം വന്നത്. പിന്നീട് നാല് പേര്‍ കൂടി കൊല്ലപ്പെട്ടുവെന്നും വാര്‍ത്തകള്‍ വന്നു. ഇസ്രായേല്‍ സൈന്യമോ സര്‍ക്കാരോ വൈകാതെ ഇക്കാര്യത്തില്‍ പ്രതികരിച്ചേക്കും. ഗസയില്‍ നിന്ന് നിരവധി ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.

യുദ്ധത്തിന് ഒരുങ്ങുകയാണെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇസ്രായേല്‍ നഗരങ്ങളില്‍ സൈറണ്‍ മുഴങ്ങി. മധ്യ, തെക്കന്‍ ഇസ്രായേല്‍ നഗരങ്ങളിലും ടെല്‍ അവീവിലും സൈറണ്‍ മുഴങ്ങി. ഇതോടെ ജനങ്ങള്‍ ഭീതിയിലാണ്. ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഗസയെ വര്‍ഷങ്ങളായി ഉപരോധിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് നല്‍കുന്നതെന്ന് ഹമാസ് രാഷ്ട്രീയ കാര്യ നേതാവ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയുമാണിത്. 1948ല്‍ തങ്ങളുടെ ഭൂമി കൈയ്യേറി പിടിച്ചവര്‍ക്കുള്ള മറുപടിയുമാണിതെന്നും ഇസ്മാഈല്‍ ഹനിയ്യ പ്രതികരിച്ചുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കമാന്റര്‍ അബു ഖാലിദ് അല്‍ ദെയ്ഫിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്മാഈല്‍ ഹനിയ്യ പറയുന്നു.
അതേസമയം, ഹമാസ് വലിയ തെറ്റാണ് ചെയ്യുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗല്ലന്റ് മുന്നറിയിപ്പ് നല്‍കി. യുദ്ധത്തില്‍ ഇസ്രായേല്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലില്‍ കടന്ന ഹമാസ് പ്രവര്‍ത്തകര്‍ നിരവധി ഇസ്രായേലുകാരെ ബന്ദികളാക്കി. ഇസ്രായേല്‍ സൈന്യത്തിന്റെ വാഹനങ്ങള്‍ നശിപ്പിച്ചു. പാരഗ്ലൈഡിങ് വഴിയും ഹമാസ് സംഘം ഇസ്രായേലില്‍ പറന്നിറങ്ങുന്നുണ്ട്. ആദ്യമായിട്ടാണ് ഹമാസ് ഇത്രയും ശക്തമായ ആക്രമണം നടത്തുന്നത്.












Click it and Unblock the Notifications