ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് ജോ ബൈഡന്‍; ജോര്‍ദാന്‍ അംബാസിഡറെ തിരിച്ചുവിളിച്ചു
ഗാസ: ഇസ്രായേലും ഹമാസും വെടിനിര്‍ത്തലിന് തയ്യാറാവണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇത് ആദ്യമായിട്ടാണ് ഇത്തരമൊരു പ്രതികരണം യുഎസ് പ്രസിഡന്റ് നടത്തുന്നത്. ഗാസ മുനമ്പില്‍ നിന്ന് കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്നും, അതിനാല്‍ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൂര്‍ണമായ വെടിനിര്‍ത്തലിന് ബൈഡന്‍ ആഹ്വാനം ചെയ്തിട്ടില്ല. ഇടക്കാലത്തേക്കുള്ള വെടിനിര്‍ത്തല്‍ മാത്രമാണ് അദ്ദേഹം ഉന്നയിച്ചത്. ഇസ്രായേലിനുള്ള ബൈഡന്റെ പിന്തുണയില്‍ യുഎസ്സില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. മുസ്ലീം-അറബ് അമേരിക്കന്‍ വംശജരും, പുരോഗമന ഗ്രൂപ്പുകളും ബൈഡനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

യുഎസ്സിന്റെ പിന്തുണ കാരണമാണ് ഇസ്രായേല്‍ ഇത്ര വലിയ ആക്രമണം നടത്തുന്നതെന്നും, ഗാസയില്‍ ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് അത് കാരണമായതെന്നുമാണ് വിമര്‍ശനം. മിനിയോപോളിസില്‍ നടന്ന രാഷ്ട്രീയ ഫണ്ട് റെയ്‌സിംഗ് പരിപാടിക്കിടെ പ്രതിഷേധിച്ച ഒരാള്‍ ബൈഡന്റെ പ്രസംഗത്തെ വരെ തടസപ്പെടുത്തിയിരുന്നു.
നിങ്ങള്‍ ഉടന്‍ തന്നെ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്ന് ഇയാള്‍ വിളിച്ചുപറയുകയും ചെയ്തു. മാനുഷിക വശങ്ങള്‍ പരിഗണിച്ച് യുദ്ധത്തിന് ഒരു ഇടവേള ആശ്യമാണ്. അതിലൂടെ യുദ്ധതടവുകാരെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നും ബൈഡന്‍ പറഞ്ഞു. കരയുദ്ധം ആരംഭിക്കും മുമ്പ് ഗാസയില്‍ നിന്ന് ആളുകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ നെതന്യാഹു സമയം അനുവദിച്ചെന്നും, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അല്‍ സിസി വിദേശികളെ തന്റെ രാജ്യത്തിലൂടെ കടന്നുപോകാന്‍ അനുവദിച്ചെന്നും ബൈഡന്‍ വ്യക്തമാക്കി.
അതേസമയം ഗാസയിലെ ആക്രമണത്തെ തുടര്‍ന്ന് ജോര്‍ദാന്‍ അവരുടെ അംബാസിഡറെ ഇസ്രായേലില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. അടിയന്തരമായി തിരിച്ചുവിളിക്കുന്നു എന്നാണ് ജോര്‍ദാന്‍ അറിയിച്ചത്. ഇസ്രായേല്‍ ഗാസയില്‍ സര്‍വനാശമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ജോര്‍ദാന്‍ കുറ്റപ്പെടുത്തി. വിദേശ കാര്യമന്ത്രി അയ്മാന്‍ സഫാദിയാണ് അംബാസിഡറെ തിരിച്ചുവിളിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
ഇസ്രായേലിന്റെ ആക്രമണത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു. ഗാസയിലെ നിരപരാധികളായ ജനങ്ങളെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തുന്നതെന്ന് സഫാദി ആരോപിച്ചു. ഗാസയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ജോര്‍ദാന്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കൂ എന്നും സഫാദി വ്യക്തമാക്കി. ഇസ്രായേലിനോട് ജോര്‍ദാനിലെ അംബാസിഡറെ തിരിച്ചുവിളിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇതുവരെ 195 പേരാണ് കൊല്ലപ്പെട്ടത്. 120 പേരെ കാണാതായിട്ടുണ്ട്. യുഎന്‍ കമ്മീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇസ്രായേലിന്റെ ആക്രമണം യുദ്ധക്കുറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ് നല്‍കി. തുര്‍ക്കി-പലസ്തീന്‍ ഫ്രണ്ട്ഷിപ്പ് ആശുപത്രിയും ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് അടച്ച് പൂട്ടി. ഗാസയിലെ ഏക അര്‍ബുദ രോഗികള്‍ക്കും ആശുപത്രിയാണിത്. മറ്റ് ആശുപത്രികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.












Click it and Unblock the Notifications