വടക്കൻ ഗാസയിലേക്ക് മടങ്ങിയ പലസ്തീനികൾക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
വടക്കൻ ഗാസയിലേക്ക് മടങ്ങിയ പലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 7 പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു. വെടിനിർത്തൽ കരാറിന്റെ പശ്ചാത്തലത്തിൽ ഗാസയിലേക്ക് മടങ്ങാനായി ആയിരങ്ങളാണ് അൽ റാഷിദ് സ്ട്രീറ്റിൽ എത്തിയത്. ഇവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
വെടിനിർത്തൽ കരാർ പ്രകാരം നെറ്റ്‌സാരിം ഇടനാഴിയിലൂടെ വടക്കൻ ഗാസയിലെ വീടുകളിലേക്ക് മടങ്ങാൻ പലസ്തീനികളെ അനുവദിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കരാർ പ്രകാരം ഇസ്രായേൽ ആവശ്യപ്പെട്ട ബന്ദിയെ മോചിപ്പിക്കുന്നതിൽ ഹമാസ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഈ നീക്കത്തിൽ നിന്നും പിൻമാറി. അതേസമയം ഇസ്രായേൽ കരാർ ലംഘിച്ചുവെന്ന് ഹമാസ് ആരോപിച്ചു. അതേസമയം വെടിവെപ്പിൽ ഇതുവരെ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.

വെടിനിർത്തൽ കരാറിന്റെ ഭാഗമായി 7 ഇസ്രായേൽ ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. ആദ്യഘട്ടത്തിൽ മൂന്ന് പേരെയും രണ്ടാം ഘട്ടത്തിൽ നാല് വനിത യുവ സൈനികരേയുമാണ് മോചിപ്പിച്ചത്. ഇതിന് പകരമായി ഇതുവരെ 300 ഓളം പലസ്തീൻ തടവുകാരെയാണ് ഇസ്രായേൽ ഇതുവരെ മോചിപ്പിച്ചത്. കരാറിന്റെ ഭാഗമായി ഗാസയിലെ നിരവധി പ്രദേശങ്ങളിൽ നിന്നും സൈന്യത്തേയും ഇസ്രായേൽ പിൻവലിച്ചിട്ടുണ്ട്. എന്നാൽ ഗാസയ്ക്കുള്ളിലും നെറ്റ്സാരിം ഇടനാഴിയിലും ഇപ്പോഴും സൈന്യം ഉണ്ട്. ഇവിടെ നിന്ന് വിട്ടുനിൽക്കാൻ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ ഗാസ മുനമ്പിൽ നിന്നുള്ള അഭയാർത്ഥികളെ അറബ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് രംഗത്തെത്തി. ഗാസയിൽ യുദ്ധം കാരണം നിരവധി പേരാണ് നിരവധി പേരാണ് വഴിയാധാരണമായത്. ഗാസ പൂർണമായും തകർക്കപ്പെട്ട നിലയിലാണ് . ഗാസ വെടിപ്പാകണമെങ്കിൽ അവിടെയുള്ളവരെ മറ്റ് എവിടേക്കെങ്കിലും മാറ്റിപാർപ്പിക്കേണ്ടതുണ്ട്. ഈജിപ്തിലോ ജോർദാൻ പോലുള്ള ഇടങ്ങളിലേക്കോ മാറ്റണം. ഇതിന് വേണ്ടി താൻ ഇടപെടും.അറബ് രാജ്യങ്ങളുമായി ചർച്ച നടത്തും. കഴിഞ്ഞ ദിവസം ജോർദാൻ രാജാവായ അബ്ദുള്ള രണ്ടാമനുമായി താൻ ഫോൺ വഴി സംസാരിച്ചപ്പോൾ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു. അതേസമയം ഗാസയിൽ നിന്നുള്ളവരെ മറ്റിടങ്ങളിലേക്ക് മാറ്റണമെന്ന നിർദേശം നേരത്തേ തന്നെ പലസ്തീനും ജോർദാനും ഈജിപ്തുമെല്ലാം എതിർത്തിരുന്നു. അത്തരത്തിലൊരു നിർദേശം അംഗീകരിച്ചാൽ തങ്ങൾക്ക് ഒരുകാലത്തും മടങ്ങി വരാൻ സാധിക്കില്ലെന്ന ഭയമാണ് പലസ്തീനികളുടെ ആശങ്ക.












Click it and Unblock the Notifications