ഇസ്രായേലിനെ ഞെട്ടിച്ച് ആക്രമണം; അന്ന് 21 സൈനികര്‍, ഇന്ന് 8 സൈനികര്‍, ഒളിപ്പോര് ശക്തമാക്കി ഹമാസ്
ഗാസ സിറ്റി: ഗാസയില്‍ ശക്തമായ ആക്രമണം നടത്തുന്ന ഇസ്രായേല്‍ സൈന്യത്തിന് വന്‍ തിരിച്ചടി. ഹമാസ് നടത്തിയ ഒളിയാക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു. മാസങ്ങള്‍ക്കിടെ ഒരു സംഭവത്തില്‍ ഇത്രയും സൈനികര്‍ കൊല്ലപ്പെടുന്നത് ആദ്യമാണ്. രാജ്യത്തെ സംരക്ഷിക്കുന്നതിന് ജീവന്‍ നല്‍കാന്‍ സൈനികര്‍ തയ്യാറാണെന്ന് ഇസ്രായേലി സൈനിക വക്താവ് ഡാനിയല്‍ ഹഗരി പറഞ്ഞു.
ഗാസയിലെ ഓരോ പ്രദേശങ്ങളിലും ഇസ്രായേല്‍ സൈന്യം ബോംബുകള്‍ വര്‍ഷിക്കുകയാണ്. ഇതുവരെ 37000ത്തിലധികം പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മൂന്ന് വീടുകള്‍ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തില്‍ 28 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇതിനിടെയാണ് സൈന്യത്തിന് വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്. സൈനികര്‍ കൊല്ലപ്പെട്ട കാര്യം ഹമാസും ഇസ്രായേലും ശരിവച്ചു.

ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് ആണ് ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നത്. റഫയില്‍ നിന്നു വരികയായിരുന്ന ഇസ്രായേല്‍ സൈനിക വാഹനമാണ് ആക്രമിക്കപ്പെട്ടത്. ആദ്യം റോക്കറ്റ് പതിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന ഹമാസ് അംഗങ്ങള്‍ വെടിയുതിര്‍ത്തു. സൈനിക വാഹനത്തിലും ഇതിന് പിന്നാലെ വന്ന സഹായികളുടെ വാഹനത്തിലുമുണ്ടായിരുന്ന എല്ലാവരെയും വധിച്ചു എന്നാണ് ഹമാസ് പറയുന്നത്.
പടിഞ്ഞാറന്‍ റഫയിലെ താല്‍ സുല്‍ത്താന്‍ ജില്ലയിലാണ് സംഭവം. യാസീന്‍-105 ആര്‍പിജി റോക്കറ്റാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. ആദ്യം വന്ന ഇസ്രായേലി സൈനിക വാഹനം ആക്രമിച്ച പിന്നാലെ ഇവരെ സഹായിക്കാന്‍ മറ്റൊരു സൈനിക വാഹനമെത്തി. രണ്ടും ആക്രമിച്ചുവത്രെ. തെക്കന്‍ ഗസയില്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഇസ്രായേല്‍ സൈന്യവും അറിയിച്ചു.
ഇത്രയും ശക്തമായ ആക്രമണം നടത്താന്‍ ഹമാസിന് എങ്ങനെ സാധിച്ചു എന്ന് ഇസ്രായേല്‍ സൈന്യം അന്വേഷിക്കുന്നുണ്ട്. മേഖലയില്‍ നിന്ന് നേരത്തെ എല്ലാ ഹമാസ് അംഗങ്ങളെയും തുരത്തിയെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. മാത്രമല്ല, റഫയിലെ മിക്ക പ്രദേശങ്ങളിലും ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയതാണ്. പിന്നെ എങ്ങനെ തിരിച്ചടി ലഭിച്ചു എന്നാണ് അന്വേഷിക്കുന്നത്.
ഹമാസിനെ നിരായുധീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗരി പറഞ്ഞു. ഒക്ടോബര്‍ ഏഴിന് നടന്നത് പോലെയുള്ള ആക്രമണം നടത്താന്‍ ഹമാസിന് ഇനി സാധിക്കരുത് എന്നാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. ഇന്ന് വലിയ വിലയാണ് സൈനികര്‍ക്ക് നല്‍കേണ്ടി വന്നതെന്നും ഹഗരി ടെലിവിഷനില്‍ നടത്തിയ പ്രതികരണത്തില്‍ പറഞ്ഞു. ഇതിന് മുമ്പ് ഇസ്രായേല്‍ സൈനികര്‍ക്ക് വലിയ തിരിച്ചടി ലഭിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. അന്ന് ഹമാസ് നടത്തിയ ഒളിയാക്രമണത്തില്‍ 21 സൈനികരാണ് കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ 27ന് ശേഷം 307 ഇസ്രായേല്‍ സൈനികരെയാണ് ഹമാസ് വധിച്ചത്. ആയിരത്തിലധികം ഇസ്രായേല്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ ഹമാസ് തടവിലാക്കിയ ഇസ്രായേലുകാരെ മോചിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇസ്രായേല്‍ ഭരണകൂടത്തിനെതിരെ വിഷയത്തില്‍ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ടെല്‍ അവവീവിലും മറ്റും ബന്ദികളുടെ കുടുംബങ്ങള്‍ പ്രതിഷേധിക്കുന്നുണ്ട്.












Click it and Unblock the Notifications