ഇസ്രായേലിന് വീണ്ടും തിരിച്ചടി; നെതന്യാഹുവിനെതിരെ വന്‍ പ്രതിഷേധം, ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച
ടെഅല്‍ അവീവ്: ഗാസയ്‌ക്കെതിരായ ഇസ്രായേല്‍ ആക്രമണം ആറ് മാസം പിന്നിടവെ സമാധാന ശ്രമങ്ങള്‍ ഊര്‍ജിതം. രാഷ്ട്രീയമായി വലിയ പ്രതിസന്ധി നേരിടുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് തടവിലാക്കിയ ഇസ്രായേലികളെ ഇതുവരെ മോചിപ്പിക്കാന്‍ സാധിക്കാത്തതാണ് നെതന്യാഹുവിനെതിരായ പ്രതിഷേധത്തിന് ഒരു കാരണം.
ഈജിപ്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. ഇസ്രായേലിന്റെയും ഹമാസിന്റെയും പ്രതിനിധികല്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും സംബന്ധിക്കും. എത്രയും വേഗം വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യം അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവച്ചു. മാത്രമല്ല, ഇസ്രായേലിലെ ജനങ്ങളും ഈ ആവശ്യം ഉന്നയിച്ച് തെരുവിലിറങ്ങി.

ഇസ്രായേലിലെ 20ലധികം നഗരങ്ങളില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറിയതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതിന് പിന്നില്‍ പ്രതിഷേധത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവരാണോ എന്ന് അന്വേഷിക്കുന്നുണ്ട്. അതിനിടെ, ഇസ്രായേല്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായി.
ഖാന്‍ യൂനുസില്‍ ആക്രമണം നടത്തിയ ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ കനത്ത തിരിച്ചടിയുണ്ടായി. 14 ഇസ്രായേല്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. എന്നാല്‍ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗാസയിലെ പ്രേേദശങ്ങളിലും ഹമാസ് ഇപ്പോഴും ശക്തമായി നിലയുറപ്പിക്കുന്നത് സൈനികരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ 1200ഓളം പേരാണ് ഇസ്രായേലില്‍ കൊല്ലപ്പെട്ടത്. നിരവധി പേരെ ഹമാസ് തടവിലാക്കുകയും ചെയ്തു. ആറ് മാസം പിന്നിട്ടിട്ടും ഇവരെ മോചിപ്പിക്കാന്‍ ഇസ്രായേലിന് സാധിച്ചിട്ടില്ല. ഹമാസിനെ സൈനികമായി കീഴടക്കാനും കഴിഞ്ഞിട്ടില്ല. ഇടയ്ക്കിടെ ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ഇതാണ് ഇസ്രായേലില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാകാന്‍ കാരണം.
സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ ഇസ്രായേല്‍ സൈന്യം വധിച്ചത് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇസ്രായേലിന് എല്ലാവിധ പിന്തുണയും നല്‍കുന്ന അമേരിക്കയില്‍ ഡെമോക്രാറ്റുകള്‍ ഇസ്രായേലിനെതിരെ ശബ്ദിച്ചുതുടങ്ങി. 33000ത്തിലധികം പേരെ ഇസ്രായേല്‍ ഗാസയില്‍ കൊലപ്പെടുത്തിയത് അംഗീകരിക്കാനാകില്ല എന്നാണ് വിവിധ രാജ്യങ്ങളില്‍ ഇസ്രായേലിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ഉയരുന്ന മുദ്രാവാക്യം.
ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരില്‍ 13000ത്തിലിധികം കുട്ടികളാണ്. വെസ്റ്റ് ബാങ്കില്‍ 456 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 17 ലക്ഷം പേരാണ് ഗാസയില്‍ ഭവന രഹിതരായത്. 55 ശതമാനം കെട്ടിടങ്ങള്‍ തകര്‍ന്നു. 60 ശതമാനം വീടുകളും. 90 ശതമാനം സ്‌കൂളുകളും നിലംപരിശായി. 36ല്‍ 10 ആശുപത്രികള്‍ മാത്രമാണ് ഗാസയില്‍ പ്രവര്‍ത്തിക്കുന്നത്. ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ലഭിക്കാത്തതാണ് വലിയ ദുരന്തം. ഒരു കുട്ടിയും ഇവിടെ സ്‌കൂളില്‍ പോകുന്നില്ല. 227 മസ്ജിദുകളും 3 ചര്‍ച്ചകളും ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications