അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യം; ട്രംപ് അനുകൂലികളുടെ തേര്‍വാഴ്ച, അപലപിച്ച് ജോ ബൈഡന്‍
വാഷിങ്ടണ്‍: ലോകത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികളുടെ കലാപശ്രമം. പാര്‍ലമെന്റിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ എംപിമാരെ കൈയ്യേറ്റം ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ട്രംപ് പദവി ഒഴിയാതിരിക്കാന്‍ തന്ത്രം മെനയുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആയിരത്തോളം ട്രംപ് അനുകൂലികള്‍ കാപിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാ വലയം മറികടന്ന് അകത്തുകടന്നത്. പ്രകടനമായി എത്തിയവര്‍ പോലീസുമായി ഏറ്റുമുട്ടുകളും ബാരിക്കേഡുകള്‍ തകര്‍ത്ത് മന്ദിരത്തിന് അകത്ത് കടക്കുകയുമായിരുന്നു.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളും യോഗം ചേരുന്ന വേളയിലാണിത്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം അമേരിക്കയില്‍ നടക്കുന്നത്. ഒരു സ്ത്രീ വെടിയേറ്റുമരിച്ചുവെന്നും അഞ്ച് പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പാര്‍ലമെന്റില്‍ കടന്നവരെ പോലീസിന് പുറത്തേക്ക് മാറ്റാന്‍ സാധിച്ചത്. സെനറ്റിലും പ്രതിനിധി സഭാ ഹാളിലും പ്രതിഷേധക്കാര്‍ കടന്നു. എംപിമാരെ കൈയ്യേറ്റം ചെയ്തു. പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവച്ചു. അംഗങ്ങളെ വേഗത്തില്‍ ഒഴിപ്പിച്ചു. കാപിറ്റോളിന് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടത്തി എന്നാണ് വാര്‍ത്തകള്‍.
സംഭവത്തെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. ജനാധിപത്യത്തിനെതിരായ ആക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു. മുമ്പെങ്ങും സംഭവിക്കാത്ത വിധം ജനാധിപത്യം ആക്രമിക്കപ്പെട്ടു. അണികളോട് പിന്‍മാറാന്‍ ട്രംപ് ടെലിവിഷനില്‍ ആഹ്വാനം നടത്തണം. കാപിറ്റോളിലേക്ക് ഇരച്ചുകയറുക, ജനലുകള്‍ അടിച്ചുതകര്‍ക്കുക, ഓഫീസുകള്‍ കൈയ്യേറുക, സഭാ ഹാളുകള്‍ പിടിച്ചടക്കുക... ഇത് പ്രക്ഷോഭമല്ല, കലാപമാണെന്നും ബൈഡന്‍ പറഞ്ഞു. ലോക രാജ്യങ്ങള്‍ ട്രംപിനെതിരെ രംഗത്തുവന്നു. ബ്രിട്ടനും, അയര്‍ലാന്റും സംഭവത്തിനെതിരെ രംഗത്തുവന്നു.