അജയ് ബംഗയെ ലോക ബാങ്ക് തലവനാക്കാന്‍ യുഎസ്; നിര്‍ദേശിച്ചത് ജോ ബൈഡന്‍
ലോകബാങ്കിന്റെ നിലവിലെ അധ്യക്ഷന്‍ ഡേവിഡ് മാല്‍പാസിന്റെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് അജയ് ബംഗയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്.

ദില്ലി: ഇന്ത്യന്‍ വംശജനായ അജയ് ബംഗയെ ലോക ബാങ്ക് തലവനാക്കാന്‍ അമേരിക്ക. അദ്ദേഹത്തിന്റെ പേര് യുഎസ് നിര്‍ദേശിച്ചിരിക്കുകയാണ്. മാസ്റ്റര്‍ കാര്‍ഡിന്റെ മുന്‍ സിഇഒയാണ് അദ്ദേഹം.
യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് അജയ് ബംഗയുടെ പേര്‍ നിര്‍ദേശിച്ചത്. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തനായ വ്യക്തിയാണ് അജയ് ബംഗയെന്ന് ബൈഡന്‍ പറഞ്ഞു. 2016ല്‍ പദ്മശ്രീ നല്‍കി അജയ് ബംഗയെ ഇന്ത്യ ആദരിച്ചിരുന്നു.
ലോകബാങ്കിന്റെ നിലവിലെ അധ്യക്ഷന്‍ ഡേവിഡ് മാല്‍പാസിന്റെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് അജയ് ബംഗയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം മാര്‍ച്ച് 29 വരെ നീണ്ട നടപടി ക്രമങ്ങള്‍ ഇനിയുണ്ടാവും.

അതിന് ശേഷമാണ് അധ്യക്ഷനെ നിയമിക്കുക. കൂടുതല്‍ ആളുകളുടെ പേരുകള്‍ ഈ സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെടാന്‍ സാധ്യതയുണ്ട്. വനിതാ സ്ഥാനാര്‍ത്ഥികളെ കൂടുതലായി പ്രോത്സാഹിപ്പിക്കണമെന്ന് ലോകബാങ്ക് നേരത്തെ നിര്‍ദേശിച്ചിരുന്നു.
സാധാരണ ലോക ബാങ്കിന്റെ അധ്യക്ഷനായി അമേരിക്കക്കാരനാണ് വരാറുള്ളത്. അതുപോലെ ഐഎംഎഫിന്റെ തലവനായി യൂറോപ്പ്യനുമാണ് വരാറുള്ളത്. നിലവില്‍ ഇക്വിറ്റി കമ്പനിയായ ജനറല്‍ അറ്റ്‌ലാന്റിക്കിന്റെ വൈസ് ചെയര്‍മാനാണ് അജയ് ബംഗ.
ഡേവിഡ് മാല്‍പാസിനെ 2019ല്‍ ഡൊണാള്‍ഡ് ട്രംപാണ് നാമനിര്‍ദേശം ചെയ്തത്. കാലാവധി തീരാന്‍ ഒരു വര്‍ഷം ശേഷിക്കെ താന്‍ സ്ഥാനമൊഴിയുകയാണെന്ന് നേരത്തെ മാല്‍പാസ് പറഞ്ഞിരുന്നു. മാല്‍പാസിന്റെ കാലാവസ്ഥാ വ്യതിയാന നിലപാടുകള്‍ നേരത്തെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. 2024ലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത്.












Click it and Unblock the Notifications