കുവൈത്തിലെ തീ റിലയന്‍സിന് നേട്ടമായി; ടെന്‍ഡറില്‍ പിടിച്ചത് 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍
കുവൈത്ത് സിറ്റി: റഷ്യയുടെ ക്രൂഡ് ഓയില്‍ ഏറ്റവും കൂടുതല്‍ വാങ്ങി ഇന്ത്യയില്‍ എത്തിച്ചിരുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആയിരുന്നു. 2021ല്‍ വെറും രണ്ട് ശതമാനം മാത്രമായിരുന്നു റഷ്യയുടെ എണ്ണ ഇന്ത്യ വാങ്ങിയിരുന്നത്. എന്നാല്‍ നിലവില്‍ അത് 40 ശതമാനത്തോളം വരും. ഇതില്‍ സിംഹഭാഗവും റിലയന്‍സ് ആണ് വാങ്ങിയിരുന്നത്.
റഷ്യയ്‌ക്കെതിരെ നടപടി ശക്തമാക്കിയ അമേരിക്ക, റഷ്യയുടെ എണ്ണ വാങ്ങുന്ന കമ്പനികള്‍ക്കെതിരെയും നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇതാണ് റിലയന്‍സിനെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ക്രൂഡ് ഓയിലിന് വേണ്ടി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് വീണ്ടും തിരിഞ്ഞിരിക്കുകയാണ് റിലയന്‍സ്. അതിനിടെയാണ് ഒരു ലോട്ടറി അടിച്ചത്...

കുവൈത്ത് പെട്രോളിയം കോര്‍പറേഷനില്‍ നിന്ന് 10 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ റിലയന്‍സ് വാങ്ങി എന്നാണ് വ്യാപാര കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടെന്‍ഡര്‍ വഴി വിറ്റ എണ്ണയാണ് റിലയന്‍സ് വാങ്ങിയത്. അല്‍സൂര്‍ എണ്ണ ശുദ്ധീകരണ ശാലയില്‍ ഉണ്ടായ തീ പിടിത്തമാണ് ക്രൂഡ് ഓയില്‍ വില്‍ക്കാന്‍ കാരണമത്രെ.
അപ്രതീക്ഷിതമായ തീപിടിത്തം അല്‍സൂര്‍ ശാലയില്‍ ഉണ്ടായിരുന്നു. ഇതോടെ അറ്റക്കുറ്റപണി നിര്‍ബന്ധമായി വന്നു. എണ്ണയുടെ സംസ്‌കരണം നടത്താന്‍ പറ്റാതെയായി. തുടര്‍ന്നാണ് ക്രൂഡ് ഓയില്‍ അല്‍പ്പം വില്‍ക്കാന്‍ കുവൈത്ത് പെട്രോളിയം തീരുമാനിച്ചതും ടെന്‍ഡര്‍ വച്ചതും. അവസരം ഉപയോഗപ്പെടുത്തി റിലയന്‍സ് ടെന്‍ഡന്‍ പിടിച്ചു. ഡിസംബറില്‍ എണ്ണ എത്തും.
കുറഞ്ഞ വിലയ്ക്ക് കിട്ടിയിരുന്ന എണ്ണ ഇല്ലാതായി
ഡിസംബര്‍ ആറ്, ഏഴ് തിയ്യതികളില്‍ കുവൈത്തിന്റെ ഹെവി ക്രൂഡും എട്ട്, ഒമ്പത് തിയ്യതികലില്‍ ഇയോസിന്‍ ക്രൂഡുമാണ് റിലയന്‍സിന് വേണ്ടി ലോഡ് ചെയ്യുക. എന്നാല്‍ എത്ര വിലയ്ക്കാണ് റിലയന്‍സ് ടെന്‍ഡര്‍ പിടിച്ചത് എന്ന് വ്യക്തമല്ല. കുവൈത്ത് പെട്രോളിയത്തിന് എണ്ണ വിറ്റഴിക്കല്‍ നിബന്ധമായ സാഹചര്യത്തില്‍ ലാഭത്തില്‍ കിട്ടിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ.
യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ സമ്മര്‍ദ്ദം ചെലുത്താനാണ് അമേരിക്കയുടെയും യൂറോപ്പിന്റെയും ശ്രമം. റഷ്യയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് ക്രൂഡ് ഓയില്‍ ആണ്. ഇവ പ്രധാനമായും വാങ്ങുന്നത് ഇന്ത്യയും ചൈനയുമാണ്. റഷ്യയുടെ എണ്ണ വാങ്ങുന്ന കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനമാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്.
റഷ്യയില്‍ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയില്‍ വലിയൊരു അളവില്‍ സംസ്‌കരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു ഇന്ത്യന്‍ കമ്പനികള്‍. പെട്രോളും ഡീസലുമാക്കിയായിരുന്നു കയറ്റുമതി. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ലഭിച്ചെങ്കിലും അതിന്റെ ഗുണം ഇന്ത്യക്കാര്‍ക്ക് കാര്യമായും കിട്ടിയിരുന്നില്ല.












Click it and Unblock the Notifications