വന്‍ രക്ഷാദൗത്യത്തിന് കുവൈത്ത്; മെയ് 7 വരെ പ്രത്യേക വിമാനങ്ങള്‍... ഇങ്ങനെ ചരിത്രത്തിലാദ്യം
കുവൈത്ത് സിറ്റി: പല വന്‍കിട രാജ്യങ്ങളും മടിച്ചുനില്‍ക്കുന്ന കാര്യമാണ് കുവൈത്ത് ഭരണകൂടം ത്വരിതഗതിയില്‍ നടപ്പാക്കുന്നത്. വിദേശരാജ്യങ്ങളിലുള്ള തങ്ങളുടെ മുഴുവന്‍ പൗരന്‍മാരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഞായറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങി. ഒമ്പത് വിമാനങ്ങളാണ് ഞായറാഴ്ച സര്‍വീസ് നടത്തിയത്.
വരുംദിവസങ്ങളിലും സര്‍വീസ് തുടരും. ആരോഗ്യ വകുപ്പിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് രക്ഷാദൗത്യം നടത്തുന്നത്. കുവൈത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ദൗത്യം നടപ്പാക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഒമ്പത് വിമാനങ്ങള്‍
ലോകം മൊത്തം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പൗരന്‍മാരെ രക്ഷിച്ച് സ്വന്തം നാട്ടിലെത്തിക്കുകയാണ് കുവൈത്ത് ഭരണകൂടം. ഞായറാഴ്ച ഒമ്പത് വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. മെയ് ഏഴ് വരെ രക്ഷാ ദൗത്യം തുടരുമെന്നാണ് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ചരിത്രത്തില്‍ ആദ്യം
ദുബായ്, അബുദാബി, റിയാദ്, മനാമ എന്നിവിടങ്ങളില്‍ നിന്നെല്ലാം കുവൈത്തിലേക്ക് പൗരന്‍മാരുമായി ഞായറാഴ്ച വിമാനങ്ങളെത്തി. കുവൈത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ രക്ഷാ ദൗത്യം ആദ്യമായിട്ടാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസാധാരണ സാഹചര്യത്തില്‍ അസാധാരണ ഇടപെടലാണ് കുവൈത്ത് നടത്തുന്നത്.

50000 പൗരന്‍മാര്‍
50000 പൗരന്‍മാര്‍ വിദേശങ്ങളില്‍ ഒറ്റപ്പെട്ടു പോയിട്ടുണ്ടെന്നാണ് കുവൈത്തിന്റെ കണക്ക്. ഇവരെ എല്ലാവരെയും നാട്ടിലെത്തുകയാണ് സര്‍ക്കാര്‍. മെയ് ഏഴ് വരെ നടത്തുന്ന വിമാന സര്‍വീസുകളിലൂടെ എല്ലാവരും നാട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ പൗരന്‍മാരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളുമായി സഹകരിക്കണമെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് ആവശ്യപ്പെട്ടു.

അഭ്യര്‍ഥന ഇങ്ങനെ
വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന എല്ലാ സഹോദരങ്ങളും കുട്ടികളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. വീട്ടില്‍ ക്വാറന്റൈനില്‍ ഇരിക്കുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും. ആളുകളുമായി സമ്പര്‍ക്കമുണ്ടാകുന്ന എല്ലാ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കണം. കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്ക് പ്രധാന്യം നല്‍കണമെന്നും ശൈഖ് സബാഹ് അഭ്യര്‍ഥിച്ചു.

ഇന്ത്യന്‍ പൗരന്‍മാര്‍ക്കിടയില്‍
അതേസമയം, കുവൈത്തിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കിടയില്‍ കൊറോണ രോഗം വ്യാപിക്കുന്നത് വളരെ ആശങ്കയുണ്ടാക്കുന്നതാണ്. കുവൈത്തില്‍ ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച വിദേശികള്‍ ഇന്ത്യക്കാരാണ്. കഴിഞ്ഞദിവസം ഇന്ത്യക്കാരന്‍ മരിച്ചിരുന്നു. ശക്തമായ പ്രതിരോധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.

ആയിരം കടന്നു
കുവൈത്തില്‍ ആയിരത്തിലേറെ ഇന്ത്യക്കാര്‍ക്ക് രോഗം ബാധിച്ചുവെന്ന് കണക്കുകള്‍. കഴിഞ്ഞദിവസം മാത്രം രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 97 ആണ്. ഒരു ഇന്ത്യക്കാരന്‍ മരിച്ചു. 60കാരനായ ഇദ്ദേഹം ഒരാഴ്ചയിലധികമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. കുവൈത്തില്‍ രോഗം ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.












Click it and Unblock the Notifications