ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണം; പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ലെബനന്റെ മുന്നറിയിപ്പ്
ബെയ്‌റൂട്ട്: മിഡിൽ ഈസ്‌റ്റിനെ വീണ്ടും പ്രതിസന്ധിയിലാക്കി കൊണ്ട് ഇസ്രായേൽ ലെബനൻ സംഘർഷം അടുത്ത തലത്തിലേക്ക്. ലെബനനിൽ നിന്നുള്ള അതിർത്തി കടന്നുള്ള റോക്കറ്റ് ആക്രമണത്തെ ഇസ്രായേൽ വൻതോതിൽ പീരങ്കികളും വ്യോമാക്രമണങ്ങളും നടത്തി ചെറുത്തതോടെയാണ് മേഖല വീണ്ടും അശാന്തിയുടെ പാതയിലേക്ക് തിരിയുന്നത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോട് കൂടിയാണ് സംഘർഷം മൂർച്ഛിച്ചത്.
ഇസ്രായേലും ഭീകര സംഘടനയായ ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തലിന് ഭീഷണിയായാണ് പുതിയ സംഭവ വികാസങ്ങൾ. ഒരു വർഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ഇരുകൂട്ടരും ഒപ്പിട്ട സന്ധിക്ക് ഭീഷണിയാണ് ഈ ആക്രമണം. ഒരു ഇടവേളയ്ക്ക് ശേഷം ലെബനനിൽ നിന്ന് വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതോടെയാണ് മിഡിൽ ഈസ്‌റ്റിനെ വീണ്ടും മുൾമുനയിൽ നിർത്തുന്ന പുതിയ സംഘർഷം ഉണ്ടായത്.

ഇതിന് പിന്നാലെ മുന്നറിയിപ്പുമായി ലെബനൻ ഭരണാധികാരികൾ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഇസ്രായേലിന്റെ ആക്രമണങ്ങൾ രാജ്യത്തെ ഒരു പുതിയ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം പങ്കുവച്ച പ്രസ്‌താവനയിൽ പറയുന്നു. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും കാര്യങ്ങളിൽ ലെബനൻ തീരുമാനമെടുക്കുന്നുവെന്ന് കാണിക്കാൻ എല്ലാ സുരക്ഷാ, സൈനിക നടപടികളും സ്വീകരിക്കുമെന്നും സലാം പറഞ്ഞു.
ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഒരു സംഘടനയും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും, തങ്ങളുടെ അധീനതയിലുള്ള പ്രദേശത്ത് നിന്ന് തൊടുത്തുവിടുന്ന ഏതൊരു റോക്കറ്റിന്റെയും ഉത്തരവാദിത്തം ലെബനൻ സർക്കാരിനാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കിയിരുന്നു.
വെടിനിർത്തൽ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ ഗാസയിൽ ഭീകര സംഘടനയായ ഹമാസുമായി ഇസ്രായേൽ ഏറ്റുമുട്ടൽ തുടരുകയും യെമനിൽ നിന്ന് ഹൂതികൾ തൊടുത്തുവിട്ട മിസൈൽ തകർക്കുകയും ചെയ്‌തതിന് പിന്നാലെയാണ് ലെബനൻ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ നീക്കം. ഇറാൻ പിന്തുണയുള്ള ആക്‌സിസ് ഓഫ് റെസിസ്‌റ്റൻസിന്റെ ഭാഗമാണ് ഈ തീവ്രവാദ സംഘടനകൾ.
കഴിഞ്ഞ ദിവസം മുതൽ ഗാസയിൽ ഇസ്രായേൽ വീണ്ടും സൈനിക ആക്രമണം ആരംഭിച്ചതോടെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. മൂന്ന് ഭാഗത്ത് നിന്ന് റോക്കറ്റുകൾ തൊടുത്തുവിടുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് അവിഗ്‌ഡോർ ലിബർമാൻ നെതന്യാഹുവിനെ ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയെന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം, ലെബനനുമായി വെടിനിർത്തൽ തുടരുന്നതിനിടെയാണ് ഇപ്പോഴത്തെ ആക്രമണം. 2023 ഒക്ടോബർ 8ന് സഖ്യകക്ഷിയായ ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ള ഇസ്രായേലിനെ ആക്രമിച്ചതിന് ശേഷമാണ് മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ലെബനനിൽ നിന്നുള്ള തുടർച്ചയായ റോക്കറ്റ് ആക്രമണം കാരണം ഏകദേശം 60,000 ഇസ്രായേലി സിവിലിയന്മാരെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടുണ്ട്.












Click it and Unblock the Notifications