ദക്ഷിണ പസഫിക് സമുദ്രത്തിലെ ടോംഗയ്ക്ക് സമീപം ശക്തമായ ഭൂചലനം: 7.2 തീവ്രത, സുനാമി ഭീഷണിയില്ല
ദക്ഷിണ പസഫിക് സമുദ്രത്തിലെ ടോംഗയ്ക്ക് സമീപം 24 മണിക്കൂറിനിടെ രണ്ട് ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) വ്യക്തമാക്കി. ടോംഗയിൽ നിന്ന് ഏകദേശം 280 കിലോമീറ്റർ (174 മൈൽ) തെക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
പ്രാദേശിക സമയം രാവിലെ 7 മണിയോടെയാണ് ഭൂചലനമുണ്ടായത്. ശക്തമായ ഭൂചലനമാണ് രേഖപ്പെടുത്തിയതെങ്കിലും യുഎസ് വെസ്റ്റ് കോസ്റ്റ്, ബ്രിട്ടീഷ് കൊളംബിയ, അലാസ്ക എന്നിവിടങ്ങളിൽ സുനാമി ഭീഷണിയില്ലെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. ഓസ്‌ട്രേലിയയിലും സുനാമി ഭീഷണിയില്ലെന്ന് ഓസ്‌ട്രേലിയയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. ആദ്യ ഭൂചലനം നടന്ന് 24 മണിക്കൂർ പിന്നിടുന്നതിനിടയിലാണ് 6 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ചലനവും ഉണ്ടാവുന്നത്.

ഭൂചലനത്തിന്റെ ഭാഗമായി നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ടോംഗ മെറ്റീരിയോളജിക്കൽ സർവീസസിലെ ചീഫ് മെറ്റീരിയോളജിസ്റ്റ് ഗാരി വിറ്റിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഭൂചലനം ഏകദേശം 30 സെക്കൻഡ് നീണ്ടുനിന്നതായി നുകൂഅലോഫയിലെ ലിറ്റിൽ ഇറ്റലി ഹോട്ടലിലെ റിസപ്ഷനിസ്റ്റ് വെസിന സാംഗുസാംഗുവും വ്യക്തമാക്കി.
"സാധാരണയായി നമുക്ക് അനുഭവപ്പെടുന്ന ഭൂചലനങ്ങളേക്കാള്‍ ശക്തമായിരുന്നു അത്. കെട്ടിടം നല്ല പോലെ കുലുങ്ങി," വെസിന സാംഗുസാംഗുവിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) തുടക്കത്തിൽ ഫിജി ദ്വീപുകളുടെ തെക്കൻ മേഖലയ്ക്ക് സമീപമുള്ള ഭൂകമ്പത്തിന്റെ തീവ്രത 7 ആണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications