നരേന്ദ്ര മോദിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി: സന്തോഷപൂർവ്വം പങ്കെടുക്കുമെന്ന് മോദി
ഡല്‍ഹി: ജി7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. മാർക്ക് കാർണി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ജൂൺ 15-17 തീയതികളിൽ കനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെ നരേന്ദ്ര മോദി തന്നെയാണ് കാർണിയുടെ ക്ഷണത്തെക്കുറിച്ച് വ്യക്തമാക്കിയത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കനേഡിയന്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിക്കുന്നതിനൊപ്പം ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ താന്‍ സമ്മതം അറിയിച്ചതായും നരേന്ദ്ര മോദി എക്സില്‍ കുറിച്ചു.
'കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഫോൺ കോൾ ലഭിച്ചതിൽ സന്തോഷം. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലെ വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഈ മാസം അവസാനം ക്യാനനസ്കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്കു ക്ഷണിച്ചതിനു ഞാന്‍ നന്ദി പറഞ്ഞു. ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്താൽ കൂട്ടിയിണക്കപ്പെട്ട ഊർജസ്വലമായ ജനാധിപത്യരാഷ്ട്രങ്ങൾ എന്ന നിലയിൽ, പരസ്പരബഹുമാനത്താലും പൊതുവായ താൽപ്പര്യങ്ങളാലും നയിക്കപ്പെടുന്ന നവോന്മേഷത്തോടെ ഇന്ത്യയും കാനഡയും ഒരുമിച്ചുപ്രവർത്തിക്കും. ഉച്ചകോടിയിൽ നമ്മുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു' മോദി എക്സില്‍ കുറിച്ചു.

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മോശമായ സാഹചര്യത്തിലൂടെ കടന്ന് പോകുന്ന പശ്ചാത്തലത്തില്‍ കാനഡയുടെ ഭാഗത്ത് ക്ഷണം ഉണ്ടായേക്കില്ലെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ്ട് നരേന്ദ്ര മോദിയെ തേടി മാർക്ക് കാർണിയുടെ ഫോണ്‍ കോള്‍ എത്തിയത്.
കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും തമ്മിലുള്ള സമീപകാല ഫോൺ സംഭാഷണം ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ സൂചിപ്പിക്കുന്നു. അതേസമയം തന്നെ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾ മോദിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും കാനഡയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഈ ക്ഷണം, ഇരു രാജ്യങ്ങൾക്കും സാമ്പത്തിക, നയതന്ത്ര സഹകരണത്തിന് പുതിയ വഴികൾ തുറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു കെ, യു എസ് എന്നിവ ഉൾപ്പെടുന്ന ജി7 ഉച്ചകോടിയിൽ ഉക്രെയ്ൻ, ഓസ്‌ട്രേലിയ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ആഗോള സാമ്പത്തിക സ്ഥിരത, സമാധാനം, ഡിജിറ്റൽ പരിവർത്തനം എന്നിവയാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രധാന ചർച്ചാ വിഷയങ്ങൾ.
2023-ൽ ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യൻ ഏജന്റുമാരെ കുറ്റപ്പെടുത്തിയതിനെ തുടർന്നായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കാനഡ തെളിവുകള്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് വ്യക്തമാക്കിയ ഇന്ത്യയും ശക്തമായ മറുപടി നല്‍കി. ഇരു രാജ്യങ്ങളും പരസ്പരം നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.
ബാങ്ക് ഓഫ് കാനഡയുടെയും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും മുന്‍ ഗവര്‍ണറായ കാര്‍ണി മാർച്ചില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായ് തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ദശാബ്ദക്കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായാണ് കാര്‍ണി അധികാരത്തിലെത്തിയത്. നേരത്തെ ഏകദേശം 152,000 പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് 86 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം ലിബറല്‍ പാര്‍ട്ടി നേതാവായും കാർണിയെ തിരഞ്ഞെടുത്തിരുന്നു.
2008-ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ബാങ്ക് ഓഫ് കാനഡയുടെ ഗവർണറായും പിന്നീട് ബ്രെക്സിറ്റ് പരിവർത്തന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണറായും മാർക്ക് കാർണി സേവനമനുഷ്ഠിച്ചിരുന്നു. സെൻട്രൽ ബാങ്കറായി പ്രവർത്തിക്കുന്നതിന് മുമ്പ്, അദ്ദേഹം ഗോൾഡ്മാൻ സാക്‌സിലും ഒരു ദശകത്തിലേറെ പ്രവർത്തിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിട്ട ശേഷം, അദ്ദേഹം കോർപ്പറേറ്റ് ബോർഡുകളിലും മുതിർന്ന പദവികൾ ഏറ്റെടുത്തിരുന്നു.












Click it and Unblock the Notifications