പൈലറ്റായിരുന്ന ഭര്‍ത്താവ് മരിച്ചതും വിമാനം തകര്‍ന്ന്; സ്വപ്‌നം പൂവണിയാതെ അഞ്ജുവും പോയി
കാഠ്മണ്ഡു: നേപ്പാളില്‍ യെതി എയര്‍ലൈന്‍സ് എന്ന വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരിച്ച സഹ പൈലറ്റ് അഞ്ജു ഖതിവാഡയുടെ ഭര്‍ത്താവും മരിച്ചത് വിമാനാപകടത്തില്‍. അഞ്ജു ഖതിവാഡയുടെ ഭര്‍ത്താവ് ദീപക് പൊഖ്രാലും നേപ്പാളില്‍ യെതി എയര്‍ലൈന്‍സിന്റെ പൈലറ്റായിരുന്നു. 16 വര്‍ഷം മുന്‍പ് നടന്ന ഒരു വിമാനാപകടത്തിലാണ് ദീപക് പൊഖ്രാലും കൊല്ലപ്പെടുന്നത്.
2006 ജൂണ്‍ 21 ന് നേപ്പാള്‍ ഗന്‍ചില്‍ നിന്ന് സുര്‍ഖേത് വഴി ജുംലയിലേക്ക് പോവുകയായിരുന്ന യെതി എയര്‍ലൈന്‍സിന്റെ 9 എന്‍ എ ഇ ക്യു വിമാനം തകര്‍ന്നാണ് ദീപക് അടക്കം 10 പേര്‍ മരിച്ചത്. ദീപകിന്റെ മരണത്തിന് ശേഷം ലഭിച്ച ഇന്‍ഷുറന്‍സ് തുകയില്‍ നിന്നാണ് പൈലറ്റാകാന്‍ അഞ്ജു ഖതിവാഡയും പഠിച്ചത്. സഹ പൈലറ്റായിരുന്ന അഞ്ജു ഖതിവാഡയ്ക്ക് പൈലറ്റാകാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ദുരന്തം ജീവന്‍ കവര്‍ന്നത്.

സഹ പൈലറ്റായി 100 മണിക്കൂര്‍ വിമാനം പറത്തിയാലാണ് പൈലറ്റായി നിയമിക്കപ്പെടുക. ഇതിനായി വെറും 10 സെക്കന്റ് മാത്രം ബാക്കി നില്‍ക്കെയാണ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് കമാല്‍ കെസി ആയിരുന്നു. നേരത്തെ തന്നെ നേപ്പാളിലെ എല്ലാ വിമാനത്താവളങ്ങളിലും വിമാനം ലാന്‍ഡ് ചെയ്ത അനുഭവമുള്ളയാളായിരുന്നു അഞ്ജു ഖതിയാഡ.
അഞ്ജു ഖതിയാഡയുടെ മൃതദേഹാവിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും അവര്‍ മരിച്ചതായി യെതി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏത് ഡ്യൂട്ടിയും ഏറ്റെടുക്കാന്‍ തയ്യാറായ ജീവനക്കാരിയായിരുന്നു അഞ്ജു എന്ന് യെതി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന്‍ പറയുന്നു. ഭര്‍ത്താവായിരുന്നു ദീപകിന്റെ മരണശേഷം എയര്‍ലൈന്‍ ജോലിക്കായി പഠനം തുടര്‍ന്ന അഞ്ജു ഖതിയാഡ പതിയെ ജീവിതത്തിലേത്ത് തിരിച്ച് വരികയായിരുന്നു.
മറ്റൊരു വിവാഹം കഴിഞ്ഞ അഞ്ജു ഖതിയാഡയ്ക്ക് ദീപക്കുമായുള്ള വിവാഹത്തില്‍ 22 വയസുള്ള മകളും പുതിയ വിവാഹത്തില്‍ ഏഴ് വയസുള്ള മകനുമുണ്ട്. അതേസമയം വിമാനം തകരുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇന്ന് പുറത്ത് വന്നിട്ടുണ്ട്. 72 യാത്രക്കാരുമായി ലാന്‍ഡ് ചെയ്യാനിരുന്ന യെതി എയര്‍ലൈന്‍സ് കഴിഞ്ഞ ദിവസമാണ് നേപ്പാളില്‍ തകര്‍ന്ന് വീണത്. വിമാനത്തിലുള്ളവരാരും രക്ഷപ്പെട്ടിട്ടില്ല.
അതിനിടെ തെളിഞ്ഞ കാലാവസ്ഥയില്‍ വിമാനം തകരാന്‍ എന്താണ് കാരണം എന്നാണ് അധികൃതര്‍ അന്വേഷിക്കുന്നത്. വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറും കണ്ടെടുത്തിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും അപകടരമായ വിമാനത്താവളങ്ങളുള്ള രാജ്യമാണ് നേപ്പാള്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 പര്‍വതങ്ങളില്‍ എട്ടെണ്ണം സ്ഥിതി ചെയ്യുന്ന നേപ്പാളില്‍ 2000 മുതല്‍ വിമാനാപകടങ്ങളില്‍ 350 ഓളം പേര്‍ മരിച്ചിട്ടുണ്ട്.












Click it and Unblock the Notifications