ഐക്യരാഷ്ട്ര സഭാ മുന്നറിയിപ്പിന് പുല്ലുവില: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

  • Posted By:
Subscribe to Oneindia Malayalam

സിയോള്‍: ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. കിഴക്കന്‍ തീരദേശ നഗരമായ വൊന്‍സണില്‍ നിന്നാണ് മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ദക്ഷിണ കൊറിയന്‍ സൈന്യമാണ് വിവരം നല്‍കിയത്. 200 കിലോമീറ്റര്‍ സഞ്ചരിച്ച് യുദ്ധക്കപ്പലുകളടക്കം തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ആഴ്ചയാണ് ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതി മിസൈല്‍ പരീക്ഷണം നടത്തരുതെന്ന് ഉത്തരകൊറിയയ്ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയത്. ഉത്തരകൊറിയയ്ക്ക് മേല്‍ രക്ഷാസമിതി ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം നടന്നിട്ടുള്ളത്.

kimjongun-08-1

മെയ് 10 ന് ശേഷം ഉത്തരകൊറിയ നടത്തുന്ന നാലാമത്തെ മിസൈല്‍ പരീക്ഷണമാണ് വ്യാഴാഴ്ച നടന്നത്. നേരത്തെ വ്യോമാക്രമണ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോങ് ഉന്‍ പ്രഖ്യാപിച്ചിരുന്നു. കിംഗ് ജോങ് ഉന്നിനെ ഉദ്ധരിച്ച് ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎന്‍എയാണ് റിപ്പോർട്ട് ചെയ്തത്. ഉൻ നേരിട്ടെത്തി പരീക്ഷണം വിലയിരുത്തിയെന്നും വാര്‍ത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

വ്യോമാക്രമണ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചതോടെ കൂടുതൽ ഉൽപ്പാദിപ്പിച്ച് രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും സ്ഥാപിക്കാനും ഉൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഏത് തരത്തിലുള്ള ഉപകരണമാണ് ഉത്തരകൊറിയ വികസിപ്പിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഉത്തരകൊറിയയ്ക്ക് വേണ്ടി ആണവായുധങ്ങളും മിസൈലുകളും നിർമിക്കുന്ന അക്കാദമി ഓഫ് നാഷണൽ ഡിഫൻസ് സയൻസാണ് വ്യോമാക്രമണ പ്രതിരോധ സംവിധാനവും വികസിപ്പിച്ചെടുത്തിട്ടുള്ളത്. രാജ്യത്തെ ലക്ഷ്യം വച്ച് ഏത് ഭാഗത്തുനിന്നുള്ള വ്യോമാക്രമണങ്ങളെയും നിർവീര്യമാക്കാന്‍ ഉതകുന്നതാണ് പ്രതിരോധസംവിധാനമെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം.

English summary
North Korea fires 'land-to-ship missiles' in latest tests
Please Wait while comments are loading...